Connect with us

Articles

അമൃത ബസാര്‍ പത്രികയല്ല എ ബി പി ന്യൂസ്‌

Published

|

Last Updated

1870കളുടെ അവസാനത്തിലാണ്. ബംഗാളിന്റെ ലഫ്റ്റനന്റ് ഗവര്‍ണര്‍ സര്‍ ആഷ്‌ലി ഈഡന്‍. കൊല്‍ക്കത്തയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ബംഗാളി പത്രം അമൃത ബസാര്‍ പത്രികയുടെ പത്രാധിപര്‍ ശിശിര്‍ കുമാര്‍ ഘോഷിന് ഗവര്‍ണര്‍ സായിപ്പിന്റെ കല്‍പ്പന വന്നു. അച്ചടിക്ക് തയ്യാറായ പത്രം ഗവര്‍ണറുടെ പരിശോധനക്ക് നല്‍കണം. ഗവര്‍ണറുടെ അനുവാദം കിട്ടിയാലേ പ്രസിദ്ധീകരിക്കാവൂ. അങ്ങനെയാണെങ്കില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സാമ്പത്തിക പിന്തുണ പത്രത്തിനുണ്ടാകും. ഗവര്‍ണറുടെ കല്‍പ്പന പത്രാധിപര്‍ തള്ളിക്കളഞ്ഞു. സത്യസന്ധനായ ഒരു പത്രപ്രവര്‍ത്തകനെയെങ്കിലും ഈ നാടിന് ആവശ്യമുണ്ടെന്ന് ഗവര്‍ണറോട് പറയുകയും ചെയ്തു. പത്രത്തിനു മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്താനായിരുന്നു ഗവര്‍ണര്‍ സായിപ്പിന്റെ തീരുമാനം. 1878ല്‍ വെര്‍ണാകുലര്‍ പ്രസ് നിയമം കൊണ്ടുവരാന്‍ അന്നത്തെ വൈസ്രോയ് തീരുമാനിച്ചതിന്റെ കാരണങ്ങളിലൊന്ന് അമൃത ബസാര്‍ പത്രികയുടെ വളയാത്ത നട്ടെല്ലായിരുന്നു. പത്രപ്രവര്‍ത്തന സ്വാതന്ത്ര്യം ഹനിച്ച നിയമത്തിന്റെ ബലത്തില്‍ പല പത്രങ്ങള്‍ക്കു മേലും ഭരണകൂടം കനത്ത പിഴ ചുമത്തി. നിരവധി പത്രാധിപന്‍മാര്‍ ജയിലിലുമായി. ബംഗാളിയില്‍ പ്രസിദ്ധീകരിച്ചിരുന്ന പത്രം ഒരു ദിവസം കൊണ്ട് ഇംഗ്ലീഷിലേക്ക് മാറ്റിക്കൊണ്ടാണ് അമൃത ബസാര്‍ പത്രിക പ്രാദേശിക ഭാഷാ പത്രങ്ങളെ നിയന്ത്രിക്കാനുള്ള നിയമത്തെ മറികടന്നത്.

സ്വതന്ത്ര ഇന്ത്യയില്‍ അടിയന്തരാവസ്ഥക്കാലത്താണ് മാധ്യമ സ്വാതന്ത്ര്യം വിലക്കപ്പെട്ടത്. സര്‍ക്കാറിനെ വിമര്‍ശിക്കുന്നതൊക്കെ ചുമതലപ്പെട്ട ഉദ്യോഗസ്ഥരിലൂടെ സെന്‍സര്‍ ചെയ്തു ഭരണകൂടം. പൗരന് ഭരണഘടന പ്രദാനം ചെയ്യുന്ന മൗലികാവകാശങ്ങളൊക്കെ റദ്ദുചെയ്യപ്പെട്ട കാലമായിരുന്നു അത്. ഏതാണ്ട് ആ അവസ്ഥയിലേക്ക് രാജ്യത്തെ എത്തിക്കുകയാണ് നാലരക്കൊല്ലത്തെ നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഭരണം. അതിന്റെ ഉദാഹരണങ്ങളിലൊന്നാണ് അമൃത ബസാര്‍ പത്രികയുടെ കാലത്ത് തന്നെ തുടങ്ങിയ ആനന്ദ് ബസാര്‍ പത്രികയുടെ സഹോദര സ്ഥാപനമായ എ ബി പി ന്യൂസ് ചാനലില്‍ അരങ്ങേറിയത്.
ബ്രിട്ടീഷ് സര്‍ക്കാറിന്റെ കല്‍പ്പനയെ അനുസരിക്കാനില്ലെന്ന് ശിശിര്‍ കുമാര്‍ ഘോഷ് പ്രഖ്യാപിച്ചത് ഒന്നര നൂറ്റാണ്ട് മുമ്പാണ്. കച്ചവടത്തിന് വന്ന ഈസ്റ്റ് ഇന്ത്യാ കമ്പനി, തോക്കിന്റെ ബലത്തില്‍ ഇന്ത്യന്‍ ഭൂപ്രദേശത്തെ മുഴുവനായി കീഴ്‌പ്പെടുത്തിയ സമയം. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ വായ് തുറക്കുന്നത് രാജ്യദ്രോഹമായി കണക്കാക്കിയിരുന്ന കാലം. സ്വാതന്ത്ര്യസമരത്തിന്റെ പേരില്‍ ജയിലില്‍ അടക്കപ്പെട്ട വി ഡി സവര്‍ക്കര്‍, ബ്രിട്ടീഷ് രാജാധികാരത്തോട് മാപ്പപേക്ഷിച്ച് വിടുതല്‍ വേണമെന്ന് കെഞ്ചിയ കാലത്തിനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ്. അപ്പോഴാണ് ഒരു പത്രാധിപര്‍ “സൂര്യനസ്തമിക്കാത്ത സാമ്രാജ്യ”മെന്ന് അഹങ്കരിച്ചിരുന്നവരുടെ പ്രതിനിധിയുടെ കല്‍പ്പനയെ വിഗണിച്ചത്. സ്വാതന്ത്ര്യത്തിന് 61 ആണ്ട് തികഞ്ഞു. ജനാധിപത്യവും അതിന്റെ സകല തൂണുകളും നിലനില്‍ക്കുകയും ചെയ്യുന്നു. അവകാശാധികാരങ്ങളെക്കുറിച്ച് ജനത്തിന് കൂടുതല്‍ ബോധ്യമുണ്ട്.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ബലത്തില്‍ രാജ്യത്താകെ മാധ്യമങ്ങള്‍ തഴച്ചുവളര്‍ന്നു. അവ്വിധം മാധ്യമങ്ങളൊന്നാകെ ചേര്‍ന്നാല്‍ ജനഹിതം മാറ്റിയെഴുതാവുന്ന സ്ഥിതിയുണ്ടായി. അത്ര കരുത്തുള്ള കാലത്താണ് ആനന്ദ ബസാര്‍ പത്രികയുടെ മാധ്യമ നയമെന്താകണമെന്ന് നരേന്ദ്ര മോദിയും അമിത് ഷായും തീരുമാനിക്കുന്നത്. ആ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി അവിടുത്തെ രണ്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലി അവസാനിപ്പിക്കേണ്ടി വരുന്നത്. സ്വന്തം ചാനലിന്റെ പ്രൈം ടൈം ഷോ, ഡി ടി എച്ചില്‍ നിന്ന് ഒഴിവാക്കാന്‍ ചാനല്‍ മാനേജുമെന്റ് തന്നെ തീരുമാനിക്കുന്നത്.
ജീവിക്കാനുള്ള അവകാശം തങ്ങളുടെ ഔദാര്യം മാത്രമാണെന്ന് ജനത്തെ ബോധ്യപ്പെടുത്തുകയാണ് ഭരണകൂടവും അതിന്റെ പിന്‍ബലമായ സംഘ്പരിവാര്‍ സംഘടനകളും. പശുക്കടത്ത് ആരോപിച്ചും ഗോമാംസം ഭക്ഷിക്കുന്നവരെന്ന് കുറ്റപ്പെടുത്തിയും ആരെയും തല്ലിക്കൊല്ലാവുന്ന അവസ്ഥ രാജ്യത്ത് നിലനില്‍ക്കുന്നു. അത്തരം അക്രമിക്കൂട്ടങ്ങള്‍ക്ക് അഴിഞ്ഞാടാന്‍ പാകത്തില്‍ നിയമപാലന സംവിധാനങ്ങളെ നിഷ്‌ക്രിയമാക്കുന്നു ഭരണകൂടം. കൊലപാതകക്കേസുകള്‍ അട്ടിമറിക്കാന്‍ ബി ജെ പി ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ പോലീസ് മത്സരിക്കുന്നതാണ് കാഴ്ച. അതിലേക്ക് അവരെ നയിക്കും വിധത്തില്‍, ഗോസംരക്ഷണത്തിന്റെ പേരിലിറങ്ങി, കേസിലുള്‍പ്പെടുന്ന ഗുണ്ടാ സംഘങ്ങളെ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് കേന്ദ്ര മന്ത്രിമാരും ബി ജെ പിയുടെ നേതാക്കളും.

ക്രമസമാധാനപാലനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്നും അതില്‍ കേന്ദ്ര സര്‍ക്കാറിന് ഒന്നും ചെയ്യാനില്ലെന്നും വിശദീകരിക്കുന്ന ഭരണകൂടം, തീവ്ര ഹിന്ദുത്വ അജന്‍ഡകളെ അംഗീകരിക്കാത്ത, ഹിന്ദു പാരമ്പര്യം ഉറക്കെപ്പറയാന്‍ തയ്യാറല്ലാത്ത ആളുകള്‍ ഈ രാജ്യത്ത് വേണ്ട എന്നാണ് പ്രഖ്യാപിക്കുന്നത്. ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ച് ന്യൂനപക്ഷങ്ങളെയാകെ വരുതിയില്‍ നിര്‍ത്തുക എന്ന അജന്‍ഡയുടെ ഭാഗമാണ് ഇത്തരം ആള്‍ക്കൂട്ട കൊലകള്‍. ഗുജറാത്തില്‍ സംഘടിപ്പിച്ചത് പോലുള്ള വംശഹത്യാശ്രമമോ വ്യാജ ഏറ്റുമുട്ടലുകളോ നരേന്ദ്ര മോദി പരമാധികാരിയായിരിക്കെ അസാധ്യമാണ്. അത്തരം വഹകള്‍, അന്താരാഷ്ട്ര രംഗത്ത് ഇപ്പോള്‍തന്നെയില്ലാത്ത പേര് കൂടുതല്‍ മോശമാക്കുമെന്ന് നന്നായി അറിയാവുന്നയാള്‍ മോദി തന്നെയാണ്. ആകയാല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളും നുണകളുടെ പ്രചാരണവും അതിലൂടെയുള്ള വര്‍ഗീയ ധ്രുവീകരണവും മാത്രമേ സാധ്യമാകൂ. (വ്യാജ ഏറ്റുമുട്ടല്‍ ഉത്തര്‍ പ്രദേശില്‍ വിജയകരമായി പരീക്ഷിക്കുന്നുണ്ട് എന്നത് മറക്കുന്നില്ല)

നുണകള്‍ സുഗമമായി പ്രചരിപ്പിക്കാനും ഊഹാപോഹങ്ങളെ ഉണര്‍ത്തിവിടാനും ഏറ്റവുമെളുപ്പം സാമൂഹിക മാധ്യമങ്ങളാണ്. അവിടെയുള്ള വലിയ അപകടം, പ്രചിപ്പിക്കപ്പെടുന്നത് നുണയും ഊഹാപോഹവുമാണെന്ന് എളുപ്പത്തില്‍ തിരിച്ചറിയപ്പെടാനും ഇടയാകുമെന്നതാണ്. ഒരു നുണ പ്രചരിപ്പിച്ചാല്‍, ഒരുപക്ഷേ അതിന്റെ പത്തിരട്ടി വേഗത്തിലാകും അതിന്റെ തിരുത്ത് പ്രചരിപ്പിക്കപ്പെടുക എന്ന് ചുരുക്കം. അത്തരം തിരുത്തുകള്‍ക്ക് പരമ്പരാഗത മാധ്യമങ്ങളില്‍ ഇടം കിട്ടുകയും ചെയ്യും. ഈ സാഹചര്യം ഇല്ലാതാക്കുക എന്നതിനാകും ഫാസിസ്റ്റ് ഭരണകൂടത്തിന്റെ മുന്‍ഗണന. പരമ്പരാഗത മാധ്യമങ്ങളെയാകെ സ്വന്തം ചേരിയില്‍ നിര്‍ത്തുക എന്നതാണ് ഒരു വഴി. അതിനാണ് അംബാനി മുഖാന്തിരം രാജ്യത്തെ ഏറ്റവും വലിയ ടെലിവിഷന്‍ ശൃംഖലയെ വാങ്ങിയെടുത്തത്. മറ്റ് മാധ്യമ ശൃംഖലകളില്‍ വലിയൊരളവ്, അവര്‍ നേരത്തെ തന്നെ പിന്തുടരുന്ന മൃദു ഹിന്ദുത്വ നിലപാടുകളാലോ അധികാരത്തിന്റെ ഇംഗിതത്തിന് വഴങ്ങുന്നതാണ് കച്ചവടത്തിന് നല്ലത് എന്ന തോന്നലിനാലോ ഒക്കെ സംഘ്പരിവാറിന്റെ വരുതിയിലേക്ക് വരികയും ചെയ്തു.

ഇനിയും വഴങ്ങാതെ നില്‍ക്കുന്നവരെ ലക്ഷ്യമിടുമ്പോള്‍ സ്വീകരിക്കാവുന്ന ആയുധങ്ങളിലൊന്നാണ് എ ബി പിയില്‍ പ്രയോഗിച്ചത്. നേരത്തെ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനി പൊടുന്നനെ വലിയ ലാഭമുണ്ടാക്കി പൂട്ടിപ്പോയതിന്റെ യുക്തി, കേന്ദ്ര കമ്പനി കാര്യ വകുപ്പ് പ്രസിദ്ധീകരിച്ച കണക്കുകള്‍ നിരത്തി ചോദ്യം ചെയ്തപ്പോള്‍ “ദി വയറി”നെ നേരിട്ടത് കോടതി വഴിയായിരുന്നു. ഇക്കാര്യത്തില്‍ വാര്‍ത്തകളൊന്നും ഇനി പാടില്ലെന്ന് കീഴ്‌ക്കോടതിയില്‍ നിന്ന് വിധി സമ്പാദിക്കാന്‍ അവര്‍ക്കായി. വാര്‍ത്ത വിലക്കുന്ന സ്ഥിതി അംഗീകരിക്കാന്‍ തത്കാലം മേല്‍ക്കോടതികള്‍ക്ക് സാധിക്കാതിരിക്കയാല്‍ തത്കാലം “ദി വയര്‍” രക്ഷപ്പെട്ടുനില്‍ക്കുന്നു. ഹിന്ദുത അജന്‍ഡകള്‍ക്കൊപ്പിച്ച് നീതിന്യായ സംവിധാനത്തെ പുതുക്കിപ്പണിയുന്ന ജോലി ഒരുഭാഗത്തു നിന്ന് തുടങ്ങിയിട്ടുണ്ട്. അത് പൂര്‍ത്തിയാകുന്ന മുറക്ക്, മാധ്യമ സ്വാതന്ത്ര്യത്തിനുള്ള വിലക്കുകള്‍ മേല്‍ക്കോടതികള്‍ അംഗീകരിച്ച് തുടങ്ങും. അതുവരെ എ ബി പി മാതൃകയാണ് അഭികാമ്യം.

പരമാധികാരി, രാജ്യത്തെ പരമദരിദ്രരായ ജനങ്ങളുമായി സംവദിക്കുന്നു. അത് സര്‍ക്കാറിന്റെ ടെലിവിഷന്‍ ശൃംഖല മുഖാന്തിരം നാടാകെ കാണിക്കുന്നു. പരമാധികാരിയുടെ ദീനാനുകമ്പയെക്കുറിച്ച്, പരമദരിദ്രരുടെ കാര്യത്തിലുള്ള ഉത്കണ്ഠയെക്കുറിച്ച് ഒക്കെ ജനം വാതോരാതെ സംസാരിക്കുന്നു. പരമാധികാരത്തിന്റെ നാലര വര്‍ഷം കൊണ്ട് ആദായം ഇരട്ടിയായെന്ന് ഉച്ചത്തില്‍ പറയുന്നു (ഒരു ചാണ്‍ വയറ് അരച്ചാണായെന്ന് മനസ്സിലും) പരമദരിദ്രികള്‍. രാജ്യത്തെ സ്ത്രീകളുടെ വരുമാനം ഇരട്ടിയാക്കാന്‍ സാധിച്ചതിന്റെ സംതൃപ്തിയില്‍ പരമാധികാരം ചിരിക്കുന്നു. ഇത്രയും ഭംഗിയായി കഴിഞ്ഞപ്പോഴാണ് വരുമാനം ഇരട്ടിയായെന്ന് പറഞ്ഞ സ്ത്രീയുടെ അടുത്തേക്ക് എ ബി പിയുടെ ക്യാമറയെത്തിയത്. പരമാധികാരത്തിന് മുന്നില്‍ പറഞ്ഞതൊക്കെയും കളവെന്ന് സ്ത്രീ, എ ബി പിയോട് പറഞ്ഞു. അത് സംപ്രേഷണം ചെയ്തതോടെയാണ് എ ബി പിയെ നിയന്ത്രിക്കാന്‍ പരമാധികാരം തീരുമാനിച്ചത്. തന്റെ പേര് ഉച്ചരിക്കരുതെന്നായിരുന്നു ആദ്യത്തെ കല്‍പ്പന. തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ വിമര്‍ശിക്കരുതെന്ന് രണ്ടാമത്തേത്.

ശിശിര്‍ കുമാര്‍ ഘോഷിന്റെ പിന്‍ഗാമികളായിരുന്നില്ല എ ബി പിയുടെ മുതലാളിമാര്‍. പല പത്രങ്ങളിലും ചാനലുകളിലുമായി പരന്നുകിടക്കുന്ന മാധ്യമ വ്യവസായം മേല്‍ക്കുമേല്‍ അഭിവൃധിപ്പെടുക എന്നതിനേക്കാള്‍ വലുതല്ല മാധ്യമ സ്വാതന്ത്ര്യമെന്ന് അവര്‍ നിശ്ചയിച്ചു. അവരതങ്ങനെ പൊടുന്നനെ തീരുമാനിച്ചതാണോ ഭീഷണികളാലും പ്രലോഭനങ്ങളാലും വഴിപ്പെട്ടതാണോ എന്നതില്‍ വ്യക്തതയില്ല. രണ്ടും പ്രയോഗിക്കുന്നതില്‍ സമര്‍ഥനാണ് പരമാധികാരമെന്ന് ഗുജറാത്തിലെ വംശഹത്യാക്കേസുകളും വ്യാജ ഏറ്റുമുട്ടല്‍ കേസുകളും ഏതാണ്ടെല്ലാം അട്ടിമറിക്കപ്പെട്ടപ്പോള്‍ ബോധ്യപ്പെട്ടതാണ്. എന്തായാലും സാഷ്ടാംഗം പ്രണമിച്ചു എ ബി പി, വഴിതെറ്റിയ കുഞ്ഞാടുകളെ പുറത്താക്കി അധികാരത്തോട് കൂറും തെളിയിച്ചു. അധികാരത്തോട് എന്നുവെച്ചാല്‍ രാജ്യത്തോട് എന്നാണര്‍ഥം. ഗവര്‍ണര്‍ സായിപ്പിന്റെ കാലത്തും അധികാരത്തോടുള്ള കുറായിരുന്നു രാജ്യത്തോടുള്ള കൂറ്. എല്ലാ അധിനിവേശശക്തികളുടെയും കാര്യത്തില്‍ അതങ്ങിനെയാണ് താനും. അതിനാല്‍ സത്യസന്ധനായ ഒരു മാധ്യമ പ്രവര്‍ത്തകനെയെങ്കിലും ഈ രാജ്യത്തിന് ആവശ്യമുണ്ടെന്ന് കലഹിച്ച്, രാജ്യദ്രോഹികായാകാന്‍ എ ബി പി തയ്യാറായില്ല.

നുണകളുടെ പ്രചാരണം നിങ്ങള്‍ ഏറ്റെടുക്കണമെന്നില്ല, പക്ഷേ പരമാധികാരം പ്രചരിപ്പിക്കുന്ന നുണകള്‍, നുണകളാണെന്ന് പറയാതിരിക്കണം. അതേ തത്കാലം വേണ്ടൂ. മാധ്യമ മേഖലയെ അതിന് പാകപ്പെടുത്താനാണ് എ ബി പിയില്‍ നേരിട്ട് ഇടപെട്ടത്. ചിലരെ സ്ഥാനഭ്രഷ്ടരാക്കുമ്പോള്‍ നാളെ ആരുടെയും സ്ഥാനം നഷ്ടപ്പെടാമെന്ന ഭീതി വിതക്കുകയാണ്. ഏത് മാധ്യമസ്ഥാപനത്തിലേക്കും അധികാരത്തിന്റെ കൈകള്‍ നീളാമെന്ന ഭീതിയും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest