രൗദ്രമല്ല, ആര്‍ദ്രമാണ് അകത്തളങ്ങള്‍

Posted on: August 12, 2018 12:34 pm | Last updated: August 12, 2018 at 12:34 pm
SHARE

ഒരാളെ ഞാന്‍ അടിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്! ഒട്ടും ഒദിയാര്‍ക്കം ഇല്ലാത്ത ഒരുത്തനാണ് ആ ഒരാള്‍. അടി എന്ന് പറഞ്ഞാല്‍, പൊടുന്നനെയുള്ള ചുമ്മാ ചാമ്പലല്ല. മറിച്ച്, പച്ചപ്പെയിന്റടിച്ച ഒരു ജീപ്പ് നിറച്ച് ആളുകളുമായിച്ചെന്ന് തച്ച് ചാറാക്കുക തന്നെ. കാറ്റ് പോവാതെ, പരുക്ക് പറ്റാതെ, കണക്കിന് മേല് വേദനിപ്പിച്ച് വിടുകയേ ഉദ്ദേശ്യമുള്ളൂ.

വളരെ വേണ്ടപ്പെട്ട ഒരാളുടെ അളിയന്റെ കല്യാണത്തിന് പോവണം. മൂന്ന് മൂന്നര കിലോമീറ്റര്‍ ഉള്ളോട്ട് ഊടുപാതയിലൂടെ സഞ്ചരിക്കണം. എനിക്കാണേ, ഒട്ടും പരിചയമില്ലാത്ത ഏരിയയും. എഴുത്തുകള്‍ വായിച്ച് ‘ഭേഷ്’ അടിക്കാറുള്ള ഒരു ചങ്ങാതിയെ കൂടെവരുവാന്‍ വിളിച്ചേര്‍പ്പാടാക്കി. പ്രസംഗകര്‍ക്ക് കൈമടക്കും വീട്ടില്‍ കയറ്റി കടിസഹിതം ചായയുമൊക്കെ കിട്ടും. എഴുതുന്നവര്‍ക്ക് ഇങ്ങനെയൊക്കെ കിട്ടിയെങ്കിലായി. പറഞ്ഞ സമയത്ത് ഞാന്‍ ബസിറങ്ങി. കക്ഷി സ്റ്റോപ്പില്‍ വിനയവിഹ്വലനായി കാത്തുനില്‍ക്കുന്നു.

കല്യാണത്തിന്റെ പീക് പോയിന്റ് കഴിഞ്ഞുതുടങ്ങുന്നതിന്റെ ആധിയുണ്ടെനിക്ക്. ‘രണ്ടാമത് അരിയിട്ടിട്ടുണ്ട്/ ഒറ്റപ്പീസ് ഇനി ബാക്കിയില്ല/കച്ചമ്പര്‍ കാസ കാലി’ എന്നിങ്ങനെയൊക്കെ പറയാനുള്ള വിദൂരസാധ്യത കാണാതിരുന്നുകൂടാ. വിശന്നുചെല്ലുമ്പോള്‍ ‘ഊണ് കഴിഞ്ഞു’ എന്ന് കേള്‍ക്കേണ്ടിവരുന്നത് വല്ലാത്തൊരു വിധിയാണ്. ഓട്ടോകള്‍ വരിവരിയായി നില്‍പ്പുണ്ട്. ഞാന്‍ ധൃതിപ്പെട്ട് ഓട്ടോയില്‍ കയറാന്‍ നോക്കുമ്പോള്‍ അവന്‍ ഒന്നല്ല, രണ്ടല്ല, മൂന്ന് തവണ എന്നെ മുറുകെ പിടിച്ചു. മുന്നിലെ മൂന്ന് ഓട്ടോകള്‍ ആളെ കയറ്റി പോയിട്ടും അവന്റെ കൃമികടിക്ക് ശമനമായില്ല. ക്ഷമകെട്ട ഞാന്‍ കുതറിച്ചെന്ന് അടുത്ത ശകടത്തില്‍ കയറിപ്പറ്റി. പക്ഷെ അത് സ്റ്റാര്‍ട്ടായി കിട്ടാന്‍ ഏറെ നേരമെടുത്തു. അപ്പോള്‍ ഞാന്‍ അവന്റെ മുഖത്ത് കഠിനമായി ഒന്ന് നോക്കി. അതിന്റെ അര്‍ഥം ഇങ്ങനെയായിരിക്കണം:- ‘അച്ചാറും തീര്‍ന്നു’ എന്ന് പറയിപ്പിച്ചാലേ നിനക്ക് സമാധാനമാകൂ അല്ലേ മൂഷികാ..?

കറുത്ത് തടിച്ചിട്ട്, കണ്ടാല്‍ കിങ്കരവീരനെന്ന് തോന്നുന്ന ഒരാളാണ് ഡ്രൈവര്‍. കൈയില്‍ വളയും ചങ്ങലയും ചരടും ഒക്കെയുണ്ട്. സംസാരം പക്ഷെ, നേര്‍ത്ത പെണ്‍കൂറ്റ്. അപരിചതരോട് അങ്ങോട്ട് കയറി സംസാരിക്കണമെന്നും ആളുകളുടെ അകനിലകള്‍ പുറത്തുകാണുമ്പോലെ ആകണമില്ലെന്നും പറഞ്ഞ്/ പരിശീലിപ്പിച്ച് തന്നത് മര്‍ഹൂം പി എം കെ ഫൈസി ഉസ്താദായിരുന്നു. ഏതപരിചിതനോടും എടുത്തുചാടി ചങ്ങാത്തം തീര്‍ക്കാന്‍ അനിതര പാടവമുള്ള പ്രബോധകപ്രതിഭയായിരുന്നല്ലോ, പി എം കെ ഓര്‍. മോങ്ങം പള്ളിക്കാട്ടിലെ ആ കിടപ്പുമണ്ണ് കസ്തൂരിയാക്കണേ, കരുണക്കടലേ…

കനത്ത മഴയുടെ വൃത്താന്തങ്ങളിലൂടെ സംഭാഷണത്തിന്റെ ‘റാപ്പോ’ സ്ഥാപിച്ചെടുത്ത ഉടനെ, ഞാനെന്റെ കുശലവിമാനം അയാളുടെ കുടുംബ വിശേഷങ്ങളിലേക്ക് ഇടിച്ചിറക്കി. അച്ഛന്‍ പണിക്കൊന്നും പോവാത്ത മുഴുക്കുടിയനായിരുന്നു. നന്നേ ചെറുപ്പത്തിലായിരിക്കെ, അച്ഛനൊടുങ്ങി. അമ്മ കൊത്താനും മൂരാനും പോയാണ് അടുപ്പ് പുകച്ചത്. പെങ്ങളെ കെട്ടിക്കൊണ്ടുപോയവന്‍ നല്ലൊരുത്തനായിരുന്നു. കല്ല്‌കൊത്തുപണിയിലേക്ക് കാല്‍ തെന്നിവീണ് കിടപ്പിലാണ്, കൊല്ലങ്ങളായി. പെങ്ങളുടെ താലി പണയംവെച്ച് ലോണിനെടുത്ത സെക്കനേന്റ് ഓട്ടോയാണിത്. മാസാമാസം നാലായിരത്തിമുന്നൂറ്റമ്പത് അടച്ചതിന്റെ ശേഷമുള്ളത് കൊണ്ടുവേണം ചെലവ് കഴിയാന്‍. എനിക്ക് കേട്ടിട്ട് വല്ലാണ്ടായി. ആ വേദന ഞാന്‍ കൂടെയിരിക്കുന്ന ആ മൊശടനില്‍ സന്നിവേശിപ്പിക്കാന്‍ ആവത് ശ്രമിച്ചു.

സമീപമിരുന്ന് എഴുത്തില്‍ ഇടങ്കോലിട്ട് അഭിപ്രായം പറയുക എന്ന സൂക്കേടുണ്ട് എന്റെ കെട്ടിയോള്‍ക്ക്. ഞാനിതെഴുതി ഇത്രയുമെത്തിയപ്പോള്‍ എന്ത് വിഷയമാണ് എഴുതുന്നതെന്ന് ചോദിച്ചു അവള്‍. ഞാന്‍ പറഞ്ഞു, നീ മിനിഞ്ഞാന്ന് പറഞ്ഞ അതേ വിഷയം. തളിപ്പറമ്പിലെ തൃഛംബരം അമ്പലത്തിനടുത്ത് താമസമുള്ള ഒരു മാഷിന്റെ വീട്ടില്‍ പോകണമായിരുന്നു എനിക്ക്. അമ്പലക്കുളം, കാവ്, അരയാല്‍, ഭക്തിഗാനം. ഭസ്മവും കുറിയും തൊട്ട് കുറേ ഹിന്ദുക്കള്‍. ദിക്കു തിരിയാതെ ഇടയില്‍ പെട്ട ഞങ്ങള്‍, വിഷമിച്ചിരിക്കെ മധ്യവയസ്‌കരായ ദമ്പതികള്‍ തൊഴുതുവരുന്നു. ഞാനവരോട് വഴി ചോദിച്ചപ്പോള്‍ ഭാര്യയുടെ മുഖത്ത് ഭീതി. പ്രസന്നഭാവത്തോടെ, അടിത്തട്ടില്‍ നിന്നുറവയെടുത്ത ആത്മാര്‍ഥതയോടെ അവര്‍ വഴിപറഞ്ഞുതന്നു എന്ന് മാത്രമല്ല, ഞങ്ങള്‍ക്ക് ദിഗ്ഭ്രമം വന്നേക്കുമെന്ന് ഭയപ്പെട്ട് അവര്‍ മാഷിന്റെ വീട് വരെ കൂടെവന്ന് തിരികെ പോയി. അന്നേരമാണ് ഭാര്യ പറഞ്ഞത്: എത്ര നല്ല ആള്‍ക്കാര്‍ അല്ലേ? ഇതെല്ലാമാണ് നിങ്ങള്‍ എഴുതേണ്ടത്!

എനിക്കിതൊക്കെ നേരത്തെ അറിയാവുന്ന കാര്യമാണ്. ഞാന്‍ ഹിന്ദുക്കളുടെ മധ്യത്തില്‍ ജനിച്ചുവളര്‍ന്നയാളാണ്. നീ അങ്ങനെയല്ല. അകന്നുകഴിയുമ്പോഴാണ് അന്യത്വത്തിന്റെ അസ്വസ്ഥത ഉണ്ടാവുക. നന്നേ ചെറുപ്പത്തില്‍ ഉമ്മാവീട്ടില്‍ താമസിക്കുന്ന കാലത്ത് ഒരു സംഭവമുണ്ടായി. അന്ന് പുല്ല് മേഞ്ഞ വീടാണ്. വര്‍ഷാവര്‍ഷം പുല്ല് പുതുക്കിമേയും. ഒരു ദിവസം പുല്ല് പൂര്‍ണമായും കൊഴിച്ച് അടിച്ച് വെടിപ്പാക്കി പിറ്റേന്ന് പുതുക്കിപ്പണിയുകയാണ് പതിവ്. അങ്ങനെ ഞങ്ങളുടെ വീട് പൂര്‍ണനഗ്നയായി നിന്ന ഒരു രാവില്‍ പെട്ടെന്ന് തിമര്‍ത്ത് മഴ പെയ്തു. ആസകലം നനഞ്ഞുകുളിച്ച് നാശകോശമായി. അന്നേരം തൊട്ടപ്പുറത്തെ കുട്ട്യാപ്പേട്ടന്‍ കടന്നുവന്നു. ഞങ്ങളെ അദ്ദേഹത്തിന്റെ വീട്ടില്‍ പുനരധിവസിപ്പിച്ചു. നേരം വെളുക്കുവോളം അദ്ദേഹം ഞങ്ങള്‍ക്ക് കാവലിരുന്നു. ഉമ്മ പിറ്റേന്ന് പ്രത്യേകം അനുസ്മരിക്കുകയും ചെയ്തു: ‘തീയ്യനായ ഓനല്ലേ സഗായത്തിനെത്തിയത്’ റസാനയില്‍ പാടുന്നുണ്ട്, അടുത്തെമ്പാടും മരമുണ്ടായിട്ട്, നിനക്ക് ശമനത്തിനുള്ള മരുന്ന് കിട്ടുക അങ്ങ് മാമലകളില്‍ വളരുന്ന സസ്യങ്ങളില്‍ നിന്നായിരിക്കും,

ഇനി ഞാന്‍ കാര്‍ത്യാനിയമ്മയുടെ കഥ പറയാം; എന്റെ ഉപ്പോമാന്റെയും. ഞങ്ങളുടെ വീടിന്റെ മറുകുന്നിലാണ് കാര്‍ത്യാനിയമ്മ. ഒരിക്കല്‍ അവര്‍ തമ്മില്‍ ശണ്ഠകൂടി. കാര്‍ത്യാനിയമ്മയുടെ കിണറ്റില്‍ നിന്ന് എന്റെ വീട്ടിലെ ഒരാള്‍ എന്തോ കഴുകിയതായിരുന്നു കാര്യം. പക്ഷെ, ഉപ്പോമായുടെ ന്യായമിതായിരുന്നു: ‘നിന്റെ മോന്റെ, ‘ലബ്ഡക്ക്’ വേണ്ടിയാണ് ഓനത് കഴുകുന്നത്. അങ്ങനെയാണ്. രണ്ടുമതക്കാരാണെങ്കിലും അവരുടെ ജീവിതങ്ങള്‍ അടര്‍ത്തിയെറിയാന്‍ കഴിയാത്തവിധം ഇഴചേര്‍ന്നാണ് കിടക്കുന്നത്. എനിക്കിപ്പോള്‍ രണ്ടുവരി വീരാന്‍കുട്ടിക്കവിത തികട്ടുന്നു.

‘ഭൂമിക്കടിയില്‍ വേരുകള്‍ കൊണ്ട് കെട്ടിപ്പിടിക്കുന്നു, ഇലകള്‍ തമ്മില്‍ തൊടുമെന്ന് പേടിച്ച് നാം അകറ്റി നട്ട മരങ്ങള്‍…’

രണ്ട് ദിവസം കഴിഞ്ഞ് സ്‌കൂള്‍ വിട്ടുവന്ന് നോക്കുമ്പോള്‍ ഞാന്‍ കാണുന്നത് എന്റെ വീട്ടിലെ കോലായിലിരുന്ന് ഒറ്റച്ചെല്ലത്തില്‍ കൈയിട്ട് ഉപ്പോമയും കാര്‍ത്യാനിയമ്മയും വെറ്റില മുറുക്കുന്നതായിരുന്നു. കണ്ടുമുട്ടുമ്പോള്‍ ‘ഹായ്, ഹായ്’ എന്ന് പുറത്ത് വെളുക്കെ ചിരിക്കുന്ന ഔപചാരികതയായിരുന്നില്ല, മറിച്ച് വേണ്ടിവന്നാല്‍ അങ്ങോട്ടുമിങ്ങോട്ടും ചീത്ത പറയാന്‍ മാത്രം ദൃഢമായിരുന്നു ആ ബന്ധം എന്നാണിപ്പറഞ്ഞതിനര്‍ഥം. ചിലപ്പോള്‍ അത് അതിനപ്പുറവുമായിരുന്നു. അതുകൊണ്ടാണ് സ്‌കൂള്‍ വിട്ടുവരവെ ചാറ്റല്‍ മഴയില്‍, വെള്ളക്കെട്ടില്‍ കാലിട്ടിളക്കിക്കളിക്കുകയായിരുന്ന എന്നെ ‘നിന്റെ ഉപ്പാനെ ഞാന്‍ കാണട്ടെ, നിന്റെ കളി ഞാന്‍ പറഞ്ഞുകൊടുക്കും’ എന്ന് പറയുന്നതിന് പകരം നേരെ വന്ന് ചെവിക്കുറ്റി പിടിച്ചുതിരിച്ച് ‘മഴകൊള്ളാതെ പോടാാാ, വീട്ടിലേക്ക്’ എന്ന് പൂമരത്തിലെ നാരാണേട്ടന്‍ ആജ്ഞാപിച്ചത്. ചിക്കന്‍പോക്‌സ് വന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നപ്പോള്‍ ദിവസവും രണ്ട് നേരം വന്ന് രോഗഗതി നിരീക്ഷിക്കാറുണ്ടായിരുന്ന ശാരദാമ്മ മരിച്ചിട്ട് കൊല്ലമൊന്ന് തികയുന്നതേയുള്ളൂ.

മനുഷ്യരെല്ലാം പച്ചപ്പാവങ്ങളാണ്. അനിശ്ചിതത്വമാണ് അവന്റെ അസ്തിത്വത്തിന്റെ അടിസ്ഥാനം. കണ്ടില്ലേ, നാല് മഴ ഒന്നിച്ചങ്ങ് പെയ്തപ്പോഴേക്കും, നടുങ്ങിയില്ലേ നാം. എന്നിട്ടും നാം നമ്മളെ ഭയക്കുന്നു, വെറുക്കുന്നു, എതിര്‍ക്കുന്നു. വര്‍ഗീയതയും വംശീയതയും തലക്ക് കയറിയ ചിലര്‍ ഇല്ലെന്നല്ല. അത് പക്ഷേ, എല്ലാ മതസമൂഹങ്ങളിലുമുണ്ട്. നാം മറ്റുള്ളവരെ നിരുപാധികം വെറുക്കുന്നതിന് പകരം, നമ്മില്‍ത്തന്നെ നടമാടുന്ന വൃത്തികേടുകളെ കോരിയെറിയുകയാണ് വേണ്ടത്. അകല്‍ച്ചയും വിട്ടുനില്‍പ്പും സംശയം ജനിപ്പിക്കുകയേ ഉള്ളൂ. അതേസമയം, ഇടകലര്‍ന്ന് ഒത്തൊരുമയില്‍ കഴിയുമ്പോള്‍ കരളുപോലും പങ്കിടാവുംവിധം നമുക്കടുക്കാനാകും. ഇതിന്ത്യയാണ്. മതസൗഹാര്‍ദം ഈ രാജ്യത്തിന്റെ മേല്‍വിലാസമാണ്. വിശ്വാസ ആചാര കര്‍മങ്ങളില്‍ കൈകോര്‍ക്കലല്ല മതസൗഹാര്‍ദം. അങ്ങനെയാണെങ്കില്‍ പിന്നെ മതവൈജാത്യം തന്നെ വേണ്ടായിരുന്നല്ലോ. മറിച്ച്, വിശ്വാസങ്ങള്‍ വ്യത്യസ്തങ്ങളായി ഇരിക്കുമ്പോള്‍ തന്നെ, പൊതുമണ്ഡലത്തില്‍ കൈകോര്‍ക്കാനുള്ള വിശാലമനസ്‌കതയാണ് വേണ്ടത്. അതില്ലാത്തത് കൊണ്ടാണ് നീ, മൂന്ന് ഹിന്ദു ഓട്ടോകള്‍ പോകുവോളം കാത്തിരുന്നത്. അങ്ങനെ ചെയ്തത് നീയറിയാതെ എത്രപേര്‍ ശ്രദ്ധിച്ചുവെന്നത് നീ ശ്രദ്ധിച്ചിരിക്കില്ല. നീ വിടവുകളുടെ നിര്‍മാതാവാകുകയായിരുന്നു. നീ മഹാകിങ്കരനാണെന്ന് കരുതിയ ആ പാവത്താന്റെ ഉള്ളുകള്ളികള്‍ നീ കേട്ടില്ലേ? കാഴ്ചയില്‍ രൗദ്രമായിരിക്കാം. പക്ഷേ അവന്റെ അകത്തളം ആര്‍ദ്രമാണ്. അവന്‍ നമ്മള്‍ ഉണ്ടുകഴിയുവോളം പുറത്ത് കാത്തുനിന്നില്ലേ. എന്നിട്ടവന്‍ വെറും അഞ്ച് രൂപയല്ലേ അധികം വാങ്ങിയത്. ഇതു പറയുമ്പോള്‍ നീ ചോദിക്കും, അങ്ങനെയെങ്കില്‍ ഹിന്ദുവിന്റെ ഓട്ടോ മാത്രം കാത്തിരിക്കുന്ന ഒരു ഹിന്ദുവും ഉണ്ടാവില്ലേ എന്ന്. ഉണ്ടാവാം. മുസ്‌ലിം വേഷധാരികളുടെ ബാഹ്യഭാവങ്ങള്‍ കണ്ട് ഭീകരര്‍ എന്ന് തെറ്റിദ്ധരിച്ച ഹിന്ദുക്കള്‍ ഉണ്ടാവില്ലേ എന്ന്? ഉണ്ടാവാം. അത്തരമൊരു കഥ വേണമെങ്കില്‍ എഴുതാമല്ലോ, നീ എഴുതിക്കോളൂ. പക്ഷേ, ഒരു കാര്യമുറപ്പ്, മേലാല്‍ നീ ഇതുപോലെ എവിടെയെങ്കിലും ചെന്ന് ഹിന്ദു ഓട്ടോകള്‍ പോയി ഒഴിയും വരെ ഒളിഞ്ഞും പാത്തും നില്‍ക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടാല്‍ ഏത് സമയവും നിനക്കൊരു കട്ടിപ്പച്ച ജീപ്പ് കുതിച്ച് വരുന്നതും നീ ചമ്മന്തിയാവുന്നതും പ്രതീക്ഷിക്കാം… അടിവേണ്ടേ, നീ നിന്റെ വര്‍ഗീയമായ ഒദിയാര്‍ക്കക്കേട് മാറ്റി നല്ല മോനായിക്കോ, പറഞ്ഞില്ലെന്ന് വേണ്ട!!
.

LEAVE A REPLY

Please enter your comment!
Please enter your name here