മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയ് അന്തരിച്ചു

Posted on: August 16, 2018 6:40 pm | Last updated: August 17, 2018 at 9:33 am
SHARE

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്‌പേയ് (93) അന്തരിച്ചു. ഡല്‍ഹി എയിംസില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു അന്ത്യം. ഏറെ കാലമായി ആരോഗ്യസ്ഥിതി മോശമായിരുന്ന വാജ്‌പേയിയെ തിങ്കളാഴ്ചയാണ് എയിംസില്‍ പ്രവേശിപ്പിച്ചത്. മൂന്ന് തവണ ഇന്ത്യന്‍ പ്രധാനമന്ത്രിയായിട്ടുണ്ട്. 1996ല്‍ 13 ദിവസവും 1998ല്‍ 13 മാസവും പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം 1999-2004 കാലത്താണ് പ്രധാനമന്ത്രി കസേരയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയത്. 2015ന് പരമോന്നത ബഹുമതിയായ ഭാരതരത്‌ന നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചു.

മദ്ധ്യപ്രദേശിന്റെ ഭാഗമായ, രാജപ്രവിശ്യയായിരുന്ന ഗ്വാളിയോറിലെ സാധാരണ ബ്രാഹ്മണ കുടുംബത്തില്‍ കൃഷ്ണ ദേവിയുടെയും കൃഷ്ണ ബിഹാരി വാജ്‌പേയിയുടെയും മകനായി 1924ല്‍ ഡിസംബര്‍ 25ന് ആയിരുന്നു വാജ്‌പേയിയുടെ ജനനം. ഗോര്‍ഖിയിലെ സരസ്വതി ശിശുമന്ദിറില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് വിക്ടോറിയ കോളജില്‍ (ഇന്നത്തെ ലക്ഷ്മി ബായ് കോളജ്) നിന്ന് ഹിന്ദി സാഹിത്യത്തില്‍ ഡിസ്റ്റിംഗ്ഷനോട് ബിരുദം നേടി. കാണ്‍പൂര്‍ ഡി.എ.വി കോളജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദവും നേടി.

വിദ്യാഭ്യാസത്തിന് ശേഷം പത്രപ്രവര്‍ത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച വാജ്‌പേയി 1951ല്‍ അത് ഉപേക്ഷിച്ച് ബി.ജെ.പിയുടെ ആദ്യകാല രൂപമായ ഭാരതീയ ജനസംഘത്തില്‍ ചേര്‍ന്നു. പിന്നീട് പടിപടിയായി ബി.ജെ.പിയുടെ ഏറ്റവും മികച്ച നേതാക്കളില്‍ ഒരാളായി മാറി.

1957ലെ രണ്ടാം ലോകസഭ മുതല്‍ ഒമ്പത് തവണ വാജ്‌പേയി ലോക്‌സഭയിലെത്തി. രണ്ട് തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ഈ നേട്ടം അദ്ദേഹത്തിന് മാത്രം അവകാശപ്പെട്ടതാണ്. 1967, 71, 77, 80, 91, 96, 98, 99 വര്‍ഷങ്ങളിലാണ് വാജ്‌പേയി ലോക്‌സഭയിലെത്തിയത്. 1962ലും 86ലും രാജ്യസഭാംഗമായി. 1977ല്‍ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ രണ്ട് വര്‍ഷം വിദേശകാര്യ മന്ത്രിയായിരുന്നു. പ്രധാനമന്ത്രിയായിരുന്നപ്പോഴും വിദേശകാര്യ മന്ത്രിയായിരുന്നപ്പോഴും അയല്‍രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ വാജ്‌പേയ് വഹിച്ച പങ്ക് ശ്രദ്ദേയാണ്. വിദേശകാര്യമന്ത്രിയായിരിക്കേ 1979ല്‍ ചൈന, പാക്കിസ്ഥാന്‍ എന്നിവടങ്ങളില്‍ നടത്തിയ സന്ദര്‍ശനം ചരിത്രത്തില്‍ ഇടം നേടിയിരുന്നു. 1998ല്‍ വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കുന്ന കാലത്താണ് ഡല്‍ഹി- ലാഹോര്‍ ബസ് സര്‍വീസ് ആരംഭിച്ചത്.

വാജ്‌പേയി പ്രധാനമന്ത്രി ആയിരിക്കെ 1998 മേയിലാണ് പൊഖ്‌റാനില്‍ ഇന്ത്യ രണ്ടാം ആണവ പരീക്ഷണം നടത്തിയത്.
പ്രഭാഷകനായും കവിയായും പേരെടുത്ത വാജ്‌പേയി 2005 ഡിസംബറില്‍ മുംബയില്‍ നടന്ന റാലിയിലാണ് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. 2009 മുതല്‍ അല്‍ഷിമേഴ്‌സിനെതുടര്‍ന്ന് ഡല്‍ഹി കൃഷ്ണന്‍മാര്‍ഗിലെ 6 എയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇരുപത്തിയൊന്ന് കവിതകള്‍ (2003), ക്യാ ഖോയാ ക്യാ പായാ (1999),മേരി ഇക്യാവനാ കവിതായേം (1995),യുെ; ശ്രേഷ്ഠ കവിത (1997) എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയ കൃതികളാണ്.

പദ്മ വിഭൂഷണ്‍ (1992), ഏറ്റവും മികച്ച പാര്‍ലമെന്റേറിയന്‍ (1994), ലോക മാന്യ തിലക് പുരസകാരം (1994), കാണ്‍പൂര്‍ സര്‍വകലാശാലയുടെ ഡോക്ടറേറ്റ് (1993) തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here