പെരുംപ്രളയം

Posted on: August 17, 2018 9:29 am | Last updated: August 17, 2018 at 1:09 pm
SHARE

തിരുവനന്തപുരം: നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ദുരന്തം വിതച്ച പെരുംപ്രളയത്തില്‍ വിറങ്ങലിച്ച് കേരളം. നാടും നഗരവും റോഡും തോടും കവര്‍ന്നെടുത്ത് പ്രളയം സംഹാര താണ്ഡവമാടിയപ്പോള്‍ കഴിഞ്ഞ രണ്ടു ദിവസം മാത്രം മരിച്ചവരുടെ എണ്ണം 92 ആയി. 10ലധികം പേരെ കാണാതായിട്ടുണ്ട്. ചെറിയ ഇടവേളക്ക് ശേഷം രണ്ടുദിവസമായി തുടരുന്ന കനത്ത പേമാരിയിലും ഉരുള്‍പൊട്ടലിലുമാണ് അമ്പതിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായത്. മഴയില്‍ നിറഞ്ഞുകവിഞ്ഞ സംസ്ഥാനത്തെ മുഴുവന്‍ ഡാമുകളും തുറന്നുവിട്ടതോടെയാണ് കേരളം കഴിഞ്ഞ 95 വര്‍ഷത്തിനിടെ കണ്ട ഏറ്റവും വലിയ ദുരന്തത്തിന് സാക്ഷിയായത്.

പലയിടങ്ങളിലും കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷപ്പെടുത്താന്‍ വിവിധ സേനകള്‍ക്കൊപ്പം സാധാരണക്കാരും കൈമെയ് മറന്ന് പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തെ ങ്ങും. പലയിടങ്ങളിലും വീടുകളുടെ ടെറസിലും, പള്ളികളിലും മറ്റും നൂറുകണക്കിന് പേര്‍ കുടുങ്ങിക്കിടക്കുകയാണ്. പെരിയാര്‍, പമ്പ, ചാലക്കുടി പുഴ, ഭാരതപ്പുഴ എന്നിവ കവിഞ്ഞൊഴുകി. ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ സ്ഥിതി അതീവ ഗുരുതരമാണ്.
മീനച്ചിലാര്‍, പമ്പയാര്‍ എന്നിവ കരകവിഞ്ഞൊഴുകി കോട്ടയത്തെ പാലായും പത്തനംതിട്ടയും, പെരിയാര്‍ നിറഞ്ഞ് എറണാകുളം ജില്ലയിലെ ആലുവ, കാലടി, തൃശൂരിലെ ചാലക്കുടിയും വെള്ളത്തിനടിയിലായിരിക്കുകയാണ്. പത്തനംതിട്ടയിലെ റാന്നി, കോഴിപ്പാലം, കോലഞ്ചേരി, ആറന്‍മുള, കോന്നി, അടൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും, എറണാകുളത്തെ ആലുവ, അങ്കമാലി, കളമശ്ശേരി, കാലടി, മലയാറ്റൂര്‍, കാഞ്ഞൂര്‍, തൃശൂരിലെ ചാലക്കുടി തുടങ്ങിയ പ്രദേശങ്ങളും രണ്ട്‌നില വീടുകള്‍ പൂര്‍ണമായും മുങ്ങുന്ന രീതിയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മാളയിലെ അന്നമനട, കുഴൂര്‍ പഞ്ചായത്തുകള്‍ ഒറ്റപ്പെട്ടു. വെറ്റിലപ്പാറ, എരുമപ്പെട്ടി എന്നിവിടങ്ങലിലും ഉരുള്‍പ്പൊട്ടലുണ്ടായിട്ടുണ്ട്.

തൃശൂര്‍, ഇടുക്കി, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്നലെയുണ്ടായ ഉരുള്‍പ്പെട്ടലിലും മണ്ണിടിച്ചിലിലുമാണ് 40 ലേറെ പേര്‍ക്ക് ജീവഹാനി സംഭവിച്ചത്. തൃശൂരിലെ മുളങ്കുന്നത്തുകാവിനടുത്ത് കുറാഞ്ചേരിയില്‍ മാത്രം 14 പേരെയാണ് ഉരുള്‍പൊട്ടലിന്റെ രൂപത്തില്‍ മരണം തട്ടിയെടുത്തത്. അപകടത്തില്‍പ്പെട്ട മൂന്ന്‌പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. കണ്ടെടുത്ത 14 മൃതദേഹങ്ങളില്‍ മൂന്ന് പേരെ മാത്രമാണ് തിരിച്ചറിഞ്ഞത്. ഏഴ്‌പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതില്‍ രണ്ട്‌പേര്‍ ഉരുള്‍പൊട്ടലില്‍ പെട്ടതായി സന്ദേശമയച്ചിരുന്നെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല. എന്നാല്‍ കണ്ടെത്തിയ മൃതദേഹങ്ങളില്‍ ഇരുവരും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മണ്ണിടിച്ചിലില്‍പെട്ട് ഒലിച്ചുപോയ നാല് വീടുകളിലുള്ളവരെയാണ് കാണാതായത്. രണ്ട് വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായി. പത്ത് മണ്ണുമാന്ത്രി യന്ത്രങ്ങള്‍ ശ്രമിച്ചിട്ടും പൂര്‍ണമായി മണ്ണ് നീക്കാനായിട്ടില്ല. വീടിന്റെ മേല്‍ക്കൂര മാത്രമാണ് പുറത്തു കാണുന്നത്. ഇതിനുപുറമെ തൃശൂരില്‍ അതിരപ്പിള്ളിക്കടുത്ത് വെട്ടികുഴിയില്‍ ഉരുള്‍പൊട്ടി സ്ത്രീയും പൂമലയില്‍ രണ്ടുപേരും മരിച്ചിരുന്നു. വെട്ടുകുഴിയില്‍ പണ്ടാറന്‍പാറ രവീന്ദ്രന്റെ ഭാര്യ ലീല (62), പൂമല മൂര്‍ക്കനാട്ടില്‍ അജി (28), ഷിജോ (31) എന്നിവരാണു മരിച്ചത്. കുറ്റൂരില്‍ റെയില്‍വേ ഗേറ്റിന് സമീപം വീടിന്റെ മതില്‍ ഇടിഞ്ഞു വീണ് ഒരാള്‍ മരിച്ചു.

കോഴിക്കോട് കൂടരഞ്ഞിയിലും ഊര്‍ക്കടവിലും രണ്ട്‌പേര്‍ വീതവും മലപ്പുറം ഒടക്കയം ഏഴ് പേരും പാലക്കാട് നെന്മാറയില്‍ എട്ടുപേരും ഇടുക്കി ദേവികുളത്ത് നാല് പേരുമാണ് മരിച്ചത്. കണ്ണൂര്‍ അമ്പായത്തോട്, മണ്ണാര്‍ക്കാട് കരടിയോട്, പാലക്കാട് മൈലാടുപാടം, പെരിങ്ങോട്ടുകുര്‍ശ്ശി, മംഗലശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലും ഉരുള്‍പൊട്ടലുണ്ടായി. ആലുവയിലെ മുട്ടം യാര്‍ഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കൊച്ചി മെട്രോ സര്‍വീസ് നിര്‍ത്തി. ആലുവക്കും ചാലക്കുടിക്കുമിടയില്‍ ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് വൈകുന്നേരം വരെയുള്ള മുഴുവന്‍ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. നേരത്തെ നാല് ദിവസത്തേക്ക് അടച്ചിട്ട നെടുമ്പാശ്ശേരി വിമാനത്താവളം വീണ്ടും പത്ത്ദിവസത്തേക്ക് കൂടി അടച്ചിടാന്‍ തീരുമാനിച്ചു. ആഗസ്ത് 26 നാണ് വിമാനത്താവളം തുറക്കുക. ആറ്‌ലക്ഷം സ്‌ക്വയര്‍ ഫീറ്റ് വരുന്ന വിമാനത്താവളത്തിലെ സോളാര്‍ സംവിധാനം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്.
പാലക്കാട്-തൃശൂര്‍ ദേശീയപാതയില്‍ കുതിരാനില്‍ മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും നിലച്ചു. പാലക്കാട്ടേക്ക് ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍ വഴിയും പോകാനാകില്ല. തൃശൂര്‍-ഷൊര്‍ണൂര്‍ റോഡില്‍ തൃശൂര്‍ നഗരത്തിനടത്ത് വിയ്യൂരില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗതം ഭാഗികമായി നിലച്ചു. തൃശൂര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയില്‍നിന്നുള്ള മുഴുവന്‍ ബസ് സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവച്ചു. ഇവിടെനിന്നുള്ള എല്ലാ റൂട്ടിലും ഗതാഗതം താറുമാറായിട്ടുണ്ട്.

അതേസമയം, ദുരന്തബാധിതര്‍ക്ക് താമസിക്കാനും ഭക്ഷണമെത്തിക്കാനും ആവശ്യമായ വാഹന സൗകര്യങ്ങള്‍ ഒരുക്കി നല്‍കാനുമായെത്തുന്നത് നിരവധി പേരാണ്. സമൂഹ മാധ്യമങ്ങളിലൂടെയാണ് സഹായ വാഗ്ദാനങ്ങളേറെയും. പ്രമുഖ ട്രോള്‍ ഗ്രൂപ്പുകളും സഹായമെത്തിക്കണമെന്ന അഭ്യര്‍ഥിച്ചും ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ ഷെയര്‍ ചെയ്തും മാതൃകയാകുന്നുണ്ട്. സൈന്യവും സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ സേവകരും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതിനൊപ്പം വസ്ത്രങ്ങളും ഭക്ഷണങ്ങളും മറ്റുമായി വ്യക്തിപരമായും സാംസ്‌കാരിക, സന്നദ്ധ സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും സഹായമെത്തിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here