ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: വിഎസ്

Posted on: August 16, 2018 4:12 pm | Last updated: August 16, 2018 at 4:18 pm
SHARE

തിരുവനന്തപുരം: കേരളം നേരിടുന്ന അസാധാരണമായ പ്രളയദുരന്തത്തെ കേന്ദ്ര സര്‍ക്കാര്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഭരണപരിക്ഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. പ്രളയ ദുരന്തത്തിന്റെ ഭാഗമായി ആയിരങ്ങള്‍ മരിക്കുകയോ അനാഥരാക്കപ്പെടുകയോ ചെയ്യാവുന്ന സ്ഥിതിവിശേഷമാണുള്ളത്. പ്രളയജലം പിന്‍വാങ്ങിയാലും ദുരന്തത്തിന്റെ ഫലമായി ജലജന്യ രോഗങ്ങളടക്കമുള്ള പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെ ദുരന്തത്തിന്റെ ബാക്കിപത്രങ്ങള്‍ നീണ്ടനാള്‍ കേരളത്തെ ദുരിതത്തിലാക്കുമെന്ന് ഉറപ്പാണ്.

ഭരണ പ്രതിപക്ഷ ഭേദമെന്യെ, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും യോജിച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത് എന്നത് അഭിനന്ദനാര്‍ഹമാണ്. സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ പരമാവധി ഏകോപിപ്പിക്കുന്നുണ്ട്. എന്നാല്‍, ഇത് കേരളംപോലുള്ള ചെറിയ സംസ്ഥാനത്തിന് ഒറ്റക്ക് കൈകാര്യം ചെയ്യാനാവുന്നതല്ല.

മിലിറ്ററി എന്‍ജിനിയറിംഗ് വിഭാഗമുള്‍പ്പെടെ കര, നാവിക, വ്യോമ സേനാ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടപ്പാക്കാന്‍ ഈ പ്രളയ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര ദുരന്തനിവാരണ സെല്ലിന്റെ നേരിട്ടുള്ള നേതൃപരമായ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതുണ്ട്. ഈ അടിയന്തര ആവശ്യമുന്നയിച്ച് കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി അണിനിരക്കണം.

അവരവരുടെ കേന്ദ്ര നേതൃത്വങ്ങളെക്കൂടി ഇക്കാര്യത്തിനായി സജീവമായി സക്രിയമാക്കാന്‍ ഓരോ സംഘടനയും പ്രത്യേകം താത്പര്യമെടുക്കണം. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് താന്‍ മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ഈ ദിശയില്‍ കാര്യങ്ങള്‍ പുരോഗമിക്കുമെന്നാണ് താന്‍ ആശിക്കുന്നതെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here