ഉമര്‍ ഖാലിദ്: സംഭവം വഴിതിരിച്ചുവിടാന്‍ പോലീസ് നടത്തിയത് ഗൂഢശ്രമം

Posted on: August 14, 2018 12:02 am | Last updated: August 14, 2018 at 12:02 am

ന്യൂഡല്‍ഹി: ജെ എന്‍ യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന് നേരെ വധശ്രമം നടന്നതിന് ശേഷം സംഭവം വഴിതിരിച്ചു വിടാന്‍ പോലീസ് നടത്തിയത് ഗൂഢ ശ്രമം. ഉമര്‍ ഖാലിദിന്റെ മൊഴിക്ക് വിരുദ്ധമായി തയ്യാറാക്കിയ എഫ് ഐ ആറില്‍ ഒപ്പുവെക്കാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു. അത് നടക്കില്ലെന്ന് ഉമര്‍ ഖാലിദും ഒപ്പമുള്ളവരും പറഞ്ഞപ്പോഴാണ് എഫ് ഐ ആറില്‍ മാറ്റം വരുത്താന്‍ പോലീസ് തയാറായത്.
അക്രമം നടന്നതിന് ശേഷം ഉമര്‍ ഖാലിദിന്റെ മൊഴിയെടുത്ത പോലീസ് വിശദമായ മൊഴിയെടുക്കാന്‍ പാര്‍ലിമെന്റ് സ്ട്രീറ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു.

ജെ എന്‍ യുവിലെ അധ്യാപികയും എഴുത്തുകാരിയുമായ ബനോ ജ്യോത്സന ലാഹിരിയും സുഹൃത്ത് ഖാലിദ് സെയ്ഫിയും ഒപ്പമുണ്ടായിരുന്നു. ആറേ മുക്കാലോടെ പോലീസ് ഉമര്‍ ഖാലിദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആദ്യ എഫ് ഐ ആറില്‍ മാറ്റം വരുത്തുകയും ഉമര്‍ അതില്‍ ഒപ്പു വെക്കുകയും ചെയ്തു. പിന്നീടാണ് സംഭവത്തിന് ദൃക്സാക്ഷിയായിരുന്ന ഷാരിഖിന്റെ വിവരണപ്രകാരം അക്രമിയുടെ രേഖാ ചിത്രം പോലീസ് തയ്യാറാക്കിയത്.

അക്രമിയുടെ മുഖം കാണാന്‍ കഴിഞ്ഞില്ലെന്ന് ഉമര്‍ മാധ്യമങ്ങളോട് പറഞ്ഞു. അക്രമിയെ പിടികൂടാന്‍ തങ്ങള്‍ ശ്രമം നടത്തിയെങ്കിലും രക്ഷപ്പെട്ടുപോയെന്ന് ഉമറിനൊപ്പം കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലുണ്ടായിരുന്നു ജെ എന്‍ യു മുന്‍പ്രസിഡന്റ് മോഹിത് പാണ്‌ഢേയും പറഞ്ഞു. സാമൂഹിക മാധ്യമങ്ങളടക്കം ഉപയോഗിച്ചുള്ള വിദ്വേഷ പ്രചാരണത്തിന്റെ നേരിട്ടുള്ള ഫലമാണ് ഉമറിന് നേരേയുള്ള ആക്രമണമെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല പറഞ്ഞു.