എയര്‍ ഇന്ത്യാ എക്‌സ്പ്രസ് 13 മണിക്കൂര്‍ വൈകി

Posted on: August 12, 2018 7:27 pm | Last updated: August 12, 2018 at 7:27 pm

ദുബൈ: കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം പതിമൂന്ന് മണിക്കൂറോളം വൈകി. ശനി വെളുപ്പിന് 2.15ന് പുറപ്പെടേണ്ടിയിരുന്ന ഐഎക്‌സ് 344 വിമാനമാണ് വൈകിയത്. സ്ത്രീകളും കുട്ടികളും ഉള്‍പെടെയുള്ള യാത്രക്കാര്‍ വിമാനത്താവളത്തിലെത്തി ഏറെ നേരം കാത്തിരുന്നിട്ടും കൗണ്ടര്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വിമാനം കോഴിക്കോട്ടുനിന്ന് എത്തിയിട്ടില്ലെന്ന കാര്യം അധികൃതര്‍ അറിയിച്ചത്.

പന്ത്രണ്ടു മണിക്കൂര്‍ വിമാനം വൈകുമെന്ന് വ്യക്തമാക്കിയ എയര്‍ലൈന്‍ അധികൃതര്‍ സമീപ പ്രദേശത്തുള്ളവര്‍ തിരിച്ചുപോകണമെന്നും ടാക്‌സിക്കൂലി എയര്‍ലൈന്‍ വഹിക്കുമെന്നും അറിയിച്ചതായി കടവല്ലൂര്‍ സ്വദേശി ഫൈസല്‍ പറഞ്ഞു. ദൂരെ സ്ഥലങ്ങളില്‍നിന്നു വന്നവര്‍ക്ക് ഹോട്ടലില്‍ താമസം ഒരുക്കുമെന്നും എയര്‍ലൈന്‍ വാഗ്ദാനം ചെയ്തിരുന്നു. വീസാ കാലാവധി കഴിഞ്ഞവര്‍ വിമാനത്താവളത്തില്‍ തന്നെ കഴിച്ചുകൂട്ടി. ഒടുവില്‍ പതിമൂന്നു മണിക്കൂര്‍ പിന്നിട്ട് 2.55നാണ് വിമാനം കോഴിക്കോട്ടേക്ക് പറന്നത്. ഇവരെ കാത്ത് രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ ബന്ധുക്കളും പ്രയാസത്തിലായി.