മുഴുവന്‍ ആളുകളേയും നാളെ പകല്‍ കൊണ്ട് രക്ഷപ്പെടുത്താന്‍ കഴിയുമെന്ന് പ്രതീക്ഷ: മുഖ്യമന്ത്രി

> എറണാകുളം മേഖലയില്‍ നിന്ന് ഇന്ന് 2500 പേരേയും പത്തനംതിട്ടയില്‍ നിന്ന് 550 പേരെ രക്ഷപ്പെടുത്തി > 23 ഹെലികോപ്റ്ററുകള്‍ നാളെ പ്രവര്‍ത്തന സജ്ജമാകും > 200ല്‍ ഏറെ ബോട്ടുകള്‍ നാളെ പുതുതായി രക്ഷാപ്രവര്‍ത്തനത്തിനുണ്ടാകും
Posted on: August 16, 2018 10:08 pm | Last updated: August 17, 2018 at 9:46 am
SHARE

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ ആളുകളേയും നാളെ പകല്‍ കൊണ്ട് രക്ഷപ്പെടുത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 23 ഹെലികോപ്റ്ററുകള്‍ നാളെ പ്രവര്‍ത്തന സജ്ജമാകും. പത്തനം തിട്ടയിലും ഏറണാകുളത്തും ആലപ്പുഴയിലും തൃശൂരും മൂന്ന് ഹെലികോപ്റ്ററുകള്‍ വീതം കാലത്ത് തന്നെ ജില്ലാ ആസ്ഥാനത്ത് എത്തും. അവിടെ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശമനുസരിച്ച് രക്ഷാപ്രവര്‍ത്തനം നടത്തും. പിന്നീട് ഹെലികോപ്റ്ററുകള്‍ ഉയര്‍ന്നുവരുന്ന ആവശ്യത്തിന് ഉപയോഗിക്കും. ഇപ്പോള്‍ 250 ഓളം ബോട്ടുകള്‍ രക്ഷാപവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. സേനയുടേയും മത്സ്യത്തൊഴിലാളികളേയും ബോട്ടുകളാണിവ. തമിഴ്‌നാട്ടിലെ ഫയര്‍ഫോഴ്‌സിന്റെ ബോട്ടുകളും സ്വകാര്യ ബോട്ടുകളും ഉപയോഗിക്കും. ഇന്ന് രാത്രി തന്നെ ഈ ബോട്ടുകള്‍ എത്തിച്ചേരും. 200ല്‍ ഏറെ ബോട്ടുകള്‍ നാളെ പുതുതായി രക്ഷാപ്രവര്‍ത്തനത്തിനുണ്ടാകും. സാധാരണ ബോട്ടുകള്‍ എത്താന്‍ പ്രയാസം നേരിടുന്ന സ്ഥലങ്ങളില്‍ ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കും. ചാലക്കുടി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ബോട്ടുകള്‍ ഉപയോഗിക്കും.

എറണാകുളം മേഖലയില്‍ നിന്ന് ഇന്ന് 2500 പേരേയും പത്തനംതിട്ടയില്‍ നിന്ന് 550 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകടെ ഏകോപിത പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. നിരവധി പേര്‍ ഒറ്റപ്പെട്ട് കഴിയുന്നുണ്ട്. അവരെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനം നടന്നുവരുന്നു. അവര്‍ക്കാവശ്യമുള്ള ഭക്ഷണവും കുടിവള്ളവും എത്തിക്കേണ്ടതായിട്ടുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണം. നാട്ടിലുള്ള എല്ലാ ആളുടേയും സഹകരണം തേടാം. വയനാട് തോട്ടം തൊഴിലാളികളും ആദിവാസികളുടേയും സ്ഥിതി ഗുരുതരമാണ്. അതിനാല്‍ ഇവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആളുകളെ താമസിപ്പിക്കാനുള്ള വലിയ കെട്ടിടങ്ങള്‍ കലക്ടര്‍മാര്‍ കണ്ടെത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

രക്ഷാപ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ പോലീസും ഫയര്‍ഫോഴ്‌സും നിര്‍ണായകമായ പങ്ക് വഹിക്കുന്നുണ്ട്. വെള്ളപ്പൊക്കം കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി പ്രവര്‍ത്തനം ഏകോപിപ്പിക്കും. മഴ നാളെയും തുടരുമെന്ന് തന്നെയാണ് കാലാവസ്ഥാ മുന്നറിയിപ്പ്. കൂടുതല്‍ ജാഗ്രത ആവശ്യമാണ്. പലതരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. അവര്‍ പിന്തിരിയണം എന്നാണ് അഭ്യര്‍ഥിക്കാനുള്ളത്. ആളുകള്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here