Connect with us

Kerala

LIVE: ശമനമില്ലാതെ പെരുംപ്രളയം; യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാദൗത്യം

Published

|

Last Updated

നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ദുരന്തം വിതച്ച പെരുംപ്രളയത്തില്‍ വിറങ്ങലിച്ച് കേരളം. നാടും നഗരവും റോഡും തോടും കവര്‍ന്നെടുത്ത് പ്രളയം സംഹാര താണ്ഡവമാടിയപ്പോള്‍ കഴിഞ്ഞ രണ്ടു ദിവസം മാത്രം മരിച്ചവരുടെ എണ്ണം 92 ആയി. 10ലധികം പേരെ കാണാതായിട്ടുണ്ട്. ചെറിയ ഇടവേളക്ക് ശേഷം രണ്ടുദിവസമായി തുടരുന്ന കനത്ത പേമാരിയിലും ഉരുള്‍പൊട്ടലിലുമാണ് അമ്പതിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായത്. മഴയില്‍ നിറഞ്ഞുകവിഞ്ഞ സംസ്ഥാനത്തെ മുഴുവന്‍ ഡാമുകളും തുറന്നുവിട്ടതോടെയാണ് കേരളം കഴിഞ്ഞ 95 വര്‍ഷത്തിനിടെ കണ്ട ഏറ്റവും വലിയ ദുരന്തത്തിന് സാക്ഷിയായത്.

പലയിടങ്ങളിലും കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷപ്പെടുത്താന്‍ വിവിധ സേനകള്‍ക്കൊപ്പം സാധാരണക്കാരും കൈമെയ് മറന്ന് പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തെങ്ങും. പലയിടങ്ങളിലും വീടുകളുടെ ടെറസിലും, പള്ളികളിലും മറ്റും നൂറുകണക്കിന് പേര്‍ കുടുങ്ങിക്കിടക്കുകയാണ്. പെരിയാര്‍, പമ്പ, ചാലക്കുടി പുഴ, ഭാരതപ്പുഴ എന്നിവ കവിഞ്ഞൊഴുകി. ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ സ്ഥിതി അതീവ ഗുരുതരമാണ്. ഇന്ന് കൂടുതല്‍ ഹെലിക്കോപ്റ്ററുകളും ബോട്ടുകളും ഉപയോഗിച്ചുള്ള സമഗ്രമായ രക്ഷാപ്രവര്‍ത്തനമാണ് നടന്നുവരുന്നത്.

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി വീണ്ടും സംസാരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വീണ്ടും സംസാരിച്ചു. പ്രളയക്കെടുതികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹം അന്വേഷിച്ചു. പല സ്ഥലങ്ങളിലും മഴ ശക്തിയായി തുടരുകയാണെന്നും അതുകൊണ്ട് ഗുരുതരമായ സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നതെന്നും ചൂണ്ടിക്കാട്ടി.

ഒമ്പത് ടണ്‍ ദുരിതാശ്വാസ സാമഗ്രികളുമായി എയര്‍ഫോഴ്‌സിന്റെ സി130 ജെ പ്രത്യേക വിമാനം
ഭോപാലില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ടു.

പല സഹായ അഭ്യര്‍ത്ഥനകളും ആവര്‍ത്തനം;
പുതുതായി സഹായ അഭ്യര്‍ത്ഥന നടത്തുന്നവര്‍ തീയതിയും സമയവും കൂടി ഉള്‍പ്പെടുത്തുക

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും റെസ്‌ക്യൂ വാട്‌സ് ആപ്പ് നമ്പറുകളിലേക്കും വരുന്ന പല സഹായ അഭ്യര്‍ത്ഥനകളും ആവര്‍ത്തനങ്ങളാണെന്നും പുതുതായി സഹായ അഭ്യര്‍ത്ഥന നടത്തുന്നവര്‍ തിയതിയും സമയവും കൂടി ഉള്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൃത്യമായ സ്ഥലവും ലാന്‍ഡ്മാര്‍ക്കും ജില്ലയും കുടുങ്ങികിടക്കുന്നവരുടെ കൃത്യമായ എണ്ണവും അവരെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും ഉണ്ടെങ്കില്‍ അതും ഉള്‍പ്പെടുത്തണം. രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുവാന്‍ അത് സഹായകരമാകും.

Latest