Connect with us

Prathivaram

കരളറ്റം തൊടുന്ന വിരലറ്റം

Published

|

Last Updated

ഒരാള്‍ ഏത് പ്രായത്തിലാണ് ഒരു ആത്മകഥയെഴുതുക? അതും ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ ഉയരങ്ങളില്‍ നില്‍ക്കുന്ന ഒരാള്‍. വിരമിച്ച് വിശ്രമ ജീവിതത്തിനിടയില്‍ എന്നായിരിക്കും നമ്മുടെ ഉത്തരം. എന്നാല്‍, വെറും മുപ്പത്തിയെട്ട് വയസ്സുള്ള ഒരു ഐ എ എസുകാരന്റെ അതിശയിപ്പിക്കുന്ന ജീവിതമാണ് മുഹമ്മദ് അലി ശിഹാബ് തന്റെ “വിരലറ്റം” എന്ന പുസ്തകത്തിലൂടെ പറയുന്നത്. ആത്മകഥ എന്ന് അതിനെ വിളിക്കുന്നത് അനീതിയായിരിക്കും. കഥകളല്ല, പച്ചയായ ജീവിതമാണ് വിരലറ്റം വരച്ചിടുന്നത്. നമ്മളോരോരുത്തരം വായിക്കേണ്ട, നമ്മുടെ മക്കളെ വായിപ്പിക്കേണ്ട ഒരമൂല്യ പുസ്തകമായി ഞാന്‍ വിരലറ്റത്തെ കാണുന്നു.

മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയില്‍ ജനിച്ച ശിഹാബ്, പ്രതിസന്ധികളോട് പടവെട്ടി, ആത്മബലത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കരുത്തില്‍ ജയിച്ചുകയറിയതിന്റെ കഥയാണിത്. അതിമനോഹരമായ ഭാഷയില്‍ ഒരു നോവലിന്റെ ചാരുതയോടെ ശിഹാബ് വരച്ചിടുന്നത് സ്വന്തം ജീവിതം മാത്രമല്ല, ജീവിതത്തില്‍ ആശയറ്റവര്‍ക്കുള്ള പ്രത്യാശയുടെയും പ്രചോദനത്തിന്റെയും അനുഭവചിത്രങ്ങള്‍ കൂടിയാണ്. എത്ര വളര്‍ന്നിട്ടും പിന്നിട്ടുപോയ വഴികളെയും അനാഥാലയത്തിന്റെ കരുതലിനെയും മറന്നുപോയില്ല എന്നതുതന്നെയാണ് ശിഹാബിന്റെ വിജയം.

മൂന്ന് ഭാഗങ്ങളായാണ് വിരലറ്റം സംവിധാനിച്ചത്. വയലും തോടും പുഴയും കുന്നും മാവും മരങ്ങളും ആടും കോഴികളുമെല്ലാം നിറഞ്ഞ, എല്ലാ ഗ്രാമ്യ സൗന്ദര്യങ്ങളും സമ്മേളിച്ച പശ്ചാത്തലത്തിലെ പതിനൊന്ന് വയസ്സ് വരെയുള്ള ഒരു “പൊട്ടിത്തെറിച്ച” കുട്ടിയാണ് ഒന്നാം ഭാഗത്തില്‍. വായ്ച്ചി (പിതാവ്) എന്ന അച്ചുതണ്ടിന് ചുറ്റുംകറങ്ങുന്ന ബാല്യം. ഉമ്മയുടെയും കുഞ്ഞാന്റെയും സ്‌നേഹത്തിന്റെയും കരുതലിന്റെയും വലിയ ലോകം. ഇല്ലായ്മകളുടെ നടുവില്‍ അഞ്ച് മക്കളും ഉമ്മയുമടങ്ങിയ കുടുംബത്തിന് വേണ്ടി രോഗങ്ങളെയും അവശതകളെയും മറന്ന് തന്റെ ജീവിതം ഉഴിഞ്ഞുവച്ച വായ്ച്ചിയെ ശിഹാബിനെപ്പോലെ വായനക്കാര്‍ക്കും മറക്കാന്‍ കഴിയില്ല. സ്‌കൂളിനെയും പുസ്തകങ്ങളെയും വെറുത്ത കളികളെയും കച്ചവടത്തെയുമിഷ്ടപ്പെട്ട ആ ബാലന്‍ എടവണ്ണപ്പാറയിലൂടെ ഓടി നടക്കുന്നത് നമുക്ക് കണ്‍മുന്നില്‍ കാണാനാകും. വായ്ച്ചിയുടെ പെട്ടിക്കടയിലും ചന്തയിലും പുളിമരത്തിന് മുകളിലും ഫുട്‌ബോള്‍ ഗ്രൗണ്ടിലും പാടത്തും തോട്ടിലുമെല്ലാം അവനുണ്ട്. അവന്റെ വഴികളിലേക്ക് നാട്ടിന്‍പുറത്തിന്റെ നിഷ്‌കളങ്കത മുഴുവന്‍ കയറിവരുന്നുണ്ട്. കൊമ്പുറവും പമ്പരവും തൊപ്പിക്കുടയും ഞെക്കുവിളക്കുമൊക്കെയായി ഗൃഹാതുരത ചൂട്ടുകത്തിച്ചു വരുന്നുണ്ട്. സോപ്പ്, ചീപ്പ്, കണ്ണാടി വില്‍ക്കുന്നവരുടെ ശബ്ദം നമുക്കും കേള്‍ക്കാനാകും. ആശുപത്രിയിലെ മരുന്നിന്റെ മണം നമുക്കും അനുഭവിക്കാനാകും.

തുള്ളിച്ചാടി നടന്നിരുന്ന വായ്ച്ചിയെപ്പോലെ കച്ചവടക്കാരനാവണമെന്നാഗ്രഹിച്ചിരുന്ന ഒരു പതിനൊന്ന് വയസ്സുകാരനെ അനാഥനാക്കി വായ്ച്ചി വിടപറയുന്നത് മുതലാണ് രണ്ടാം ഭാഗം തുടങ്ങുന്നത്. പറക്കമുറ്റാത്ത രണ്ടനിയത്തിമാരെയും കൂട്ടി, കരളുപറിച്ചെടുക്കുന്ന വേദനയുമായി മുക്കം യതീംഖാനയിലേക്ക് പോകുന്ന ആ ബാലന്‍ നമ്മുടെ ഉള്ളുലക്കുക തന്നെ ചെയ്യും. അനാഥത്വത്തിന്റെ വേദനകള്‍ നിറഞ്ഞ യതീംഖാനയെ മനോഹരമായി വരച്ചിടുന്നുണ്ട് ശിഹാബ്. നീണ്ട പത്ത് വര്‍ഷക്കാലത്തെ യതീംഖാനക്കാലം കെടുത്തുകയും തെളിക്കുകയും ചെയ്ത വെളിച്ചങ്ങളാണ് ശിഹാബിനെ കരുപ്പിടിപ്പിക്കുന്നത്. തുടക്കത്തില്‍ ഗൃഹാതുരത്വവും അനാഥത്വവും യതീംഖാനയുടെ മതിലുകള്‍ക്കകത്ത് ആ കൗമാരക്കാരനെ അലസനും ആശയറ്റവനുമാക്കിയെങ്കിലും പിന്നെപ്പിന്നെ അവനവിടെ തന്റെ വഴികള്‍ കണ്ടെത്തുകയാണ്. വായിച്ചും ചെറിയ മത്സരങ്ങളില്‍ വിജയിച്ചുമൊക്കെ തന്റെ കൂടി ഇടം അവനവിടെ അടയാളപ്പെടുത്തുന്നുണ്ട് പിന്നീട്. അനാഥത്വത്തിന്റെ വേദനകള്‍ അതിതീവ്രമായി വരച്ചിടുന്നുണ്ട് ഈ ഭാഗത്ത്.

പത്താം ക്ലാസിന് ശേഷം യതീംഖാനയില്‍ നിന്ന് തന്നെ അധ്യാപക പരിശീലനവും പ്രീഡിഗ്രിയും പൂര്‍ത്തിയാക്കി നാട്ടിലേക്ക് തിരിച്ചെത്തിയ ഒരു യുവാവിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ കഥകളാണ് മൂന്നാം ഭാഗം. മനസ്സില്‍ താലോലിച്ചിരുന്ന ഗൃഹാതുര ചിത്രങ്ങളെല്ലാം മാഞ്ഞുപോയെന്നും നാടും നാട്ടുകാരും തനിക്ക് അപരിചിതമായിക്കഴിഞ്ഞിരിക്കുന്നു എന്നുമുള്ള തിരിച്ചറിവ്, ആ യുവാവിന് ജീവിത പ്രാരാബ്ധങ്ങളെക്കാള്‍ ആഘാതമേല്‍പ്പിക്കുന്നുണ്ട്. ജീവിത സമരത്തില്‍ കല്ലുവെട്ടുകാരന്റെയും ഗ്വാളിയോര്‍ റയോണ്‍സിലെ കരാര്‍ പണിക്കാരന്റെയും കുപ്പായം അവനിടുന്നുണ്ട്. ശേഷം കുറഞ്ഞ കാലത്തെ അധ്യാപക ജീവിതത്തിനിടക്ക്, മുന്നിലിരിക്കുന്ന കുട്ടികളിലെല്ലാം അവന്‍ തന്റെ നിസ്സഹായതയുടെ ബാല്യ ഭാവങ്ങള്‍ തന്നെയാണ് കാണുന്നത്. കുട്ടികളിലേക്ക് അറിവുകളുടെയും അനുഭവങ്ങളുടെയും വലിയ പാഠങ്ങള്‍ പകര്‍ന്നുകൊടുക്കുന്നതോടൊപ്പം മത്സരപ്പരീക്ഷകള്‍ക്കായി നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്ന ശിഹാബിന് മുന്നില്‍ ഇരുപതോളം സര്‍ക്കാര്‍ ജോലികളാണ് വന്നെത്തിയത്. കുറച്ചുകാലം പ്യൂണായും ക്ലര്‍ക്കായും ജോലിനോക്കിയ ശേഷം സിവില്‍ സര്‍വീസ് എന്ന സ്വപ്‌നത്തിലേക്ക് ഊളിയിടുമ്പോഴും പ്രതിസന്ധികള്‍ ശിഹാബിനെ വിട്ടുപോയിരുന്നില്ല.

വിശ്രമമില്ലാത്ത കഠിനപരിശീലനത്തിലൂടെ ശിഹാബ് സിവില്‍ സര്‍വീസിലേക്ക് നടന്നുകയറുന്നത് നമുക്ക് ശ്വാസമടക്കിപ്പിടിച്ചേ വായിക്കാനാവൂ. ഉമ്മയുടെ ചികിത്സക്കിടെ, കോട്ടക്കല്‍ ആയുര്‍വേദ ആശുപത്രിയിലെ മരുന്നുഷാപ്പില്‍ വരിനില്‍ക്കുന്നതിനിടയില്‍ ശിഹാബിന് ഐ എ എസ് കിട്ടി എന്ന വിവരം സുഹൃത്ത് ഫോണ്‍ ചെയ്ത് പറയുമ്പോള്‍ വായനക്കാരും കൈയടിച്ചു പോകും. ഒരു തുള്ളി കണ്ണീരെങ്കിലും പുസ്തകത്താളിലേക്ക് ഇറ്റിവീഴും.

പൊള്ളുന്ന അനുഭവങ്ങള്‍ കൊണ്ട് നമ്മെ ഉലച്ചുകളയുന്ന ഈ പുസ്തകത്തിന് “വിരലറ്റം” എന്നു പേരിടാന്‍ എന്തായിരിക്കും കാരണമെന്ന് ഞാനേറെയാലോചിച്ചു. വിരലറ്റത്ത് വിടാതെയുണ്ടായിരുന്ന വായ്ച്ചിയാണ് ആ പേരിനു കാരണം എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. വായ്ച്ചിയോടൊപ്പമുണ്ടായിരുന്ന പതിനൊന്ന് വര്‍ഷക്കാലവും അതുകഴിഞ്ഞും വായ്ച്ചിയാണ് ശിഹാബിനെ വഴി നടത്തിയത്. ഉമ്മയും കുഞ്ഞാനും യത്തീംഖാനയിലെ ഉപ്പയുമടക്കം ഒരുപാടുപേര്‍ ശിഹാബിന്റെ കൈപിടിക്കുന്നുണ്ട്. പക്ഷെ എല്ലാത്തിലുമപ്പുറം ശിഹാബിനെ വഴിനടത്തിയത് വായ്ച്ചിയുടെ ഞെക്കുവിളക്കിന്റെ വെളിച്ചം തന്നെയാണ്. അതുകൊണ്ടുതന്നെയാണ് ശിഹാബ് പുസ്തകം “അകപ്പൊരുളായ വായ്ച്ചിക്ക്” സമര്‍പ്പിക്കുന്നതും. ഡി സി ബുക്‌സാണ് പ്രസാധകര്‍. വില 175 രൂപ.
.

raheemponnad@gmail.com