കുമ്പസാര പീഡനം : പ്രതികളായ രണ്ട് വൈദികര്‍ കീഴടങ്ങി

Posted on: August 13, 2018 10:54 am | Last updated: August 13, 2018 at 7:25 pm
SHARE

കൊല്ലം : കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസില്‍ രണ്ട് വൈദികര്‍ കീഴടങ്ങി. നാലാം പ്രതി ഫാ.ജെയ്‌സ് കെ ജോര്‍ജ്, ഒന്നാം പ്രതി എബ്രഹാം വര്‍ഗീസ് എന്നിവരാണ് കീഴടങ്ങിയത്. ഇന്ന് രാവിലെ കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് നാലം പതി കീഴടങ്ങിയിരിക്കുന്നത്. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിലാണ് ഒന്നാം പ്രതി എബ്രഹാം വര്‍ഗീസ് കീഴടങ്ങിയത്.

ജെയ്‌സ് കെ ജോര്‍ജിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ കൊല്ലം ഡിസിആര്‍ബി ഓഫീസിലെത്തിക്കും. കൗണ്‍സിലിംഗ് നല്‍കാമെന്ന് പറഞ്ഞ് വീട്ടമ്മയെ കൊച്ചിയിലെ ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കുകയും ഹോട്ടല്‍ ബില്ല് നിര്‍ബന്ധിച്ച് അടപ്പിക്കുകയും ചെയ്തുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.

അതേ സമയം കേസിലെ ഒന്നാം പ്രതി എബ്രഹാം വര്‍ഗീസ് വീട്ടമ്മയെ വിവാഹത്തിന് മുമ്പും പീഡിപ്പിക്കുകയും വിവാഹ ശേഷവും ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നുവെന്നാണ് കേസ്.

കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഇരു പ്രതികളും സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നില്ല. പോലീസിന് മുമ്പാകെ കീഴടങ്ങിയ ശേഷം ജാമ്യ ഹരജി നല്‍കാമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. കീഴടങ്ങേണ്ട സമയം ഇന്ന് അവസാനിക്കെയാണ് ഒരു പ്രതികള്‍ കീഴടങ്ങിയിരക്കുന്നത്. ഇന്ന് രാവിലെ ഒരാള്‍ പോലീസിലും മറ്റൊരാള്‍ കോടതിയിലുമാണ് കീഴടങ്ങിയത്‌