റണ്‍വേ വെള്ളത്തില്‍ മുങ്ങി; നെടുമ്പാശ്ശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചു

Posted on: August 15, 2018 11:48 am | Last updated: August 16, 2018 at 11:01 am

കൊച്ചി: റണ്‍വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചു. ശനിയാഴ്ച മാത്രമേ ഇനി സര്‍വീസുകള്‍ പുനരാരംഭിക്കുകയുള്ളൂ. ഓപ്പറേഷന്‍സ് ഏരിയ, പാര്‍ക്കിംഗ് വേ, റണ്‍വേ എന്നിവിടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്.

ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കൂര്‍ നേരത്തേക്കാണ് വിമാനത്താവളം ആദ്യം അടച്ചത്. പിന്നീട്ട് വെള്ളം കൂടുതല്‍ കയറാന്‍ തുടങ്ങിയതോടെ വിമാത്താവളം താത്കാലികമായി അടക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ നെടുമ്പാശ്ശേരിയില്‍ നിന്നുള്ള സര്‍വീസുകള്‍ തിരുവനന്തപുരത്തേക്ക് മാറ്റി. കൊച്ചി-മസ്‌കറ്റ്, കൊച്ചി-ദുബൈ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. അബൂദബിയില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് എത്തേണ്ടിയിരുന്ന എയര്‍ ഇന്ത്യയുടെ ഐഎക്‌സ് 452 വിമാനം കോയമ്പത്തൂര്‍ വിമാനത്താവളത്തിലാകും ഇറങ്ങുക.