ജീവിതം നിലപാടാക്കിയ സോമനാഥ് ചാറ്റര്‍ജി

Posted on: August 14, 2018 12:03 am | Last updated: August 14, 2018 at 12:03 am

എതിരാളികളോട് പോലും സൗമ്യനായി പെരുമാറുകയും നിലപാടിന്റെ കാര്യത്തില്‍ അനുയായികളോട് പോലും കര്‍കശം പുലര്‍ത്തുകയും ചെയ്ത കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു പശ്ചിമ ബംഗാളുകാരനായ സോമനാഥ് ചാറ്റര്‍ജി. ഭരണ, പ്രതിപക്ഷ അംഗങ്ങളെ ഒരുപോലെ പരിഗണിച്ച് നീതിപുലര്‍ത്തിയ അപൂര്‍വം ലോക്‌സഭ സ്പീക്കറായിരുന്ന സോമനാഥാണ് ആ സ്ഥാനത്തിരുന്ന ഒരേയൊരു ഇടതുപക്ഷക്കാരന്‍.

കൃത്യവും കര്‍കശവുമായ രാഷ്ടീയ നിലപാടുണ്ടെങ്കിലും അതെല്ലാം സ്പീക്കര്‍ പദവിയിലിരിക്കുമ്പോള്‍ മനഃപൂര്‍വം സോമനാഥ് ചാറ്റര്‍ജി മറക്കാന്‍ ശ്രമിച്ചു. സ്പീക്കര്‍ പദവി രാഷ്ട്രീയത്തിന് അതീതമാണെന്ന തന്റെ ഉറച്ച നിലപാടിന് വലിയ വിലയാണ് ചാറ്റര്‍ജിക്ക് നല്‍കേണ്ടിവന്നത്. നാല് പതിറ്റാണ്ടോളം നെഞ്ചിലേറ്റിയ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകേണ്ടി വന്നതും ഈ നിലപാട് കാരണമാണ്.
ആണവകരാറിന്റെ പേരില്‍ 2008ല്‍ ഒന്നാം യു പി എ സര്‍ക്കാറിനുള്ള പിന്തുണ സി പി എം പിന്‍വലിച്ചതോടെയാണ് സൗമ്യനായ സ്പീക്കറിന്റെ കര്‍കശ നിലപാട് പാര്‍ട്ടിക്കും ജനാധിപത്യ വിശ്വാസികള്‍ക്കും ബോധ്യപ്പെട്ടത്. സ്പീക്കര്‍ സ്ഥാനം രാജിവെക്കാന്‍ അന്നത്തെ പാര്‍ട്ടി ജന.സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടെങ്കിലും ചാറ്റര്‍ജി വഴങ്ങിയില്ല. കക്ഷിരാഷ്ട്രീയത്തിന് അതീതമാണ് സ്പീക്കര്‍ പദവിയെന്നായിരുന്നു ചാറ്റര്‍ജിയുടെ നിലപാട്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടും ആ നിലപാട് തിരുത്താന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല.

അതേസമയം, പാര്‍ട്ടിയില്‍ നിന്ന് പുറത്തായെങ്കിലും മരണം വരെ കമ്മ്യൂണിസം വിടാനോ മറ്റ് രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലേക്ക് കൂറുമാറാനോ ചാറ്റര്‍ജി സന്നദ്ധനായില്ല. ബംഗാളിലെ സി പി എം നേതാക്കളും പ്രവര്‍ത്തകരും ചാറ്റര്‍ജിയുടെ വരവിനായി കാത്തിരുന്നെങ്കിലും തെറ്റ് ചെയ്യാത്ത തനിക്ക് പാര്‍ട്ടിയോട് മാപ്പ് ചോദിക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
എതിരാളികള്‍ പോലും അംഗീകരിച്ച വ്യക്തിപ്രഭാവമായിരുന്നു ചാറ്റര്‍ജിയുടേത്. ഘനഗാംഭീര്യമാര്‍ന്ന ശബ്ദത്തില്‍ എം പിമാരെ നിയന്ത്രിക്കാനുള്ള അസാധാരണമായ വൈഭവം ചാറ്റര്‍ജിക്കുണ്ടായിരുന്നു. സമര്‍ഥമായി ഇടപെടാനും ഒരാളെ പോലും പ്രകോപിതനാക്കാതെയും സ്പീക്കറായ ചാറ്റര്‍ജി വ്യത്യസ്തനായി.

1971ല്‍ സി പി എം പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചാണ് ചാറ്റര്‍ജി രാഷ്ട്രീയ രംഗപ്രവേശം നടത്തുന്നത്. പിന്നീട് പത്ത് തവണ പാര്‍ട്ടിയുടെ എം പിയായി തിരഞ്ഞെടുക്കപ്പെട്ട ചാറ്റര്‍ജിക്ക് 1984ല്‍ മമതാ ബാനര്‍ജിയോട് മാത്രമാണ് തോല്‍ക്കേണ്ടി വന്നത്. 1968 മുതല്‍ 2008വരെ സി പി എമ്മിന്റെ ജീവവായുവായിരുന്നു ചാറ്റര്‍ജി. 1989 മുതല്‍ 2004വരെ ചാറ്റര്‍ജിയായിരുന്നു സി പി എമ്മിന്റെ ലോക്‌സഭ നേതാവ്.

ഹൈന്ദവ രാഷ്ട്രീയത്തെ നെഞ്ചിലേറ്റിയ പിതാവില്‍ നിന്ന് രാഷ്ട്രീയ ബാലപാഠം കരസ്ഥമാക്കിയ ചാറ്റര്‍ജി പക്ഷെ ആ പാത പിന്തുടരാന്‍ സന്നദ്ധമായിരുന്നില്ല. ഓള്‍ ഇന്ത്യ ഹിന്ദു മഹാസഭയുടെ പ്രസിഡന്റും ജന സംഘിന്റെ സ്ഥാപകന്‍ ശ്യാം പ്രസാദ് മുഖര്‍ജിയുടെ അടുത്ത അനുയായിയുമായിരുന്ന നിര്‍മല്‍ ചന്ദ്ര ചാറ്റര്‍ജിയുടെ മകനായി ജനിച്ച സോമനാഥ് ചാറ്റര്‍ജി തീവ്രവലതുപക്ഷ പാര്‍ട്ടിയുടെ നിലപാടിനെതിരെ എന്നും ഉറച്ച ശബ്ദം ഉയര്‍ത്തി.

രാഷ്ട്രീയത്തിലേക്കെത്തും മുമ്പെ സിവില്‍, ക്രിമിനല്‍ നിയമങ്ങളെക്കുറിച്ച് ചാറ്റര്‍ജിക്ക് അവഗാഹമുണ്ടായിരുന്നു. ദീര്‍ഘകാലം അഭിഭാഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു കാലത്ത് സി പി എമ്മിനെ സൈദ്ധാന്തികവഴിയിലൂടെ നയിച്ച നേതാവായിരുന്നു ചാറ്റര്‍ജി. പാര്‍ട്ടിയിലുള്ളവരുടെ മനസ്സുമാറാതെ തിരികെയില്ലെന്ന് പറഞ്ഞുവെങ്കിലും സി പി എമ്മിലേക്കൊരു മടക്കം അദ്ദേഹം ആഗ്രഹിച്ചിരുന്നു. 89 വര്‍ഷം നീണ്ട ജീവിതം അവസാനം വരെയും സോമനാഥ് ചാറ്റര്‍ജി തന്റെ നിലപാടില്‍ ഉറച്ചു വിശ്വസിച്ചു.