Connect with us

Prathivaram

സമൂഹ മാധ്യമങ്ങളിലെ പ്രതീക്ഷകള്‍

Published

|

Last Updated

ഏറെ നാളത്തെ ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം രാജ്യത്തെ സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള സോഷ്യല്‍ മീഡിയ ഹബ്ബ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചു. ഇക്കാര്യം കഴിഞ്ഞ ദിവസമാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്. ഇതുസംബന്ധിച്ച വിജ്ഞാപനം പിന്‍വലിച്ചതായും കോടതിയെ അറിയിച്ചു. ഇന്ത്യയില്‍ നിലവിലുള്ള മുഴുവന്‍ സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കുകളിലെയും സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാനും സ്ഥിരമായി നിരീക്ഷണം ഏര്‍പ്പെടുത്താനും നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുമായിരുന്നു മോദി സര്‍ക്കാര്‍ സോഷ്യല്‍ മീഡിയ ഹബ് പ്രൊജക്ട് നടപ്പാക്കാന്‍ തീരുമാനിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബ്രോഡ്കാസ്റ്റ് എന്‍ജിനീയര്‍ കണ്‍സല്‍ട്ടന്റ്‌സ് ഇന്ത്യാ ലിമിറ്റഡ് ആണ് സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാനുള്ള സോഫ്റ്റ്‌വെയര്‍ പ്രൊജക്ട് വികസിപ്പിച്ചത്. എന്നാല്‍, പദ്ധതി ഉപേക്ഷിക്കുന്നതോടെ സമൂഹ മാധ്യമങ്ങളിലെ അഭിപ്രായ സ്വാതന്ത്ര്യത്തെയും ജനാധിപത്യ മൂല്യങ്ങളെയും നിയന്ത്രിക്കാനുള്ള നീക്കങ്ങളാണ് പാളിയത്.
സര്‍ക്കാറിന്റെ വിവിധ പദ്ധതി, നയ രൂപവത്കരണങ്ങള്‍ക്ക് സഹായകമാകുമെന്നതിനാലാണ് സോഷ്യല്‍ മീഡിയ ഹബ് പദ്ധതിയെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ വാദം. ഈ വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം എല്‍ എ മഹുവ മൊയ്ത്ര നല്‍കിയ ഹരജി പരിഗണിക്കവേയാണ് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയില്‍ കേന്ദ്ര നിലപാട് വ്യക്തമാക്കിയത്. നേരത്തെ, മൊയ്ത്രയുടെ ഹരജിയില്‍ സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചിരുന്നു. രാജ്യത്തെ പൗരന്മാര്‍ക്കുമേല്‍ ചാരവൃത്തി നടത്തുന്നതിനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റമാണിതെന്നുമായിരുന്നു മഹുവ മൊയ്ത്രയുടെ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. സര്‍ക്കാര്‍വിരുദ്ധ വാര്‍ത്തകള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള അധികാര, രാഷ്ട്രീയ നീക്കങ്ങള്‍ മാധ്യമസ്ഥാപനങ്ങളിലെ ന്യൂസ് റൂമുകളില്‍ സജീവമാണ്. ഇതിനിടെയാണ്, സര്‍ക്കാറിന് സ്തുതി പാടുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിക്കുന്ന ജനകീയ പ്രശ്‌നങ്ങളും അല്‍പ്പമെങ്കിലും ഭേദപ്പെട്ട വിമര്‍ശങ്ങളും ചര്‍ച്ചകളും ലൈവായി നടക്കാറുള്ള സമൂഹ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ശ്രമം നടന്നത്.
പൗരന്റെ സ്വകാര്യതയിലേക്ക് ഭരണകൂടത്തിനെന്നല്ല ആര്‍ക്കും തന്നെ ഒളിഞ്ഞുനോക്കാന്‍ അധികാരമില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സോഷ്യല്‍ മീഡിയയിലും ജനാധിപത്യം ഭീഷണി നേരിടുന്ന ഒരു സാഹചര്യത്തില്‍ പരമോന്നത നീതിപീഠം ഇത്തരം നിരീക്ഷണങ്ങള്‍ നടത്തുന്നതും അതുവഴി കേന്ദ്ര സര്‍ക്കാറിന്റെ സമൂഹ മാധ്യമവിരുദ്ധ നീക്കങ്ങള്‍ ഉപേക്ഷിക്കുന്നതും പ്രതീക്ഷകള്‍ സമ്മാനിക്കുന്നുണ്ട്.

പപ്പട മുത്തശ്ശി
ഒരു പപ്പട മുത്തശ്ശിക്ക് പിന്നാലെയായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയ. തിരക്കേറിയ തെരുവുകളില്‍ ആര്‍ക്കും ശല്യമുണ്ടാക്കാതെ പപ്പടം വില്‍ക്കുന്ന മുത്തശ്ശി. സോഷ്യല്‍ മീഡിയ ഇവരെ പപ്പടമുത്തശ്ശി എന്ന് വിളിച്ചു. “25 പപ്പടം, 20 രൂപ” എന്നുറക്കെ വിളിച്ചുപറഞ്ഞാണ് തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ മുത്തശ്ശിയുടെ പപ്പടം വില്‍പ്പന. ഈ പ്രായത്തിലും അധ്വാനിച്ചു ജീവിക്കുന്ന മുത്തശ്ശി നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി. ഫാസ്റ്റ്ഫുഡും സൂപ്പര്‍മാര്‍ക്കറ്റിലെ ഷോപ്പിംഗും മാത്രം വശമുള്ള മലയാളി ആ സാധാരണക്കാരി മുത്തശ്ശിയെ തിരിഞ്ഞു നോക്കുന്നുപോലുമുണ്ടായിരുന്നില്ല. എങ്കിലും ആരെങ്കിലും തന്റെയടുത്തേക്ക് വരുമെന്ന പ്രതീക്ഷയോടെ കഴിയുന്നത്ര ഉച്ചത്തില്‍ അവര്‍ കച്ചവടം ചെയ്യുന്നു.
എണ്‍പത്തിയേഴ് വയസ്സുണ്ട് വസുമതി അമ്മൂമ്മയ്ക്ക്. ആറ്റുകാല്‍ ക്ഷേത്രത്തിനടുത്ത് ഇന്ദ്രപുരി കല്യാണമണ്ഡപത്തിന് സമീപം ചിറമുക്കില്‍ കഞ്ഞിപ്പുരയാണ് താമസസ്ഥലം. ആറ്റുകാല്‍ പ്രദേശവാസികള്‍ക്ക് വസുമതി “പപ്പടം അമ്മൂമ്മ”യാണ്. അങ്ങനെ പറഞ്ഞാലേ അറിയൂ. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി ചാല മാര്‍ക്കറ്റിലും പരിസര പ്രദേശങ്ങളിലുമായി പപ്പടം വില്‍ക്കുന്നു. ഈ പ്രായത്തിലും എന്തിനാണിങ്ങനെ കഷ്ടപ്പെടുന്നതെന്ന് ചോദിച്ചാല്‍ വസുമതി അമ്മൂമ്മക്ക് പറയാന്‍ കാരണങ്ങളുണ്ട്. നാല്‍പത്തഞ്ചാമത്തെ വയസ്സില്‍ ഭര്‍ത്താവ് മരിക്കുമ്പോള്‍ പറക്കമുറ്റാത്ത എട്ട് മക്കളായിരുന്നു ആകെയുണ്ടായിരുന്ന സമ്പാദ്യം. അതില്‍ രണ്ട് പേര്‍ അകാലത്തില്‍ മരിച്ചു. ആറ് മക്കളെ വളര്‍ത്താനും പഠിപ്പിക്കാനും പപ്പടം ഉണ്ടാക്കി വില്‍ക്കാം എന്ന് തീരുമാനിച്ചു. അങ്ങനെയാണ് പപ്പട നിര്‍മാണത്തിലേക്ക് എത്തിയത്. ചെയ്യുന്ന ജോലിയോട് നൂറ് ശതമാനം ആത്മാര്‍ഥതയുണ്ടെന്ന് വസുമതി അമ്മൂമ്മ പറയുന്നു. ഉഴുന്ന് വാങ്ങി പൊടിച്ച് പരത്തി ഉണക്കി പപ്പടം ഉണ്ടാക്കുകയാണ് പതിവ്. നല്ല തിരക്കുണ്ടായിരുന്നു അന്ന് ആ ചന്തയില്‍. ഓരോരുത്തരും തിരക്കിട്ട് എങ്ങോട്ടൊക്കെയോ പോയിവന്നു കൊണ്ടിരുന്നു. ഇവരുടെയെല്ലാം കാതുകളിലേക്ക് ഒരു പക്ഷേ ആ ശബ്ദം എത്തിയിട്ടുണ്ടാകും. ആരും ശ്രദ്ധിക്കാത്തതാണ്. ഇരുപത്തഞ്ച് പപ്പടം ഇരുപത് രൂപയെന്ന് വാര്‍ധക്യത്താല്‍ ചിലമ്പിപ്പോയ ശബ്ദത്തില്‍ വസുമതി അമ്മൂമ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു. ആരും കണ്ടില്ലെങ്കിലും കേട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയ ഈ ശബ്ദം കേള്‍ക്കുകയും സ്വീകരിക്കുകയും ചെയ്തു. ഈ ഓണത്തിന് പലരും പപ്പടം ഓര്‍ഡര്‍ ചെയ്തത് മുത്തശ്ശിയുടെ അടുത്താണ്.

വീണ്ടും മലയാളികള്‍ !
മലയാളിയുടെ മനസ്സാക്ഷി മരവിച്ചിട്ടില്ല എന്നതിന് പുതിയ ഉദാഹരണമാവുകയാണ് എറണാകുളം പറവൂരില്‍ നിന്നുള്ള വാര്‍ത്ത. ഓട്ടിസം ബാധിച്ച മകളെ ജനലില്‍ കെട്ടിയിട്ട് ജോലിക്കു പോകുന്ന ബിന്ദു എന്ന അമ്മയുടെ അവസ്ഥ കേരളം കണ്ണീരോടെയാണ് കണ്ടത്. നോക്കാന്‍ മറ്റാരുമില്ലാത്തതിന്റെ പേരിലാണ് കുഞ്ഞിനെ ആ അമ്മക്ക് കെട്ടിയിടേണ്ടി വരുന്നത്. നിത്യവൃത്തിക്ക് കഷ്ടപ്പെടുന്ന അമ്മക്ക് കുഞ്ഞിനെ നോക്കി വീട്ടിലിരിക്കുവാനും സാധിക്കുന്നില്ല. സുരക്ഷിതമായി മറ്റെങ്ങുമേല്‍പ്പിക്കാനാകാതെ രാത്രി കിടക്കുമ്പോഴും സാരിയുപയോഗിച്ച് കുഞ്ഞിനെ തന്റെ ശരീരത്തോട് കെട്ടിയിടുകയാണ് ബിന്ദു. ഈ കുടുംബത്തിന്റെ അവസ്ഥ ദൃശ്യമാധ്യമങ്ങളില്‍ വന്നതോടെ നിരവധിയാളുകള്‍ സഹായ വാഗ്ദാനവുമായി എത്തിയിരുന്നു. നാല്‍പ്പത്തിയഞ്ച് ലക്ഷം രൂപയാണ് ഏഴ് ദിവസം കൊണ്ട് ബിന്ദുവിന്റെ ബേങ്ക് അക്കൗണ്ടിലേക്കെത്തിയത്. ഇതില്‍ 90 ശതമാനം സഹായങ്ങളും പ്രവാസികളുടെ ഭാഗത്തുനിന്നാണെന്ന് ബിന്ദു പറയുന്നു. ആവശ്യത്തിന് പണം ലഭിച്ചതിനാല്‍ ഈ ബേങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെന്ന് ബിന്ദുവിനെ സഹായിക്കാന്‍ ഒപ്പം നിന്നവര്‍ ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കിയിരുന്നു. ബസ് സ്റ്റോപ്പായും ദുരിതാശ്വാസ ഫണ്ടായും മെഡിക്കല്‍ സഹായവുമായും നിരവധി സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ പ്രാദേശിക തലങ്ങളില്‍ ഇപ്പോഴും സജീവമാണ്. സോഷ്യല്‍ മീഡിയ വഴി മറ്റുള്ളവരെ സഹായിക്കാനുള്ള മലയാളികളുടെ ഈ ആവേശം അഭിനന്ദനീയം തന്നെ.
.