Connect with us

International

ഉയ്ഗൂര്‍ മുസ്‌ലിംകളെ അടിച്ചമര്‍ത്തുന്ന നീക്കത്തെ ന്യായീകരിച്ച് ചൈനീസ് ഔദ്യോഗിക പത്രം

Published

|

Last Updated

ബീജിംഗ്: ചൈനയിലെ ഉയ്ഗൂര്‍ മുസ്‌ലിംകളെ അടിച്ചമര്‍ത്തുന്ന നീക്കത്തെ ന്യായീകരിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക പത്രം ഗ്ലോബല്‍ ടൈംസ്. ഉയ്ഗൂര്‍ മുസ് ലിംകള്‍ക്കെതിരെ സ്വീകരിച്ച നടപടിയുടെ ഫലമായി സിന്‍ജിയാംഗ് പ്രവിശ്യ “ചൈനയുടെ സിറിയ”യും “ചൈനയുടെ ലിബിയ”യും ആകുന്നതില്‍ നിന്ന് രക്ഷപ്പെട്ടുവെന്നാണ് ഗ്ലോബല്‍ ടൈംസ് എഴുതിയിരിക്കുന്നത്. ഉയ്ഗൂര്‍ മുസ് ലിംകള്‍ക്കെതിരെ ചൈനീസ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ വിമര്‍ശിച്ചും ഇതില്‍ ആശങ്കപ്പെട്ടും കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭ രംഗത്തെത്തിയിരുന്നു.

നിരവധി ഉയ്ഗൂര്‍ മുസ്‌ലിംകളെ ചൈനീസ് അധികൃതര്‍ പിടികൂടി തടവിലിടുന്നതായും വളരെ രഹസ്യമായാണ് ഇത്തരം അതിക്രമങ്ങള്‍ അരങ്ങേറുന്നതെന്നും ഐക്യരാഷ്ട്രസഭയുടെ ആന്റി ഡിസ്‌ക്രിമിനേഷന്‍ കമ്മിറ്റി അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ചൈനീസ് സര്‍ക്കാറിന്റെ നടപടിയെ ന്യായീകരിച്ച് ഗ്ലോബല്‍ ടൈംസ് പുറത്തിറങ്ങിയിരിക്കുന്നത്.

ഭീകരവിരുദ്ധ നടപടികളെന്ന പേരില്‍ ചൈനീസ് സര്‍ക്കാര്‍ പത്ത് ലക്ഷത്തോളം ഉയ്ഗൂര്‍, കസാക് മുസ് ലിംകളെ തടവില്‍ വെച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. ഇവരെ തടവില്‍ വെച്ച ക്യാമ്പുകളില്‍ കടുത്ത പീഡനങ്ങള്‍ അരങ്ങേറുന്നതായും ഇസ്‌ലാമിനെ ഇകഴ്ത്തി സംസാരിക്കാനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പുകഴ്്ത്താനും ഇവിടെയുള്ള ഉയ്ഗൂര്‍ മുസ്‌ലിംകള്‍ നിര്‍ബന്ധിക്കപ്പെടുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
സിന്‍ജിയാംഗ് പ്രവിശ്യയില്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ ആഗോള സമാധാനത്തിനും സുസ്ഥിരതക്കും വേണ്ടിയാണെന്ന് പത്രം വാദിക്കുന്നു.

Latest