Connect with us

Articles

ഇ പി ജയരാജന്‍ എന്ന 'പച്ച മനുഷ്യന്‍'

Published

|

Last Updated

വിവാദങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടിക്കുമ്പോഴൊന്നും ഇ പി ജയരാജന്റെ ചരിത്രവും വര്‍ത്തമാനവും അന്വേഷിക്കാന്‍ ആരും മെനക്കെടാറില്ല. കണ്ണൂരിന്റെ രാഷ്ട്രീയക്കളരിയില്‍ നിന്ന് കരുത്തോടെയുയര്‍ന്ന് വന്ന അദ്ദേഹത്തിന്റെ ജീവിതം ചര്‍ച്ച ചെയ്യാറുമില്ല. ആരെയും കൂസാത്ത പ്രകൃതവും വെട്ടിത്തുറന്ന സംസാരവുമുള്ളതുകൊണ്ട് തന്നെ ജയരാജനെന്ന രാഷ്ട്രീയ നേതാവിനെ എപ്പോഴും വിവാദങ്ങളില്‍പ്പെടുത്തുക എളുപ്പമായിരുന്നു. എന്നാല്‍, ആരെയും അറിയിക്കാത്ത അറിഞ്ഞാലും ആരും അധികം പ്രകീര്‍ത്തിക്കാത്ത സാമൂഹിക ഇടപെടലുകളും സേവനങ്ങളും എത്രയോ നീണ്ടു കിടക്കുന്നുണ്ട്
അദ്ദേഹത്തിന്റെതായി.

“ഈ സ്‌നേഹാദരവിനെക്കാള്‍ വലിയ വിജയമുണ്ടോ…നിങ്ങളുടെ മഹാമനസ്‌കത തന്നെയാണ് എനിക്കുള്ള ഏറ്റവും വലിയ സഹായം”” തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക നല്‍കാമെന്ന കണ്ണൂരിലെ വൃദ്ധസദനത്തിലെ അന്തേവാസികളുടെ അഭ്യര്‍ഥനക്ക് ഇ പി യുടെ മറുപടി ഇങ്ങനെയായിരുന്നു. ജീവിതസായാഹ്നത്തില്‍ ഉപേക്ഷിക്കപ്പെട്ട ഒരുപറ്റമാളുകള്‍. അവര്‍ ചില്ലറത്തുട്ടുകളായി സ്വരൂപിച്ച പണം പ്രിയ നേതാവിന്റെ വിജയത്തിനായി അര്‍പ്പിക്കാന്‍ സന്നദ്ധത അറിയിച്ചപ്പോള്‍ ഇ പി ജയരാജനെന്ന കാര്‍ക്കശ്യക്കാരന്റെ കണ്ണിലൂറിക്കൂടിയ സങ്കടത്തിന്റെ നനവ് ആരും കണ്ടിട്ടുണ്ടാവില്ല. വെറുതെ ഒരു നേരമ്പോക്കിന്, അല്ലെങ്കില്‍ പത്രത്താളില്‍ ഒരു ചിത്രം അച്ചടിച്ചുവരാന്‍ വൃദ്ധസദനങ്ങളോ അനാഥാലയങ്ങളോ കയറിയിറങ്ങുന്ന നേതാക്കളെ കണ്ടു പരിചയിച്ചവര്‍ക്ക് ഇത്തരത്തിലൊരു വാര്‍ത്തയില്‍ വലിയ അതിശയോക്തിയുണ്ടാകില്ല. എന്നാല്‍, പക്ഷേ ഇ പി ജയരാജനെന്ന രാഷ്ട്രീയക്കാരന് ഇത്തരത്തില്‍ ചില കര്‍മമേഖലകള്‍ കൂടിയുണ്ട്. ആരെയും അറിയിക്കാത്ത അറിഞ്ഞാലും ആരും അധികം പ്രകീര്‍ത്തിക്കാത്ത ജയരാജന്റെ സാമൂഹിക ഇടപെടലുകളും സേവനങ്ങളും എത്രയോയധികം ഇങ്ങനെ നീണ്ടു കിടക്കുന്നുണ്ട്. അനാഥരായി പ്രായാധിക്യത്താല്‍ ബുദ്ധിമുട്ടുന്നവരെ സംരക്ഷിക്കുന്നതിന് 15 വര്‍ഷം മുമ്പ് ഇ പി ജയരാജന്റെ മുന്‍കൈയില്‍ കണ്ണൂരിലെ തെക്കിബസാറില്‍ തുടങ്ങിയ മൈത്രി വൃദ്ധസദനം ഇത്തരത്തിലുള്ള ഒന്നാണെന്ന് പലര്‍ക്കും അറിയാറില്ല. ഏതാനും സുമനസ്സുകളുടെ സഹായത്തോടെ ഇ പി യുടെ മേല്‍നോട്ടത്തില്‍ തുടങ്ങിയ മൈത്രിസദനത്തില്‍ അന്തേവാസികള്‍ക്കുള്ള താമസസൗകര്യവും വസ്ത്രവും ഭക്ഷണവുമെല്ലാം സൗജന്യമാണ്. എം എല്‍ എ ആയപ്പോഴും അല്ലാത്തപ്പോഴും മന്ത്രിയായപ്പോഴും ആ പദം വിട്ടൊഴിഞ്ഞപ്പോഴുമെല്ലാം ഇ പി ഇവിടെ അന്തേവാസികളിലൊരംഗമായുണ്ടാകും. ആര്‍ക്കും എപ്പോഴും ഏതാവശ്യത്തിനും സമീപിക്കാവുന്ന ഇ പി ജയരാജനെന്ന സാധാരണക്കാരനെ ഇതുപോലുള്ള എത്രയോ ഇടങ്ങളില്‍ കണ്ടുമുട്ടാനാകും.

വിവാദങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടിക്കുമ്പോഴൊന്നും ഇ പി ജയരാജന്റെ ചരിത്രവും വര്‍ത്തമാനവും അന്വേഷിക്കാനും തേടാനും ആരും മെനക്കെടാറില്ല. കണ്ണൂരിന്റെ രാഷ്ട്രീയ കളരിയില്‍ നിന്ന് കരുത്തോടെയുയര്‍ന്ന് വന്ന ജയരാജന്റെ രാഷ്ട്രീയജീവിതം ആരും ചര്‍ച്ച ചെയ്യാറുമില്ല. ആരെയും കൂസാത്ത പ്രകൃതവും വെട്ടിത്തുറന്നുള്ള സംസാരവുമുള്ളതു കൊണ്ട് തന്നെ ജയരാജനെന്ന രാഷ്ട്രീയ നേതാവിനെ എപ്പോഴും വിവാദങ്ങളില്‍പ്പെടുത്തുക എളുപ്പമായിരുന്നു. രണ്ട് പതിറ്റാണ്ടിനിടയില്‍ സി പി എമ്മുമായി ബന്ധപ്പെട്ട മിക്കവിവാദങ്ങളിലും ഇ പി ജയരാജന്‍ പെട്ടത് അദ്ദേഹത്തിന്റെ ഈ സ്വാഭവസവിശേഷതകള്‍ കൊണ്ടുമാത്രമാണെന്ന് പറയേണ്ടി വരും. ജയരാജന്റെ നിലപാടുകള്‍ പാര്‍ട്ടിയുടേതായി വ്യാഖ്യാനിക്കപ്പെടുകയും അത് വലിയ വാദങ്ങളിലേക്കും വിവാദങ്ങളിലേക്കും വലിച്ചിഴക്കപ്പെടുകയുമായിരുന്നു.

നിര്‍ദോഷമായി ജയരാജന്‍ നടത്തുന്ന ചില പരാമര്‍ശങ്ങള്‍ എങ്ങനെയാണ് വലിയ വിവാദമായതെന്നതിന് ഒരുദാഹരണമായി “പരിപ്പുവടയും കട്ടന്‍ ചായയും” പരാമര്‍ശം മാത്രം മതിയാകും. “അന്‍പതു വര്‍ഷം മുന്‍പു പ്രവര്‍ത്തിച്ച പോലെ പാര്‍ട്ടി ഇപ്പോഴും പ്രവര്‍ത്തിക്കണമെന്നാണ് ചിലര്‍ പറയുന്നതെന്നും ബീഡി വലിച്ചു താടി നീട്ടി പരിപ്പുവടയും തിന്നു കുളിക്കാതെ പാര്‍ട്ടി വളര്‍ത്തണമെന്നാണ് ഉപദേശമെന്നും, ഇന്ന് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ പാര്‍ട്ടിയില്‍ ആളുണ്ടാകില്ലെന്നുമുള്ള ജയരാജന്റെ ഒരു പരാമര്‍ശത്തെ ഇടതു ബുദ്ധിജീവികളെന്നു നടിക്കുന്നവരും അല്ലാത്തവരും വലിയ വിവാദമാക്കിയാണ് ചര്‍ച്ച ചെയ്തതും ഇപ്പോഴും ചര്‍ച്ച ചെയ്യിക്കുന്നതും.

സത്യത്തില്‍ ജയരാജന്‍ ഉന്നയിച്ച ആ വാദം എത്ര നിഷ്‌കളങ്കവും സത്യസന്ധവുമായിരുന്നെന്ന് വിമര്‍ശനങ്ങളുന്നയിക്കുന്നവര്‍ക്ക് സ്വന്തം ജീവിതം തന്നെ ഉദാഹരിച്ചാല്‍ വ്യക്തമാകുമായിരുന്നു. ഈ പരാമര്‍ശം വലിയ വിവാദമാക്കിയവര്‍ക്കുള്ള ജയരാജന്റെ മറുപടി എവിടെയും ചര്‍ച്ച ചെയ്യപ്പെടാതെ പോകുകയും ചെയ്തു. സാമൂഹിക സാഹചര്യങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തിയാണ് കമ്മൂണിസ്റ്റുകാര്‍ പ്രവര്‍ത്തിക്കുന്നതെന്ന ജയരാജന്റെ ഒറ്റ വാക്കുകൊണ്ട് വിവാദമൊഴിവാക്കാനാകുമായിരുന്നു. എന്നാല്‍ അതിന് ആരും തയ്യാറായില്ല. പണ്ട് സഖാക്കള്‍ ഭക്ഷണം പോലും കഴിക്കാതെ പ്രവര്‍ത്തിച്ചിരുന്നുവെന്നത് ശരി തന്നെ. അത് ഭക്ഷണത്തോടുള്ള സൈദ്ധാന്തിക വിയോജിപ്പുകൊണ്ടല്ല. ഭക്ഷണം കിട്ടാനില്ലാത്തതുകൊണ്ടായിരുന്നു. അത്തരം ത്യാഗങ്ങളുടെ ഉത്പന്നമാണ് കേരളത്തിലെ പാര്‍ട്ടി. ഇനി ആര് ആഗ്രഹിച്ചാലും പഴയകാലത്തെ തിരിച്ചുകൊണ്ടുവരാനാവില്ല. യഥാര്‍ഥത്തില്‍ ജയരാജന്‍ പറഞ്ഞതിന്റെ അര്‍ഥവും പൊരുളും ഇതായിരുന്നു. എന്നാല്‍ ആരും ഇത് കണക്കിലെടുത്തില്ല. കട്ടന്‍ചായയുടെയും പരിപ്പുവടയുടെയും പേരില്‍ ഇ പി യെ പരിഹസിക്കാനായിരുന്നു അന്നും ഇന്നും വിമര്‍ശകര്‍ ശ്രമിച്ചതും ശ്രമിക്കുന്നതും. ഇ പി അമ്പലത്തില്‍ പോയെന്നതും കൊടിമരത്തിന് പണം നല്‍കിയെന്നതുമടക്കമുള്ള നിരവധി വിവാദങ്ങള്‍ ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.

ഇങ്ങനെയൊരു മനുഷ്യനെ എപ്പോഴും വിവാദങ്ങളിലേക്ക് വലിച്ചിടുമ്പോള്‍ അയാള്‍ പകരുന്ന ഇടതുപക്ഷ കരുത്തിന് മുമ്പില്‍ പതറിപ്പോയവരുടെ ഭീതിദമായ മാനസികാവസ്ഥയുടെ തെളിവാണ് അതെന്ന് പറയുന്നതില്‍ തെറ്റുണ്ടാകില്ല. വിവാദമൊഴിച്ചുനിര്‍ത്തിയാല്‍ ജയരാജനില്ലെന്ന് രാഷ്ട്രീയ പ്രതിയോഗികള്‍ പറയുന്നത് എന്തും വെട്ടിത്തുറന്നു പറയാനുള്ള ആ ആര്‍ജവത്തെ ഭയന്നു തന്നെയാകണം. പാര്‍ട്ടി പ്രവര്‍ത്തനത്തിനിടയില്‍ അറസ്റ്റും പോലീസ് മര്‍ദനവും ജയില്‍ വാസവുമെല്ലാം ഏറെ അനുഭവിച്ച ഇ പി ജയരാജനു ത്യാഗപൂര്‍ണമായ ഒരു ഭൂതകാലം ഉണ്ടായിരുന്നു. അതു മുഴുവന്‍ ആര്‍ക്കും അങ്ങനെ വിസ്മരിച്ചു കളയാനുമാകില്ല. എസ് എഫ് ഐയിലൂടെയും ഡി വൈ എഫ് ഐയിലൂടെയും വളര്‍ന്നു സി പി എമ്മിന്റെ കണ്ണൂരിലെ പ്രധാന നേതാവായി മാറിയ ജയരാജന്‍ എം വി രാഘവന്‍ പാര്‍ട്ടിവിട്ട കാലത്തു കണ്ണൂരില്‍ സി പി എമ്മിനെ പിടിച്ചു നിര്‍ത്തിയ നേതാക്കളില്‍ കരുത്തുറ്റ ഒരാള്‍ തന്നെയായിരുന്നു. രാഘവനും കെ സുധാകരനും അടങ്ങിയ യു ഡി എഫിനോട് ജില്ലയില്‍ ഇഞ്ചോടിഞ്ചു പൊരുതി നിന്ന കരുത്തനായ നേതാവ്. എസ് എഫ് ഐയിലൂടെ പൊതുരംഗത്തെത്തി. പിന്നീട് കെ എസ് വൈ എഫ് നേതൃനിരയിലെത്തി. അടിയന്തരാവസ്ഥയുടെ ഒരു ഘട്ടത്തില്‍ കണ്ണൂരില്‍ പാര്‍ട്ടിയും നേതാക്കളും പരക്കെ ആക്രമിക്കപ്പെട്ടപ്പോള്‍ പാര്‍ട്ടി കേഡര്‍മാരെ സംരക്ഷിക്കുന്നതിനു വേണ്ടി രാപ്പകല്‍ഭേദമന്യേ ഒളിവിലും തെളിവിലും നേതൃത്വംകൊടുത്തു. അക്രമത്തില്‍ പല തവണ ജയരാജന് കൊടിയ മര്‍ദനമേറ്റു. ഒരിക്കല്‍ ഒരു ദിവസം മുഴുവന്‍ അബോധാവസ്ഥയിലായിരുന്നു. എം എല്‍ എ ആയിരുന്ന സമയത്തും ക്രൂരമായി അക്രമിക്കപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ നിയമസഭയില്‍ കരുണാകരന്റെ മുന്നില്‍ ഷര്‍ട്ടഴിച്ച് അടിയുടെ പാട് കാട്ടിക്കൊടുത്തു അദ്ദേഹം. ജില്ലാ സെക്രട്ടറിയായിരിക്കെ രണ്ട് തവണ ആര്‍ എസ് എസ് ബോംബാക്രമണത്തില്‍ നിന്ന് ഇ പി തലനാരിഴക്ക് രക്ഷപ്പെട്ടിട്ടുണ്ട്. പാനൂരിലെ ആക്രമണത്തില്‍ അദ്ദേഹം സഞ്ചരിച്ച വാഹനത്തിന് കാര്യമായ കേടുപറ്റി. കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ കാറിനെ ലക്ഷ്യമാക്കിയെറിഞ്ഞ ബോംബുകള്‍ തൊട്ടുമുന്നില്‍ പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിലാണ് പതിച്ചത്. ഇത്തരം അനേകം തീക്ഷ്ണാനുഭവങ്ങളിലൂടെയുള്ള ജീവിതമാണ് ഇ പിയെന്ന പോരാളിയെ സൃഷ്ടിച്ചത്. 1995 ഏപ്രില്‍ 12നു ന്യൂ ഡല്‍ഹി ചെന്നൈ രാജധാനി എക്‌സ്പ്രസില്‍ മുഴങ്ങിയ ആ വെടിയൊച്ച ഇന്നും കേരളത്തിന്റെ മനസ്സില്‍ പ്രതിധ്വനിക്കുന്നുണ്ട്. ചണ്ഡീഗഢ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത് കുടുംബസമേതം നാട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു വധ ശ്രമമുണ്ടായത്. ഈ ആക്രമണം സമ്മാനിച്ച വേദനയും ശാരീരിക അസ്വാസ്ഥ്യങ്ങളും പേറിയാണ് ഇന്നും ജയരാജന്റെ ജീവിതം.

വീണ്ടും മന്ത്രിയായി ഇ പി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സംസ്ഥാനത്തെ വ്യവസായ വികസനത്തിന് അത് വലിയ മുതല്‍ക്കൂട്ടായേക്കുമെന്ന് എല്‍ ഡി എഫും ഇടതുബോധമുള്ള പൊതുസമൂഹവും ഉറച്ച് വിശ്വസിക്കുന്നുണ്ട്. കരുത്തുറ്റ കര്‍മശേഷിയും ഉറച്ച നേതൃപാടവവുമുള്ള ഇ പി ജയരാജന്‍ വ്യവസായ വകുപ്പില്‍ തുടക്കമിട്ട പരിഷ്‌കരണങ്ങള്‍ ഏറെക്കുറേ വിജയിച്ചിട്ടുണ്ട്. നാലര മാസക്കാലം മാത്രമേ മന്ത്രിയായിട്ടുള്ളൂവെങ്കിലും സംസ്ഥാനത്തെ പൊതു മേഖലാസ്ഥാപനങ്ങളുടെ ഉയര്‍ച്ചക്കുള്ള വഴി അദ്ദേഹം തുറന്നിട്ടിരുന്നു. ജയരാജന് തുടര്‍ച്ചയായി വന്ന മന്ത്രി എ സി മൊയ്തീന്‍ ഈ വഴിയില്‍ ഏറെക്കുറേ മുന്നോട്ട് പോകുകയും ചെയ്തു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തെ അപേക്ഷിച്ച് കൂടുതല്‍ വ്യാവസായ സ്ഥാപനങ്ങള്‍ ഇത്തവണ ലാഭത്തിലായെന്നതാണ് ഏറ്റവും വലിയ നേട്ടമായി ചൂണ്ടിക്കാട്ടുന്നത്. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും ഒഴിയുമ്പോള്‍ 131.60 കോടി രൂപയായിരുന്നു പൊതുമേഖലാസ്ഥാപനങ്ങളുടെ നഷ്ടം. എന്നാല്‍, എല്‍ ഡി എഫ് സര്‍ക്കാറിന്റെ രണ്ട് വര്‍ഷം കൊണ്ട് തന്നെ് 106 കോടിയിലധികം ലാഭം നേടി. പൊതുമേഖലാകമ്പനികളെ ലാഭത്തിലാക്കുന്നതിന് സര്‍ക്കാര്‍ നടത്തിയ സമഗ്ര ഇടപെടലാണ് വ്യവസായ വകുപ്പിന്റെ ചരിത്രം തന്നെ മാറ്റിക്കുറിച്ചത്.

നമ്മുടെ ആത്മാര്‍ഥതയും സത്യസന്ധതയും നീതിബോധവുമാണ് വലുത്. അതില്‍ തെറ്റുപറ്റരുതെന്ന് ഇ പി ജയരാജന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. തെറ്റു പറ്റിയിട്ടില്ലെന്ന് വൈകിയെങ്കിലും തെളിഞ്ഞ പശ്ചാത്തലത്തില്‍, നിലപാടുകളിലെ കാര്‍ക്കശ്യവും വിട്ടുവീഴ്ച യില്ലാത്ത മനോഭാവവും മികച്ച നേതൃപാടവവും കൊണ്ട് ശ്രദ്ധേയനായ നേതാവായിത്തന്നെയാണ് ജയരാജന്‍ തിരിച്ചെത്തുന്നത്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

---- facebook comment plugin here -----

Latest