Connect with us

Ongoing News

LIVE: സര്‍വത്ര പ്രളയം; ഇന്ന് മാത്രം 22 മരണം; എല്ലാ ജില്ലകളിലും റെഡ് അലർട്ട്

Published

|

Last Updated

സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന പെരുംമഴക്ക് ഇന്നും ശമനമില്ല. സംസ്ഥാനത്തുടനീളം കനത്ത പേമാരിയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തുടരുകയാണ്. മഴക്കെടുതികളില്‍ ഇന്ന് മാത്രം 22 പേര്‍ മരിച്ചു. ഏഴ് പേരെ കാണാതായി. ഇതോടെ ഇത്തവണത്തെ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 54 ആയി. 14 ജില്ലകളിലു‌ം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ 33 ഡാമുകള്‍ തുറന്നുവിട്ടു.

മലപ്പുറം കൊണ്ടോട്ടിക്കടുത്ത ഐക്കരപ്പടി യിൽ മണ്ണിടിഞ്ഞ് വീണ് വീട് തകര്‍ന്ന് ദമ്പതികളും മകനും മരിച്ചു.കണ്ണനാരി വീട്ടിൽ സുനീറയും  ഭർത്താവ് അസീസും മകൻ ആറുവയസുകാരൻ ഉബൈദുമാണ് മരിച്ചത്. രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി.

മൂന്നാറില്‍ ലോഡ്ജ് തകര്‍ന്ന് ഒരാള്‍ മരിച്ചു. ആലപ്പുഴയില്‍ മിന്‍പിടുത്ത ബോട്ട് മുങ്ങി മൂന്ന് പേരെ കാണാതായിട്ടുണ്ട്.

മഴക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിനു മിലിറ്ററി എൻജിനീയറിങ് ടാസ്ക് ഫോഴ്സ് അംഗങ്ങൾ കേരളത്തിലെത്തും.

കേരളത്തിലെ സ്ഥിതി വിശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ സംസാരിച്ചു. ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്നു പ്രധാനമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.

മലപ്പുറം പെരിങ്ങാവില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് എട്ട് പേര്‍ മരിച്ചു

കൊണ്ടോട്ടി: പെരിങ്ങാവില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് എട്ട് പേര്‍ മരിച്ചു. ഒരു കുടുംബത്തിലെ എട്ടു പേരാണ് മരിച്ചത്. മൂസ, മുഹമ്മദലി, ഖൈറുന്നിസ, മുശ്ഫിഖ്, സഫ്വാന്‍, ബശീര്‍, ഇര്‍ഫാന്‍ അലി എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ഇരുനില വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ദുരന്ത നിവാരണ സേനയും അഗ്നി ശമന സേനയും സ്ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ശബരിമലയില്‍ പ്രവേശനം നിരോധിച്ചു

പത്തനംതിട്ട: മഴക്കെടുതി നേരിടുന്ന ശബരിമലയിലും പമ്പയിലും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അയ്യപ്പഭക്തര്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡിന്റെ കര്‍ശന നിര്‍ദ്ദേശം. പന്പയിലെയും ത്രിവേണിയിലെയും പാലങ്ങള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ശബരിമലയുടെ പരിസരങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

വി.എം. സുധീരന്റെ വീടും വെള്ളത്തിലായി

തിരുവനന്തപുരം: മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്റെ ഗൗരീശപട്ടത്തെ വീടും വെള്ളത്തിലായി. വീടിനുള്ളില്‍ അകപ്പെട്ട സുധീരനെയും കുടുംബത്തെയും അഗ്‌നിശമനസേനയെത്തിയാണ് രക്ഷപ്പെടുത്തിയത്. ഗൗരീശപട്ടത്തുണ്ടായ വെള്ളപ്പൊക്കത്തല്‍ 18 കുടുംബങ്ങള്‍ ഒറ്റപ്പെട്ടിരുന്നു.

മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു

തിരുവനന്തപുരം: സംസ്ഥാനം പ്രളയത്തില്‍ മുങ്ങിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ സജീവമായി പങ്കെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഓണപ്പരീക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് എങ്ങും കനത്ത മഴയും പ്രളയവും തുടരുന്ന സാഹചര്യത്തില്‍ ഇത്തവണത്തെ ഓണപ്പരീക്ഷ മാറ്റിവെച്ചു. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ ഒന്നാം പാദ വാര്‍ഷിക പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഒന്‍പത് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോഴിക്കോട്: മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ വ്യാഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. കോഴിക്കോട്, ആലപ്പുഴ, തൃശൂര്‍, പത്തനംതിട്ട, കോട്ടയം, വയനാട്, മലപ്പുറം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴം, വെള്ളി ദിവസങ്ങളില്‍ അവധിയായിരിക്കും.

കണ്ണൂര്‍, കാലിക്കറ്റ്, കേരള സര്‍വ്വകലാശാലകള്‍ വ്യാഴാഴ്ച്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയ്യതി പിന്നീടറിയിക്കും.

Latest