കരുണാനിധിയെ മറീനാബീച്ചില്‍ സംസ്‌കരിക്കാനായില്ലെങ്കില്‍ താന്‍ മരിച്ചേനെ: സ്റ്റാലിന്‍

Posted on: August 14, 2018 3:43 pm | Last updated: August 14, 2018 at 3:43 pm
SHARE

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയെ മറീന ബീച്ചില്‍ സംസ്‌കരിക്കാന്‍ സാധിച്ചിരുന്നില്ലെങ്കില്‍ ഒരു പക്ഷേ താന്‍ മരിച്ചിട്ടുണ്ടാകുമായിരുന്നുവെന്ന് മകനും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റുമായ എം കെ സ്റ്റാലിന്‍. പാര്‍ട്ടിയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് സ്റ്റാലിന്‍ മനസ്സ് തുറന്നത്. കരുണാനിധി മരിക്കുന്നതിന് തൊട്ട് മുമ്പ് തമിഴ്‌നാട് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും അദ്ദേഹം വെളിപ്പെടുത്തി.

”അച്ഛന് മുന്നില്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ഉള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോഴാണ് തമിഴ്‌നാട് മുഖ്യമന്ത്രിയെ കണ്ട് സംസാരിക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയെ താന്‍ നേരിട്ട് കാണേണ്ടതില്ലെന്നും പാര്‍ട്ടി നേതാക്കള്‍ സംസാരിക്കട്ടെയെന്നും നേതാക്കള്‍ പറഞ്ഞുവെങ്കിലും നേരിട്ട് കാണാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ പളനിസ്വാമിയെ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന് കണ്ട് സംസാരിച്ചപ്പോള്‍ മറീന ബീച്ചില്‍ സംസ്‌കാരം നടത്താന്‍ നിയമം അനുവദിക്കുന്നില്ല എന്നായിരുന്നു മറുപടി. ഒടുവില്‍ കരുണാനിധി മരിച്ച ശേഷം പാര്‍ട്ടി നേതാക്കളും മറ്റും മുഖ്യമന്ത്രിയെ ബന്ധപ്പെട്ടുവെങ്കിലും അദ്ദേഹം മറീന ബീച്ച് അനുവദിക്കാന്‍ തയ്യാറായില്ല. ഒടുവില്‍ തന്റെ അഭിഭാഷകനാണ് കോടതിയില്‍ പോകാന്‍ ആവശ്യപ്പെട്ടത്” – സ്റ്റാലിന്‍ പറഞ്ഞു.