Connect with us

Editorial

കോടതി നടപടികള്‍ ഒച്ചിന്റെ വേഗത്തില്‍

Published

|

Last Updated

ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായങ്ങളിലൊന്നാണ് 12 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ മധ്യപ്രദേശ് കോടതി നടപടി. രണ്ടര മാസത്തിനുള്ളിലാണ് വിചാരണയും നടപടികളും പൂര്‍ത്തിയാക്കി പ്രതിക്ക് ശിക്ഷ വിധിച്ചത്. മേയ് 29നാണ് വിവാഹചടങ്ങില്‍ വെച്ചു പൂക്കള്‍ നല്‍കാമെന്ന് പ്രലോഭിപ്പിച്ചു 12 വയസ്സുകാരിയെ യു പി സ്വദേശി മോട്ടിലാല്‍ എന്ന ഇരുപത്തിനാലുകാരന്‍ കൂട്ടിക്കൊണ്ടു പോയത്. ആളൊഴിഞ്ഞ സര്‍ക്കാര്‍ സ്‌കൂളിലാണ് ഇയാള്‍ കുട്ടിയുമായെത്തിയത്. ബലാത്സംഗത്തിന് ശേഷം കുട്ടിയെ ഉപേക്ഷിച്ചു ഇയാള്‍ സ്ഥലംവിട്ടു. കേസില്‍ പോലീസ് നടപടികളും അറസ്റ്റും ശിക്ഷാവിധിയുമെല്ലാം റിക്കാര്‍ഡ് വേഗതയിലായിരുന്നു. ജീവപര്യന്തം തടവാണ് ശിക്ഷ. രാജ്യത്ത് ആദ്യമായാണ് ഒരു പീഡനക്കേസില്‍ ഇത്രയും കുറഞ്ഞ കാലയളവില്‍ കോടതി നടപടികള്‍ പൂര്‍ത്തീകരിക്കുന്നത്.
“നീതിവിളംബം നീതിനിഷേധ”മെന്നത് സര്‍വാംഗീകൃത തത്വമാണ്. കേസുകളില്‍ കോടതികള്‍ എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കണമെന്നാണ് നീതിയുടെ തേട്ടം. എന്നാല്‍ ഇന്ത്യന്‍ കോടതികളില്‍ പൊതുവെ ഒച്ചിന്റെ വേഗതയിലാണ് നടപടികള്‍ നീങ്ങുന്നത്.

സുപ്രീംകോടതിയില്‍ 62,537ഉം ഹൈക്കോടതികളില്‍ 40.15 ലക്ഷവും കീഴ്‌ക്കോടതികളില്‍ 2.74 കോടിയും കേസുകള്‍ കെട്ടിക്കിടക്കുന്നു. 2017 ഒക്‌ടോബരില്‍ നിയമമന്ത്രാലയം വെളിപ്പെടുത്തിയതാണിത്. 2017 ജനുവരിയിലെ സുപ്രീംകോടതി റിപ്പോര്‍ട്ടില്‍ പറയുന്നത് രാജ്യത്തെ ജില്ലാ കോടതികളില്‍ മാത്രം തീര്‍പ്പാവാതെ കിടക്കുന്ന കേസുകളുടെ എണ്ണം മാത്രം 2.8 കോടി വരുമെന്നാണ്. കെട്ടിക്കിടക്കുന്ന കേസുകളില്‍ 28 ശതമാനം അഞ്ച് വര്‍ഷത്തിലധികവും 21 ലക്ഷം പത്ത് വര്‍ഷത്തിലധികവും പഴക്കമുള്ളതാണ്. ദശാബ്ദങ്ങളോളം പഴക്കമുള്ളവയുമുണ്ട് കൂട്ടത്തില്‍. 2014ല്‍ ഡല്‍ഹി ഹൈക്കോടതി നീണ്ട 32 വര്‍ഷത്തെ നിയമ പോരാട്ടത്തിനു ശേഷമാണ് 85കാരന് വിവാഹമോചനം അനുവധിച്ചത്. അനുകൂല വിധി നേടാന്‍ കഴിഞ്ഞെങ്കിലും ആയുസ്സി്‌ന്റെ ഗണ്യമായൊരു ഭാഗവും കോടതിക്കകത്ത് ചെലവിടേണ്ടി വന്നത് എത്ര കഷ്ടമാണ്. നിര്‍ഭാഗ്യകരമെന്നാണ് ഈ കാലതാമസത്തെക്കുറിച്ച് ഹൈക്കോടതി തന്നെ പറഞ്ഞത്.
കോടതികളുടെ പ്രവര്‍ത്തനം ഇതേരീതിയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നതെങ്കില്‍ നിലവിലെ കേസുകള്‍ തന്നെ തീര്‍പ്പാകാന്‍ 320 വര്‍ഷമെടുക്കുമെന്നാണ് നിയമ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ജഡ്ജിമാരുടെ എണ്ണക്കുറവ്, ഏറ്റെടുക്കുന്ന കേസുകളുടെ ആധിക്യം കാരണം അഭിഭാഷകര്‍ കേസുകള്‍ നീട്ടിവെപ്പിക്കുന്നത്, കോടതി ജീവനക്കാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അപര്യാപ്തത തുടങ്ങി നീളുന്നതിന്റെ കാരണങ്ങള്‍ പലതാണ്. കഴിഞ്ഞ സെപ്തംബറിലെ റിപ്പോര്‍ട്ടനുസരിച്ചു 24 ഹൈക്കോടതികളിലായി 413ഉം കീഴ്‌ക്കോടതികളില്‍ 4,937ഉം ജഡ്ജിമാരുടെ തസ്തിക നികത്താതെ കിടക്കുന്നുണ്ട്. 30 വര്‍ഷത്തിനുള്ളില്‍ കേസുകള്‍ 12 ശതമാനം വര്‍ധിച്ചപ്പോള്‍ ജഡ്ജിമാരുടെ എണ്ണത്തിലെ വര്‍ധന ആറ് ശതമാനം മാത്രമാണെന്നാണ് നാഷണല്‍ കോര്‍ട്ട് മാനേജ്‌മെന്റ് സിസ്റ്റം 2012ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു ദശലക്ഷം പേര്‍ക്ക് 14 ജഡ്ജിമാര്‍ എന്നതാണിപ്പോള്‍ അനുപാതം. ലോകത്തെ ഏറ്റവും താഴ്ന്ന അനുപാതമാണിത്. അമേരിക്കയില്‍ ഇത് 104 ആണ്. ഇന്ത്യയിലെ അനുപാതം 50 ആക്കി ഉയര്‍ത്തണമെന്ന് ഒരു ദശാബ്ദത്തിനു മുമ്പ് സര്‍ക്കാര്‍ തീരുമാനിച്ചതാണെങ്കിലും നടപ്പിലായിട്ടില്ല. ആവശ്യത്തിന് ജഡ്ജിമാരെ നിയമിക്കാത്തതിനെ ചൊല്ലി കേന്ദ്രവും സുപ്രീം കോടതിയും പലപ്പോഴും ഏറ്റുമുട്ടിയതാണ്. ചീഫ് ജസ്റ്റിസായിരുന്ന താക്കൂര്‍, ജോലിഭാരം കാരണം തങ്ങള്‍ കഷ്ടപ്പെടുകയാണന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്ള പൊതുചടങ്ങില്‍ പൊട്ടിക്കരഞ്ഞിട്ടും ഇതുവരെ ഒരു പുരോഗതിയുമുണ്ടായിട്ടില്ല.

ഒരേസമയം പല കേസുകളും കൈകാര്യം ചെയ്യേണ്ടിവരുന്ന മുതിര്‍ന്ന അഭിഭാഷകര്‍ ചില കേസുകളില്‍ ജൂനിയര്‍ വക്കീലന്‍മാരെ വിട്ട് കേസ് നീട്ടിവെക്കാന്‍ ആവശ്യപ്പെടുന്നത് സാധാരണമാണ്. പലപ്പോഴും സീനിയര്‍ വക്കീലന്‍മാര്‍ തന്നെ ഹാജരാകണമെന്ന കക്ഷികളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കേസുകള്‍ നീട്ടിവെപ്പിക്കുന്നതെങ്കില്‍ കഴിവുള്ള ജൂനിയര്‍ വക്കീലന്‍മാരുണ്ടായിട്ടും അവര്‍ക്ക് സ്വതന്ത്രമായി കേസ് വാദിക്കാന്‍ അവസരം കൊടുക്കാതെ അഭിഭാഷകര്‍ സ്വയം കേസ് നീട്ടിവെപ്പിക്കുന്ന പ്രവണതയും ഉണ്ട്. ഇതൊരു രോഗമായി വ്യാപിച്ചു കൊണ്ടിരിക്കുകയാണെന്നും നിയന്ത്രിച്ചില്ലെങ്കില്‍ അഭിഭാഷകര്‍ തൊഴില്‍പരമായി ജഡാവസ്ഥയിലാകുമെന്നും കഴിഞ്ഞ സെപ്തംബറില്‍ മദ്രാസ് ഹൈക്കോടതിയുടെ 125ാം വാര്‍ഷികാഘോഷത്തില്‍ ചീഫ് ജസ്റ്റിസ് ദീപക്മിശ്ര ഉണര്‍ത്തുകയുണ്ടായി.
പരാതിക്കാരന് നീതി ലഭിക്കുന്നതിലെ കാലതാമസം മാത്രമല്ല കേസുകള്‍ നീളുന്നതിലെ പ്രശ്‌നം. ഫലപ്രദമായി നീതി നടപ്പാക്കാനുള്ള നീതിന്യായ വ്യവസ്ഥിതിയുടെ കാര്യക്ഷമതയില്ലായ്മ കൂടിയാണ് ഇതു ചൂണ്ടിക്കാണിക്കുന്നതെന്നാണ് മുന്‍ സുപ്രീം കോടതി ജഡ്ജി ബി എന്‍ അഗര്‍വാള്‍ അഭിപ്രായപ്പെട്ടത്. മാത്രമല്ല, കോടതിതീര്‍പ്പ് കാത്തിരുന്നു മടുത്ത ചിലരെങ്കിലും “സ്വയംനീതി നടപ്പാക്കാനും” ശ്രമിക്കാാറുമുണ്ട്. ഇത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനിടയാക്കുന്നു. ജഡ്ജിമാരെയും ജീവനക്കാരെയും നിയമിച്ചും അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തിയും കേസുകള്‍ എത്രയും പെട്ടെന്ന് തീര്‍പ്പാക്കാനുള്ള സാഹചര്യം സൃഷ്ടിച്ചില്ലെങ്കില്‍ കോടതികളുടെ വിശ്വാസ്യതയെ കൂടി അത് ബാധിക്കും.

Latest