മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് പരമാവധിയില്‍; കൂടുതൽ വെള്ളം തുറന്നുവിടും

Posted on: August 15, 2018 11:38 am | Last updated: August 16, 2018 at 11:01 am
SHARE

കുമളി: ആശങ്ക വര്‍ധിപ്പിച്ച് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടിയിലെത്തി. 11 ഷട്ടറുകള്‍ തുറന്നുവിട്ടിട്ടും ജലനിരപ്പ് ഉയരുകയാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ വെള്ളം തുറന്നുവിട്ടേക്കും. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചിട്ടില്ല. ഇക്കാര്യം തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തും.

1393 ക്യുമെക്‌സ് ജലമാണ് ഡാമിലേക്ക് എത്തുന്നത്. തുറന്നുവിടുന്നത് വെറും 580 ക്യുമെക്‌സ്മാത്രമാണ്. സെക്കന്‍ഡില്‍ 1393000 ലിറ്റര്‍ ജലമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. അണക്കെട്ടില്‍ നിന്ന് കേരളം ആവശ്യപ്പെടുന്ന പരമാവധി വെള്ളം തമിഴ്‌നാട് കൊണ്ടുപോകാത്തതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. 142 അടിയാണ് സുപ്രിം കോടതി നിശ്ചയിച്ച പരമാവധി സംഭരണ ശേഷി.

ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെ 11 ഷട്ടറുകള്‍ ഒരടി വീതമാണ് ഉയര്‍ത്തിയത്. മുല്ലപ്പെരിയാറില്‍ ഷട്ടറുകള്‍ തുറന്നതോടെ ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരും. വണ്ടിപ്പെരിയാര്‍ ചപ്പാത്ത് വഴിയാണ് വെള്ളം ഇടുക്കി അണക്കെട്ടില്‍ എത്തുക. ഈ സാഹചര്യത്തില്‍ ചെറുതോണിയില്‍ നിന്ന് കൂടിയ അളവില്‍ ജലം ഒഴുക്കിവിടുന്നുണ്ട്. സെക്കന്‍ഡില്‍ ഏഴര ലക്ഷം ലിറ്റര്‍ ജലമാണ് ചെറുതോണിയിലൂടെ ഒഴുക്കുന്നത്. പുലര്‍ച്ചെ നാല് മണിക്ക് ലഭിച്ച കണക്കുകള്‍ പ്രകാരം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.28 അടിയാണ്.

മുല്ലപ്പെരിയാര്‍ തുറക്കുന്നതിന് മുമ്പായി പെരിയാര്‍ തീരത്ത് റെഡ് അലര്‍ട്ട് നല്‍കി ആളുകളെ ഒഴിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here