പാര്‍ലിമെന്റിന്റെ അലങ്കാരം

ഇടതുപക്ഷത്തിന്റെ പൊതുനേതാവെന്ന നിലയിലാണ് സോമനാഥ് ചാറ്റര്‍ജി പാര്‍ലിമെന്റില്‍ ശോഭിച്ചത്. നര്‍മരസത്തോടെയുള്ള വിമര്‍ശന ശരങ്ങള്‍, ചാട്ടുളി പോലുള്ള പ്രയോഗങ്ങള്‍... നര്‍മത്തില്‍ ചാലിച്ച വിമര്‍ശനങ്ങളുടെ ആഴം പലപ്പോഴും പ്രതിയോഗികള്‍ക്ക് മനസ്സിലാകുക കുറെ വൈകിയായിരിക്കും. അത്രയും സുന്ദരമായ ഭാഷാഘടനയാണ് അദ്ദേഹത്തിന്റേത്. രൂക്ഷമായ സ്വരമുയര്‍ത്തുമ്പോഴും, ശക്തമായ എതിര്‍പ്പിന്റെ ശബ്ദം പ്രസംഗത്തില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും സംയമനം ലവലേശം കൈവിടാതെ; തികഞ്ഞ പക്വതയോടെയും അവധാനതയോടെയും പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനുള്ള അനിതരസാധാ രണമായ മികവ് പ്രകടി പ്പിച്ചിരുന്നു അദ്ദേഹം.
Posted on: August 14, 2018 9:00 am | Last updated: August 13, 2018 at 11:11 pm
SHARE

ഇന്ത്യന്‍ പാര്‍ലിമെന്റിന് ഒരലങ്കാരമായിരുന്നു സോമനാഥ് ചാറ്റര്‍ജി. പത്ത് തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അതിപ്രഗത്ഭനായ പാര്‍ലിമെന്റേറിയന്‍. പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ നടപടിക്രമങ്ങളും ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ഹൃദിസ്ഥമാക്കിയിരുന്നു അദ്ദേഹം. ദീര്‍ഘകാലം ലോക്‌സഭാ അംഗമെന്ന നിലയില്‍ നടത്തിയിട്ടുള്ള ചാറ്റര്‍ജിയുടെ പ്രവര്‍ത്തനം പാര്‍ലിമെന്ററി രംഗത്തിന് ആകെ മാതൃകയാണ്.

ഞാന്‍ 1996ല്‍ പതിനൊന്നാം ലോക്‌സഭാ അംഗമായി പാര്‍ലിമെന്റിലെത്തുമ്പോള്‍ സി പി എമ്മിന്റെ പാര്‍ലിമെന്ററി പാര്‍ട്ടി നേതാവായിരുന്നു അദ്ദേഹം. പക്ഷേ, സി പി എം പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് എന്നതിനപ്പുറം ഇടതുപക്ഷത്തിന്റ പൊതുനേതാവെന്ന നിലയിലാണ് അദ്ദേഹം സഭയില്‍ ശോഭിച്ചത്. അങ്ങനെയാണ് ശ്രദ്ധിക്കപ്പെട്ടതും. അന്ന് ഇടതുപക്ഷത്തിന്റെ ജിഹ്വയായിരുന്നു സോമനാഥ് ചാറ്റര്‍ജി. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളുമാണ് ഇടതുപക്ഷ അംഗങ്ങളായിരുന്ന ഞങ്ങളെല്ലാം പിന്തുടര്‍ന്നത്. സത്യത്തില്‍ ഒരധ്യാപകനെ പോലെ അദ്ദേഹം ഞങ്ങള്‍ക്ക് മാര്‍ഗദര്‍ശിയായിരുന്നു. സര്‍വാദരണീയനായ മാര്‍ഗദര്‍ശി.

പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ വ്യവസ്ഥകളും കീഴ്‌വഴക്കങ്ങളും പാലിച്ചുകൊണ്ട് ശക്തമായി വിഷയങ്ങള്‍ ഉന്നയിക്കുമ്പോള്‍ തന്നെ എത് വിഷയത്തിലും പുരോഗമന ജനപക്ഷ നിലപാടുകളായിരുന്നു സോമനാഥ് ചാറ്റര്‍ജി സ്വീകരിച്ചിരുന്നത്.

ചില ഘട്ടങ്ങളില്‍ നടപടിക്രമങ്ങളെ അതിലംഘിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ക്കും നേതൃത്വം നല്‍കിയിട്ടുണ്ട്. അത് ജനാധിപത്യ പൗരാവകാശങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയായിരുന്നു. ജനപക്ഷ നിലപാടുകള്‍ക്ക് വേണ്ടിയിട്ടായിരുന്നു. സാധാരണക്കാരുടെ പാര്‍ലിമെന്റിലെ ഉറച്ച ശബ്ദമായി അദ്ദേഹം നിലകൊണ്ടു. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ശക്തമായി പോരാടി.

അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ഭാഷ, ശൈലി, അതിന്റെ ഉള്ളടക്കം എന്നിവയെല്ലാം വിസ്മയകരമായിരുന്നു. നര്‍മരസത്തോടു കൂടിയിട്ടുള്ള വിമര്‍ശന ശരങ്ങള്‍, ചാട്ടുളി പോലുള്ള പ്രയോഗങ്ങള്‍… നര്‍മത്തില്‍ ചാലിച്ച വിമര്‍ശന ശരങ്ങളുടെ ആഴം പലപ്പോഴും പ്രതിയോഗികള്‍ക്ക് മനസ്സിലാകുക കുറെ വൈകിയിട്ടായിരിക്കും. അത്രയും സുന്ദരമായ ഭാഷാ ഘടനയാണ് അദ്ദേഹത്തിന്റേത്.

രൂക്ഷമായ സ്വരമുയര്‍ത്തുമ്പോഴും, ശക്തമായ എതിര്‍പ്പിന്റെ സ്വരം പ്രസംഗത്തില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും സംയമനം ലവലേശം കൈവിടാതെ; തികഞ്ഞ പക്വതയോടെയും അവധാനതയോടെയും കൂടി പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനുള്ള അനിതരസാധാരണമായ മികവ് പ്രകടിപ്പിച്ചിരുന്നു.

രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുടെ കാര്യമെടുക്കാം. ജ്യോതിബസുവിനെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസുള്‍പ്പെടെയുള്ള ഇന്ത്യയിലെ പൊതുപ്രതിപക്ഷം നിര്‍ദേശിച്ചപ്പോള്‍ അതിനോട് അനുഭാവ പൂര്‍ണമായ നിലപാടാണ് സോമനാഥ് ചാറ്റര്‍ജി സ്വീകരിച്ചത്. അദ്ദേഹം ഒരു പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവായിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്. ഒരുപക്ഷേ, അന്ന് ആ നിലപാട് സി പി എം അംഗീകരിച്ചിരുന്നുവെങ്കില്‍, ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയം ഇതാകുമായിരുന്നില്ല.

(ലോക്‌സഭാ അംഗമാണ് ലേഖകന്‍)

LEAVE A REPLY

Please enter your comment!
Please enter your name here