ലോക്‌സഭാ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

Posted on: August 13, 2018 9:33 am | Last updated: August 13, 2018 at 7:25 pm


കൊല്‍ക്കത്ത: ലോക്‌സഭാ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു. 89 വയസായിരുന്നു. കൊല്‍ക്കത്തയിലായിരുന്നു അന്ത്യം . ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. വ്യക്ക രോഗത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ ഇന്നലെ ഹ്യദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് ആരോഗ്യനില മോശമാവുകയായിയിരുന്നു. ഇന്ന് രാവിലെ 8.30ഓടെയായിരുന്നു അന്ത്യം. പത്ത് തവണ ലോക്‌സഭാംഗമായിരുന്നു. സിപിഎം കേന്ദ്ര കമ്മറ്റി അംഗമായിരുന്നു. 2004മുതല്‍ 2009വരെ ലോക്‌സഭാ സ്പീക്കറായി പ്രവര്‍ത്തിച്ചു.

ആണവ കരാര്‍ വിഷയത്തെച്ചൊല്ലി യുപിഎ സര്‍ക്കാറിനുള്ള പിന്തുണ സിപിഎം പിന്‍വലിച്ചപ്പോള്‍ സ്പീക്കര്‍ പദവിയില്‍നിന്നും രാജിവെക്കാതിരുന്ന സോമനാഥ് ചാറ്റര്‍ജിയെ പാര്‍ട്ടി പുറത്താക്കി. വളരെ വേദനയോടെയാണ് തീരുമാനം കേട്ടതെന്ന് അദ്ദേഹം പിന്നീട് പ്രതികരിച്ചിരുന്നു. പിന്നീട് പാര്‍ട്ടിയിലേക്ക് തിരിച്ചു വരാനുള്ള ആഗ്രഹം ചാറ്റര്‍ജി പ്രകടിപ്പിച്ചിരുന്നു.

അസാമിലെ തേജ്പുരില്‍ 1929ല്‍ അഭിഭാഷകനും ബുദ്ധിജീവിയുമായ നിര്‍മല്‍ ചന്ദ്ര ചാറ്റര്‍ജിയുടേയും ബീണാപാണി ദേവിയുടേയും മകനായാണ് ജനനം. കോല്‍ക്കത്തയിലെ പ്രസിഡന്‍സി കോളജ് , കല്‍ക്കത്ത യൂനിവേഴ്‌സിറ്റി, കേംബ്രിഡ്ജിലെ ജീസസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1971ല്‍ സിപിഎം പിന്തുണയോടെ സ്വതന്ത്ര ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെയാണ് അദ്ദേഹത്തിന്റെ പാര്‍ലമെന്ററി ജീവിതം ആരംഭിക്കുന്നത്.

രേണു ചാറ്റര്‍ജിയാണ് ഭാര്യ. മക്കള്‍: പ്രതാപ് ചാറ്റര്‍ജി, അനുരാധ, അനുഷീല