പൊതുമാപ്പ്: എംബസി വക ഭക്ഷണവും വെള്ളവും

Posted on: August 14, 2018 10:08 am | Last updated: August 14, 2018 at 10:08 am
SHARE

അബുദാബി : അബുദാബി ഷഹാമ പൊതുമാപ്പ് കേന്ദ്രത്തില്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ കീഴില്‍ സൗജന്യ ഭക്ഷണവും വെള്ളവും. ഇവിടെ എത്തുന്ന ഇന്ത്യക്കാര്‍ക്കാണ് സ്ഥാനപതി കാര്യാലയം സൗജന്യമായി ഭക്ഷണവും വെള്ളവും നല്‍കുന്നത്. ഓരോ ദിവസവും നൂറോളം പേര്‍ക്കാണ് ഭക്ഷണവും, വെള്ളവും നല്‍കുന്നത്. ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം ആവശ്യപെട്ടതനുസരിച്ചു അബുദാബിയിലെ വിവിധ സംഘടനകളും ഇന്ത്യക്കാര്‍ക്ക് കുടിവെള്ളവും ഭക്ഷണവും പൊതുമാപ്പ് കേന്ദ്രത്തില്‍ വിതരണം ചെയ്യുന്നുണ്ട്. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന ഇന്ത്യക്കാരെ ഷഹാമ കേന്ദ്രത്തിലെത്തിക്കുന്നതിന് ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയ സൗജന്യ ബസ് സര്‍വീസ് കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചു.

മുസഫയിലെ മലയാളി സമാജം പരിസരത്തുനിന്നാണ് ബസ് പുറപ്പെടുക. തിരിച്ച് ഷഹാമയില്‍നിന്ന് പുറപ്പെടുന്ന ബസ് അബുദാബി നഗരത്തിലെ ബസ് സ്‌റ്റേഷനിലും ആളുകളെ എത്തിക്കും. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന ഇന്ത്യക്കാരെ സഹായിക്കാന്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം കോണ്‍സുലര്‍ എം രാജ മുരുകന്‍, ഫസ്റ്റ് സെക്രട്ടറി പൂജ എന്നിവരുടെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. മലയാളി സമാജത്തിന്റെ കീഴില്‍ കുടിവെള്ളവും അപേക്ഷകരെ സഹായിക്കാന്‍ വൊളന്റിയര്‍മാരും ഉണ്ടാകുമെന്നും സമാജം പ്രസിഡന്റ് ടി എ നാസര്‍ അറിയിച്ചു. ഷഹാമ പൊതുമാപ്പ് കേന്ദ്രത്തിലെത്തിയവര്‍ക്ക് ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററും അബുദാബി കെഎംസിസിയും ചേര്‍ന്ന് കുടിവെള്ളവും ജ്യൂസും വിതരണം ചെയ്യുന്നതിന് പുറമെ വിവിധ ഭാഷക്കാരായ അപേക്ഷകര്‍ക്കു വേണ്ട മാര്‍ഗനിര്‍ദേശവും നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു. പൊതുമാപ്പിനായി ഷഹാമയിലെ പൊതുമാപ്പ് കേന്ദ്രത്തില്‍ എത്തുന്നവര്‍ക്ക് ആവശ്യമായ വെള്ളവും ജ്യൂസും എല്ലാദിവസവും വിതരണം ചെയ്യുന്നതായി അബുദാബി സെന്‍ട്രല്‍ ഐ സി എഫ് ഭാരവാഹികള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here