Connect with us

Ongoing News

സാഫ് അണ്ടര്‍ 15 വനിതാ ഫുട്‌ബോള്‍: തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ സെമിയില്‍

Published

|

Last Updated

തിംഫു: അണ്ടര്‍ 15 സാഫ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വനിതകള്‍ സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ ആതിഥേയരായ ഭൂട്ടാനെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ കുതിപ്പ്. 58ാം മിനുട്ടില്‍ ക്യാപ്റ്റന്‍ ഷില്‍കി ദേവിയാണ് വിജയഗോള്‍ നേടിയത്.

കളിയുടെ തുടക്കത്തില്‍ ഭൂട്ടാനായിരുന്നു മികച്ചു നിന്നത്. എന്നാല്‍, കളിയുടെ ഒഴുക്കിന് വിപരീതമായി പതിമൂന്നാം മിനുട്ടില്‍ ഇന്ത്യക്ക് ഒരു മികച്ച അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. പിന്നാലെ, കിര്‍തിനാ ദേവിയുടെ ഷോട്ട് ബാറിലിടിച്ച് മടങ്ങിയത് ഇന്ത്യക്ക് നിരാശ സമ്മാനിച്ചു.

രണ്ടാം പകുതി തുടങ്ങി അധികം താമസിയാതെ ഷില്‍കി ഇന്ത്യയുടെ വിജയഗോള്‍ നേടി. ടൂര്‍ണമെന്റിലെ ഷില്‍കി ദേവിയുടെ നാലാമത്തെ ഗോളായിരുന്നു ഇത്. കളി തീരാന്‍ അഞ്ച് മിനുട്ട് ശേഷിക്കേ ഗോള്‍ നേടാന്‍ ഭൂട്ടാന് അവസരം ലഭിച്ചെങ്കിലും ഗോള്‍ കീപ്പര്‍ അഞ്ജലിയുടെ ഉജ്ജ്വല സേവ് ഇന്ത്യക്ക് തുണയായി.

ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ 12-0ത്തിന് തകര്‍ത്തുവിട്ടിരുന്നു. ഈ മാസം പതിനാറിന് നടക്കുന്ന സെമി ഫൈനലില്‍ ബംഗ്ലാദേശോ നേപ്പാളോ ആയിരിക്കും ഇന്ത്യയുടെ എതിരാളി.