Connect with us

Gulf

കൊക്കൈന്‍ കടത്തിയ ബ്രിട്ടീഷ് പൗരന് 10 വര്‍ഷത്തെ ജയില്‍ ശിക്ഷ

Published

|

Last Updated

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയ കേസില്‍ പ്രതിക്ക് 10 വര്‍ഷത്തെ ജയില്‍ ശിക്ഷ. ബ്രിട്ടീഷ് പൗരനായ യാത്രക്കാരന്‍ ജനീവയിലേക്കുള്ള യാത്രാ മധ്യേയാണ് ദുബൈ പോലീസിന്റെ പിടിയിലാകുന്നത്. ഇയാളില്‍ നിന്ന് 7.8 കിലോ ഗ്രാം കൊക്കെയിന്‍ പിടികൂടിയതായി പോലീസ് വ്യക്തമാക്കി. 60 കാരനായ ഇയാള്‍ കഴിഞ്ഞ മേയിലാണ് ദുബൈ പോലീസിന്റെ എയര്‍പോര്‍ട്ട് സെക്യൂരിറ്റി വിഭാഗത്തിന്റെ പിടിയിലായത്.

യാത്രക്കാരന്റെ ബാഗുകള്‍ പരിശോധിക്കുന്ന ഘട്ടത്തില്‍ ഇയാളുടെ ഒരു ബാഗില്‍ അപരിചതമായ എന്തോ ഒന്ന് സ്‌കാനിങ്ങില്‍ തെളിയുകയായിരുന്നു. തുടര്‍ന്ന് ദുബൈ പോലീസിന്റെ ആന്റി നാര്‍ക്കോട്ടിക് വിഭാഗത്തിന്റെ പരിശോധന സംഘത്തിന് പ്രതിയെ കൈമാറി. കസ്റ്റംസ്, ആന്റി നാര്‍ക്കോട്ടിക് വിഭാഗങ്ങള്‍ നടത്തിയ വിശദമായ പരിശോധനയിലാണ് ഇയാളുടെ ബാഗില്‍ കൊക്കൈന്‍ ശേഖരം കണ്ടെത്തിയത്. ഇയാള്‍ക്ക് ദുബൈ പ്രാഥമിക കോടതി 50,000 ദിര്‍ഹം പിഴയും ചുമത്തിയിട്ടുണ്ട്. പ്രതിയുടെ ശിക്ഷാ കാലാവധിക്ക് ശേഷം നാട് കടത്തും.

അതേസമയം, ബാഗ് തന്റേതായിരുന്നില്ലെന്നും ബാഗിനകത്തു എന്തായിരുന്നുവെന്ന് തനിക്കറിയില്ലെന്നും ബ്രിട്ടീഷ് പൗരന്‍ വിചാരണ വേളയില്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. വിശദമായ പരിശോധനയില്‍ ബ്രസീലില്‍ നിന്ന് ദുബൈ വഴി യാത്ര ചെയ്യുകയായിരുന്ന ബ്രിട്ടീഷ് പൗരന്റെ ലഗേജില്‍ കൊക്കൈന്‍ ശേഖരം കണ്ടെത്തിയതായി കസ്റ്റംസ് ഉദ്യോഗസ്ഥനും കോടതിയില്‍ മൊഴി നല്‍കി.
പ്രതിയുടെ ലഗ്ഗേജ് സ്‌കാന്‍ ചെയ്തതിനെ തുടര്‍ന്ന് ടേപ്പുകള്‍ കൊണ്ട് ചുറ്റിയ നിലയില്‍ രണ്ട്‌ബോക്‌സുകള്‍ കണ്ടെത്തി. ഒരു ബോക്‌സ് ശൂന്യമായിരുന്നു. മറ്റൊന്നിലാണ് കൊക്കൈന്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ബ്രസീലിലെ വിമാനത്താവളത്തില്‍ വെച്ച് അപരിചതനായ ഒരാള്‍ ഒഴിഞ്ഞ ബോക്‌സ് തരികയായിരുന്നുവെന്നും ജനീവയില്‍ ഒരു വ്യക്തിയെ ഏല്‍പിക്കാനായിരുന്നു ഇതെന്നും കൊക്കൈന്‍ അടങ്ങിയ വിവരം തനിക്ക് അറിയുമായിരുന്നില്ലെന്നും ബ്രിട്ടീഷ് പൗരന്‍ കോടതിയില്‍ മൊഴി നല്‍കി. ദുബൈ പ്രാഥമിക കോടതിയുടെ വിധിയില്‍ 15 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കുന്നതിന് പ്രതിക്ക് സമയം അനുവദിച്ചിട്ടുണ്ട്.