Connect with us

National

ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെ വെടിവെച്ച് കൊല്ലാന്‍ ശ്രമം

Published

|

Last Updated

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെ വധിക്കാന്‍ ശ്രമം. അജ്ഞാതന്‍ ഉമര്‍ ഖാലിദിന് നേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ചു. ഡല്‍ഹി റഫി മാര്‍ഗില്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിന് പുറത്ത് വെച്ചാണ് സംഭവം. ആക്രമണ ശ്രമത്തിനിടെ ഉമര്‍ താഴെ വീണെങ്കിലും വെടിയേല്‍ക്കാതെ രക്ഷപ്പെട്ടു. അക്രമി ഓടിപ്പോയതായി ദൃക്‌സാക്ഷി മാധ്യമങ്ങളോട് പറഞ്ഞു.

വെള്ള ഷര്‍ട്ട് ധരിച്ചെത്തിയ അക്രമി ഉമറിനെ തള്ളിയശേഷം വെടിയുതിര്‍ക്കുകയായിരുന്നു. ഉമര്‍ ഖാലിദിന്റെ കൂടെയുണ്ടായിരുന്നവര്‍ ഇയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ തോക്ക് ഉപേക്ഷിച്ച് അക്രമി രക്ഷപ്പെടുകയായിരുന്നെന്നാണു വിവരം.

യുനൈറ്റഡ് എഗെന്‍സ്റ്റ് ഹേറ്റ് എന്ന സംഘടന സംഘടിപ്പിച്ച് “ഖൗഫ് സേ ആസാദി” എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഉമര്‍ ഖാലിദ്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. രാജ്യദ്രോഹപരമായ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് ഉമര്‍ ഖാലിദിനെതിരെ രണ്ട് വര്‍ഷം മുമ്പ് പോലീസ് കേസെടുത്തിരുന്നു. പിന്നീട് 2016 ഫെബ്രുവരിയില്‍ ഉമറിനേയും കനയ്യ കുമാറിനേയും അനിര്‍ബന്‍ ഭട്ടാചാര്യയേയും അറസ്റ്റ് ചെയ്തിരുന്നു.
ഗൗരി ലങ്കേഷിനെയാണ് ഓര്‍മവരുന്നതെന്ന് അക്രമത്തെ കുറിച്ച് ഉമര്‍ ഖാലിദ് പ്രതികരിച്ചു.