ജലനിരപ്പ് ഉയരാന്‍ സാധ്യതയെന്ന് മുഖ്യമന്ത്രി; കൂടുതല്‍ സൈന്യമെത്തും

Posted on: August 16, 2018 12:39 pm | Last updated: August 16, 2018 at 6:54 pm
SHARE

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ഡാമുകളും നിറഞ്ഞൊഴുകുകയാണെന്നും അതീവ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയക്കെടുതി നേരിടാന്‍ മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുകള്‍ പാലിക്കുന്ന കാര്യം ജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പെരിയാറിലും ചാലക്കുടി പുഴയിലും വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. ചാലക്കുടി പുഴയുടെ ഇരു കരകളിലും ഉള്ളവര്‍ (ഒരു കിലോ മീറ്റര്‍ അകലത്തുള്ളവര്‍) മാറിത്താമസിക്കണം. പെരിയാറില്‍ ഒരു മീറ്ററോളം വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. ആലുവയില്‍ ഉള്ളവരും മാറണം. ഇക്കാര്യം ജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
കോട്ടയം, ആലപ്പുഴ ജില്ലകളില്‍ വെള്ളം ഉയരാനും നാശങ്ങള്‍ക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും രക്ഷാപ്രവര്‍ത്തനത്തിന് സഹകരിക്കണം. മോട്ടോര്‍ ഘടിപ്പിച്ച ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് വിട്ടുനല്‍കണം.

എന്‍ഡിആര്‍എഫിന്റെ 40 ടീമുകളെ കൂടി അനുവദിക്കും. 200 ലൈഫ് ബോയ്‌സും 250 ലൈഫ് ഗാറ്റെക്‌സും പെട്ടെന്ന് തന്നെ ആവശ്യമാണ്. ആര്‍മിയുടെ സ്‌പെഷ്യല്‍ ഫോഴ്‌സസിനെ വിന്യസിക്കണം. എയര്‍ഫോഴ്‌സ് പത്ത് ഹെലികോപ്റ്റര്‍ നല്‍കിയിട്ടുണ്ട്. പത്തെണ്ണം ഇനിയും നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. നേവിയുടെ നാല് ഹെലികോപ്റ്റര്‍ കൂടി അനുവദിക്കും. നേവിയുടെ മറൈന്‍ കമാന്‍ഡോസ് എത്തിച്ചേരും. കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് കപ്പലുകള്‍ കൊച്ചിയിലേക്ക് നീങ്ങിയിട്ടുണ്ട്. ആര്‍മിയുടേയും കോസ്റ്റ് ഗാര്‍ഡിന്റേയും ഉള്‍പ്പെടെ 52 ടീമുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി പ്രവര്‍ത്തിച്ചുവരികയാണ്.

മുല്ലപ്പെരിയാര്‍ ജലനിരപ്പ് നിയന്ത്രിക്കാന്‍ പ്രത്യേക കമ്മിറ്റി നിലവില്‍ വന്നു. പി എസ് സി അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം നല്‍കും. മൊബൈല്‍
സേവനങ്ങള്‍ നിലയ്ക്കാതിരിക്കാന്‍ കമ്പനികളുടെ യോഗം വിളിക്കും.

ഫുഡ് പാക്കറ്റ് കുടിവെള്ളം എന്നിവ വിതരണം ചെയ്യും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവധി ദിവസങ്ങളില്‍ പ്രവര്‍ത്തിച്ചാല്‍ ഡ്യൂട്ടിയായി കണക്കാക്കും. ഭയപ്പാട് ആവശ്യമില്ല. വലിയൊരു ദുരന്തമാണ് നേരിടേണ്ട് വരുന്നത്. ജാഗ്രതയുടെയുള്ള മുന്‍കരുതല്‍ അത്യാവശ്യമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

 

LEAVE A REPLY

Please enter your comment!
Please enter your name here