Connect with us

Editorial

പോലീസിനെ നന്നാക്കാന്‍ അസോസിയേഷന്‍

Published

|

Last Updated

ഇപ്പോള്‍ ആളുകള്‍ പോലീസിനെ സര്‍ എന്നാണ് വിളിക്കാര്‍. ഇനി പോലീസുകാര്‍ ജനങ്ങളെ സര്‍, സഹോദരാ, സുഹൃത്തേ എന്നൊക്കെ വിളിക്കുമത്രെ. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിലാണ്, ജനങ്ങളോടും പ്രതികളോടുമുള്ള സമീപനത്തിലും മനോഭാവത്തിലും പോലീസ് അടിമുടി മാറ്റത്തിന് തയാറെടുക്കുന്ന കാര്യം വ്യക്തമാക്കുന്നത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ പോലീസ് ഇടപെടുന്നത് ശത്രുക്കളോടല്ല, പൗന്മാരോടാണ് എന്ന ബോധ്യത്തോടെ പെരുമാറ്റം സൗമ്യമാക്കും. പെറ്റിക്കേസ് പ്രതികളെ കൊടുംകുറ്റവാളികളെന്ന തരത്തില്‍ കാണുന്ന പ്രവണത ഇല്ലാതാക്കും. നീതി തേടി സ്റ്റേഷനില്‍ എത്തുന്നവര്‍ക്കിടയില്‍ സാമ്പത്തിക, രാഷ്ട്രീയ പരിഗണനവെച്ചു വിവേചനം കാണിക്കുന്നതും അവസാനിപ്പിക്കും. ജനങ്ങളില്‍ പല സ്വഭാവക്കാരുമുണ്ടാകാമെങ്കിലും അവരോട് ഇടപഴകുന്ന പോലീസുകാരില്‍ ഒരു സ്വഭാവമേ ഉണ്ടാകുകയുള്ളൂ. ഇതുവഴി സേനയുടെ അന്തസ്സുയര്‍ത്തി സമൂഹത്തിന്റെ അംഗീകാരം ആര്‍ജ്ജിക്കുമെന്നും പ്രമേയത്തില്‍ പറയുന്നു.

സ്വാഗതാര്‍ഹമാണ് തീരുമാനം. വ്യാപകമായ പരാതികളാണ് സമാന കാലത്ത് പോലീസിനെതിരെ ഉയര്‍ന്നു വരുന്നത്. മനുഷ്യാവകാശ കമ്മീഷന് മുമ്പാകെ എത്തുന്ന പരാതികളില്‍ ഏറെയും പോലീസിനെതിരെയാണെന്ന് ഇതിനിടെ കമ്മീഷന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി. പരാതിയുമായി ചെന്നാല്‍ കേള്‍ക്കാന്‍ മനസ്സു കാണിക്കുന്നില്ല, നാവെടുത്താല്‍ തെറിയേ വിളിക്കൂ, രാഷ്ട്രീയ നിറവും സാമ്പത്തിക സ്വാധീനവും പരിഗണിച്ചാണ് നടപടികള്‍, കസ്റ്റഡിയില്‍ പ്രതികളെ കൊടിയ പീഡനത്തിനിരയാക്കുന്നു, പരാതി പറയാന്‍ എത്തുന്നവരെ എന്തെങ്കിലും കേസില്‍ പെടുത്തി വലയ്ക്കുന്നു തുടങ്ങി എത്രയെത്ര പരാതികള്‍. പോലീസില്‍ ക്രിമിനലുകളുണ്ടെന്നും ഇവരുടെ എണ്ണം അടിക്കടി വര്‍ധിക്കുന്നതായും ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ തന്നെ വ്യക്തമാക്കിയതാണ്. കേരളാ പോലീസിനെ ബാധിച്ച ഈ പേരുദോഷം മാറ്റിയെടുക്കാനും സേനയെ നന്നാക്കിയെടുക്കാനും പല ശ്രമങ്ങളും നടന്നിട്ടുണ്ട്. 2003ല്‍ രൂപവത്കരിച്ച ജസ്റ്റിസ് കെ ടി തോമസ് കമ്മീഷന്‍ ഈ ലക്ഷ്യത്തില്‍ നല്ലൊരു ചുവടുവെപ്പായിരുന്നു. സ്വഭാവ മികവും കാര്യക്ഷമതയും ഉള്ളവരെ മാത്രം സേനയിലെടുക്കുക എന്നതാണ് കമ്മീഷന്റെ ഒരു നിര്‍ദേശം. ഇതിനായി മൂന്ന് മേഖലകളില്‍ പോലീസ് കോളജുകള്‍ സ്ഥാപിക്കണമെന്നും ഇവിടെ നിന്ന് മികച്ച വിജയം നേടുന്നവര്‍ക്കായിരിക്കണം സേനയില്‍ പ്രവേശനമെന്നും ജസ്റ്റിസ് തോമസ് അഭിപ്രായപ്പെട്ടു. ലോക്കപ്പുകള്‍ പോലീസ് സ്റ്റേഷനില്‍ നിന്നൊഴിവാക്കി കേന്ദ്രീകൃത സംവിധാനത്തിലേക്ക് കൊണ്ടുവരിക തുടങ്ങി മറ്റു പല നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. ഒന്നും നടപ്പിലായില്ല.

കംപ്ലയിന്റ് അതോറിറ്റി എന്നൊരു സംവിധാനമുണ്ട് പോലീസ് വകുപ്പില്‍. ഡി വൈ എസ് പി മാര്‍ക്ക് മുകളിലേക്കുള്ള ഉദ്യോഗസ്ഥരെക്കുറിച്ച് ജനങ്ങളുടെ പരാതികളില്‍ തീര്‍പ്പുണ്ടാക്കാന്‍ സംസ്ഥാന തലത്തില്‍ പോലീസ് കംപ്ലയിന്റ് അതോറിറ്റിയും ഡി വൈ എസ് പിമാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതി കേള്‍ക്കാന്‍ ജില്ലാതല അതോറിറ്റികളും. പോലീസിലെ നിയമലംഘനം തടയാന്‍ സുപ്രീം കോടതിയാണ് ഈ സംവിധാനം മുന്നോട്ട് വെച്ചത്. കോടതി വ്യവസ്ഥപ്രകാരം പോലീസ് കംപ്ലയിന്റ് അതോറിറ്റി തലവനായി നിയമിക്കേണ്ടത് ഹൈക്കോടതി ചീഫ് ജസ്റ്റിസോ അദ്ദേഹം നാമനിര്‍ദേശം ചെയ്യുന്ന ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയോ തയ്യാറാക്കുന്ന വിരമിച്ച ഹൈക്കോടതി ജഡ്ജിമാരുടെ പാനലില്‍ നിന്നായിരിക്കണം. എന്നാല്‍ ഈ വ്യവസ്ഥയില്‍ വെള്ളം ചേര്‍ത്തു. സര്‍ക്കാറിന് ഇഷ്ടമുള്ള റിട്ട. ജഡ്ജിമാരെ നിയമിക്കാം എന്നാക്കി. ഇതോടെ അതോറിറ്റിയുടെ ഉദ്ദേശ്യലക്ഷ്യം തന്നെ അട്ടിമറിക്കപ്പെട്ടു.

അതിനിടെ 2008ല്‍ സംസ്ഥാനത്ത് ജനമൈത്രി പോലീസ് പദ്ധതി നടപ്പാക്കി. ജനങ്ങളുമായുള്ള ക്രിയാത്മക ബന്ധങ്ങളിലൂടെ കുറ്റകൃത്യങ്ങള്‍ തടയുകയും അക്രമാസക്തരായ ജനങ്ങളോടു പോലും സൗമ്യമായി പെരുമാറി അവരെ സമാധാനത്തിന്റെ മാര്‍ഗത്തിലെത്തിക്കുകയുമായിരുന്നു ലക്ഷ്യം. 267 സ്റ്റേഷനുകള്‍ ഇതിനായി തിരഞ്ഞെടുത്തു. കാരുണ്യ പ്രര്‍ത്തനങ്ങളിലൂടെയും അശരണരും നിസ്സഹായരുമായ ആളുകള്‍ക്ക് രക്ഷകരായും വര്‍ത്തിക്കക വഴി കുറേ നല്ല പ്രവര്‍ത്തനങ്ങള്‍ ഇതുവഴി പോലീസിന് സാധിച്ചു. എന്നാല്‍ പദ്ധതി വേണ്ടത്ര ഫലപ്രദമായില്ല.

പെരുമാറ്റത്തില്‍ സമൂല മാറ്റം വരുത്താനാവശ്യമായ പരിശീലനത്തിനാണ് പോലീസ് പരിഷ്‌കരണ പദ്ധതികളില്‍ പ്രഥമ പരിഗണന നല്‍കേണ്ടത്. ഡ്യൂട്ടിയിലുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥരും ഇടപെടലുകളില്‍ മര്യാദയും ഔചിത്യവും അവസരോചിതമായ സഹാനുഭൂതിയും പ്രകടിപ്പിക്കുകയും സഭ്യവും മാന്യവുമായ ഭാഷ ഉപയോഗിക്കുകയും വേണമെന്ന് 2011ലെ കേരള പോലീസ് ആക്ടില്‍ അഞ്ചാമധ്യായത്തിലെ 29ാം ഖണ്ഡികയില്‍ വ്യക്തമായി പറയുന്നുണ്ട്. പോലീസ് പരിചരണത്തിലോ കസ്റ്റഡിയിലോ ഉള്ള ആരോടും മോശമായി പെരുമാറാനോ സഭ്യമല്ലാത്ത ഭാഷ ഉപയോഗിക്കാനോ പാടില്ലെന്നും ആക്ട് നിര്‍ദേശിക്കുന്നു. പരിശീലന പരിപാടികളില്‍ സ്വഭാവ സംസ്‌കരണത്തിന് മതിയായ പരിഗണന നല്‍കിയെങ്കില്‍ മാത്രമേ ഇത്തരമൊരു പെരുമാറ്റവും ഇടപെടലും പ്രതീക്ഷിക്കേണ്ടതുള്ളൂ. ഇതോടൊപ്പം സേനയിലെ നിയമ ലംഘകര്‍ക്ക് നിയമപരവും രാഷ്ട്രീയ പരവും ആയ പിന്തുണ ലഭിക്കുന്ന അവസ്ഥ ഇല്ലാതാവുകയും വേണം.

Latest