ഇടുക്കിയില്‍ ആശങ്ക അകലുന്നു; ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു

Posted on: August 13, 2018 7:46 pm | Last updated: August 13, 2018 at 10:38 pm

തൊടുപുഴ: ഇടുക്കി അണക്കെട്ട് ഉയര്‍ത്തിയ ആശങ്ക അയയുന്നു. ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു. അണക്കെട്ടിന്റെ ഇരുവശങ്ങളിലുമുള്ള ഒന്നും അഞ്ചും ഷട്ടറുകളാണ് അടച്ചത്.

മൂന്ന് ഷട്ടറുകളിലൂടെ ഇപ്പോഴും ജലം തുറന്നുവിടുന്നുണ്ട്. എന്നാല്‍, ഇതുവഴി പുറത്തേക്കു വിടുന്ന ജലത്തിന്റെ അളവില്‍ കുറവ് വരുത്തിയിട്ടുണ്ട്. സെക്കന്‍ഡില്‍ 4.5 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇപ്പോള്‍ ഓരോ ഷട്ടറിലൂടെയും പുറത്തേക്ക് വിടുന്നത്.

ചെറുതോണി അണക്കെട്ടിലെ രണ്ട് ഷട്ടറുകള്‍ അടച്ചതോടെ പെരിയാറിലെ ജലനിരപ്പിലും കുറവുണ്ടായിട്ടുണ്ട്. അണക്കെട്ടില്‍ നിന്നുള്ള വെള്ളം കുത്തിയൊലിച്ചതോടെ വെള്ളത്തിനടിയിലായ ചെറുതോണി ടൗണിലെ പാലം ഇപ്പോള്‍ ദൃശ്യമായിട്ടുണ്ട്. ചെറുതോണി ടൗണിലെ ജലനിരപ്പിലും കാര്യമായ കുറവുണ്ട്.

വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിരുന്നു. തുടര്‍ന്നാണ് ചെറുതോണിയിലെ ഷട്ടറുകള്‍ അടച്ചത്.