വര്‍ധന അമ്പത് ശതമാനത്തിലധികം; വിമാനക്കമ്പനികള്‍ യാത്രക്കാരെ കൊള്ളയടിക്കുന്നു

Posted on: August 13, 2018 11:57 pm | Last updated: August 14, 2018 at 7:57 am
SHARE

മലപ്പുറം: പെരുന്നാള്‍, ഓണം ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്ന പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികള്‍. സീസണുകളില്‍ നിരക്ക് വര്‍ധിപ്പിച്ച് യാത്രക്കാരെ കൊള്ളയടിക്കുന്ന പതിവ് രീതി നിയന്ത്രണങ്ങളില്ലാതെ തുടരുകയാണ്. തോന്നുംപടിയാണ് ഓരോ വിമാനക്കമ്പനികളും നിരക്കില്‍ വര്‍ധന വരുത്തിയിട്ടുള്ളത്. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് നാട്ടിലേക്കും അവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്കും വലിയ ഭാരമാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. പലകമ്പനികളുടെയും നിരക്ക് 50,000 വരെ ഉയര്‍ന്നിട്ടുണ്ട്. വിദേശ വിമാനക്കമ്പനികള്‍ക്കൊപ്പം എയര്‍ ഇന്ത്യയുള്‍പ്പെടെ നിരക്ക് വര്‍ധിപ്പിച്ചത് പ്രവാസികള്‍ക്ക് തിരിച്ചടിയായി. കഴിഞ്ഞ മാസം 6,000 രൂപ വരെ താഴ്ന്ന ടിക്കറ്റ് നിരക്കാണ് തിരക്ക് മുന്നില്‍ കണ്ട് പതിന്മടങ്ങ് വര്‍ധിപ്പിച്ച് ലാഭം കൊയ്യുന്നത്. ഓണം, പെരുന്നാള്‍ അടുത്ത ദിവസങ്ങളില്‍ അബൂദബി വിമാനത്താവളത്തില്‍ നിന്ന് കരിപ്പൂരിലേക്ക് 30,000 മുതല്‍ അരലക്ഷം വരെയാണ് വിവിധ കമ്പനികള്‍ ഈടാക്കുന്നത്.

ഈമാസം 18ന് അബൂദബിയില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് എയര്‍ ഇന്ത്യ 18,732 രൂപയും എയര്‍ ഇന്ത്യ എക്‌സ്പ്രസ് 19,913 രൂപയുമാണ് ഈടാക്കുന്നത്. എന്നാല്‍ കരിപ്പൂരിലേക്ക് എയര്‍ ഇന്ത്യ എക്‌സപ്രസ് വാങ്ങുന്നത് 25,097 രൂപയാണ്. ഇതേ ദിവസം ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് എയര്‍ ഇന്ത്യ യുടെ നിരക്ക് 33,197 രൂപയാണ്. ജെറ്റ് എയര്‍വേയ്‌സ് (23,362 രൂപ), ഇത്തിഹാദ് (26,316), സഊദി എയര്‍ലൈന്‍ (31,287 രൂപ), ഗള്‍ഫ് എയര്‍ (31,822), എയര്‍ അറേബ്യ (32,335രൂപ), ഒമാന്‍ എയര്‍ (37,206 രൂപ) എന്നിങ്ങനെയാണ് മറ്റ് വിദേശ വിമാനക്കമ്പനികളുടെ നിരക്കുകള്‍.

എന്നാല്‍ ചെന്നൈ വിമാനത്താവളത്തിലേക്ക് കുറഞ്ഞ നിരക്കാണ് ഇതേ ദിവസങ്ങളില്‍ ഈടാക്കുന്നതെന്ന വൈരുദ്ധ്യം കൂടിയുണ്ട്. ഇത്തിഹാദ് 19,706 എയര്‍ ഇന്ത്യ 21,057 രൂപയുമാണ് നിരക്കുള്ളത്.
നാട്ടിലേക്ക് വരുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ വലിയ നിരക്ക് ആഘോഷങ്ങള്‍ കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് നല്‍കേണ്ടി വരും.
ഈമാസം 30ന് കരിപ്പൂരില്‍ നിന്ന് അബൂദബിയിലേക്ക് എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് 31,228 രൂപ നല്‍കണം. മറ്റുള്ളവക്ക് 37,000 മുതല്‍ 47,000 വരെ നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. ഇതേ ദിവസം ജിദ്ധയിലേക്ക് ഏറ്റവും കുറഞ്ഞ നിരക്ക് 43,461 രൂപയാണ്. എയര്‍ ഇന്ത്യ 57,579 രൂപയാണ് ഈടാക്കുന്നത്.

ദോഹയിലേക്ക് എയര്‍ ഇന്ത്യക്കാണ് ഏറ്റവും ചുരുങ്ങിയ നിരക്ക് 28,504 രൂപ.
കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവര്‍ക്ക് ഇരട്ടിഭാരമാണ് നിരക്ക് വര്‍ധനവുണ്ടാക്കുക. ഇതോടെ ഈ സമയത്ത് നാട്ടിലേക്ക് വരുന്നത് ഒഴിവാക്കി മറ്റ് മാസങ്ങളിലേക്ക് യാത്ര മാറ്റി വെച്ചവര്‍ നിരവധിയുണ്ട്.

ഈ മാസം കേരളത്തിലേക്കുള്ള നിരക്ക്

ജിദ്ദ- കരിപ്പൂര്‍ (21000- 58000 രൂപ)
ജിദ്ദ- കൊച്ചി (19000-27000 രൂപ)
അബൂദബി- കൊച്ചി (18000-35540 രൂപ)
അബൂദബി- കരിപ്പൂര്‍ (24400-48000 രൂപ)
ദോഹ- കൊച്ചി (21500-39000 രൂപ)
ദോഹ-കരിപ്പൂര്‍ (23162-57000 രൂപ
മസ്‌കറ്റ്- കരിപ്പൂര്‍ (17500-29600 രൂപ)
മസ്‌കറ്റ്- കൊച്ചി (15100-28000)

സെപ്തംബര്‍ പകുതിവരെ ഗള്‍ഫിലേക്കുള്ള നിരക്ക്

കരിപ്പൂര്‍-അബൂദബി (31200-47000)
കൊച്ചി- ജിദ്ദ (30000-66000)
കരിപ്പൂര്‍- ജിദ്ദ (36000-56000)
കരിപ്പൂര്‍- മസ്‌ക്കറ്റ് (13000-48000)
കരിപ്പൂര്‍- ദോഹ (28000-67000)
കൊച്ചി- ദോഹ (33000-60000)
കൊച്ചി- മസ്‌കറ്റ് (14900-51600)

LEAVE A REPLY

Please enter your comment!
Please enter your name here