ദുരിതാശ്വാസ നിധി: മമ്മൂട്ടി 15 ലക്ഷവും ദുല്‍ഖര്‍ പത്ത് ലക്ഷവും നല്‍കി; 25 ലക്ഷം നല്‍കുമെന്ന് മോഹന്‍ലാല്‍

Posted on: August 13, 2018 11:37 pm | Last updated: August 13, 2018 at 11:37 pm
SHARE

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി കൂടുതല്‍ പ്രമുഖര്‍ രംഗത്ത്. നടന്‍ മമ്മൂട്ടി 15 ലക്ഷം രൂപ സംഭാവന ചെയ്തു. മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍ പത്ത് ലക്ഷം രൂപ സംഭാവന നല്‍കി. 25 ലക്ഷം രൂപ നല്‍കുമെന്ന് നടന്‍ മോഹന്‍ലാല്‍ അറിയിച്ചു.

ഒ രാജഗോപാല്‍ എം എല്‍ എ ഒരു മാസത്തെ ശമ്പളമായ 50,000 രൂപ സംഭാവന ചെയ്തു. 25,000 രൂപ സംഭാവന ചെയ്ത കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ഉദാരമായ സംഭാവനകള്‍ നല്‍കാനും ആവശ്യപ്പെട്ടു. മന്ത്രിമാരായ എ സി മൊയ്തീനും കെ കെ ഷൈലജയും ഒരു മാസത്തെ ശമ്പളം നല്‍കും. എം പി വീരേന്ദ്രകുമാര്‍ എം പിയും ഒരു മാസത്തെ ശമ്പളം നല്‍കുന്നതായി അറിയിച്ചു. ആസ്റ്റര്‍ ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാനും എം ഡിയുമായ ഡോ. ആസാദ് മൂപ്പന്‍ 50 ലക്ഷം രൂപ നല്‍കും.
മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള മാജിക് പ്ലാനറ്റിലെ ഒരു ദിവസത്തെ സന്ദര്‍ശകരില്‍ നിന്നുള്ള വരുമാനവും ജീവനക്കാരുടെ ശമ്പളവും നല്‍കും.

ആള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ആദ്യ ഗഡുവായി പത്ത് ലക്ഷം രൂപ റേഷന്‍ വ്യാപാരികളില്‍ നിന്നു സ്വരൂപിച്ച് നല്‍കും. ഉജാല നിര്‍മാതാക്കളായ മുംബൈ ജ്യോതി ലബോറട്ടറീസ് എം ഡി. എം പി രാമചന്ദ്രന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കും.

സി പി ഐയുടെ മന്ത്രിമാരും ഡപ്യൂട്ടി സ്പീക്കറും ഒരു മാസത്തെ ശമ്പളം നല്‍കും. തെലുങ്ക് നടന്‍ വിജയ് ദേവരുകൊണ്ട അഞ്ച് ലക്ഷം രൂപ നല്‍കി. ഇതര സംസ്ഥാനങ്ങളിലെയും ഗള്‍ഫിലെയും ഒട്ടേറെ മലയാളി സംഘടനകള്‍ ഓണാഘോഷം റദ്ദാക്കി കേരളത്തിന് സഹായധനം കൈമാറും.

LEAVE A REPLY

Please enter your comment!
Please enter your name here