Connect with us

Prathivaram

ധീരദേശാഭിമാനി പി ടി അബൂബക്കര്‍ മുസ്‌ലിയാര്‍

Published

|

Last Updated

“ഞങ്ങളെ തൂക്കിലേറ്റാനുള്ള നാലാമത്തെയും അവസാനത്തെതുമായ വിധി വന്നിരിക്കുന്നു. വെള്ളക്കാരന്റെ ഈ വിധി, ഉടയവന്റെ കുറിയോട് ചേര്‍ന്ന് വന്നാല്‍ നാളെ നോമ്പ് മുറിക്കാന്‍ ഹള്‌റത്തില്‍ ആവണമെന്ന് ആശിക്കുന്നു. ഇവിടെ തൂക്കപ്പെടുന്ന ശഹീദുമാരെ മറവ് ചെയ്യപ്പെടുന്ന വലിയ ജുമുഅത്ത് പള്ളിയില്‍, എനിക്ക് പള്ളിയോട് ചേര്‍ന്ന കെട്ടിന്റെ ഉള്ളിലും മറ്റുള്ളവര്‍ക്ക് കെട്ടിന്റെ പുറത്തുമാണ് ഖബര്‍ ശരിയാക്കിയത്. നാളെ മയ്യിത്ത് ഖബറടക്കിയ ശേഷം മാത്രമേ അങ്ങാടി തുറക്കപ്പെടുകയുള്ളൂവെന്നും രണ്ട് മദ്‌റസയുടെയും അഹ്‌ലുകാര്‍ ഒരുമിച്ചുകൂടുമെന്നും ഒരു മൈല്‍ ദൂരത്തില്‍ മറ്റുള്ളവര്‍ക്ക് നടക്കാന്‍ കഴിയാത്തവിധം ആളുകള്‍ നിറഞ്ഞുകവിയുമെന്നും മൂന്ന് ദിവസം ഉലമാക്കളുടെ നേതൃത്വത്തില്‍ ഖബറുങ്ങല്‍ ഖത്തം ഓതുന്നുണ്ടെന്നും അറിയുന്നു.”

വധശിക്ഷ നടപ്പാക്കുന്നതിന്റെ തലേന്ന് പി ടി അബൂബക്കര്‍ മുസ്‌ലിയാര്‍ വീട്ടിലേക്ക് അയച്ച കത്ത്‌

ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ പട നയിച്ചതിന്, നാട്ടുകാര്‍ക്കിടയില്‍ സ്വാതന്ത്ര്യ സമര ചിന്തകള്‍ ഊതിക്കാച്ചിയതിന് വെള്ളപ്പട്ടാളം വിധിച്ച മരണശിക്ഷ നടപ്പാക്കുന്നതിന്റെ തൊട്ടുതലേന്നാള്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പണ്ഡിതനും സൂഫിവര്യനുമായിരുന്ന പി ടി അബൂബക്കര്‍ മുസ്‌ലിയാര്‍ വീട്ടിലേക്ക് അയച്ച കത്തിലെ വരികളാണിത്. അറബി മലയാളത്തിലാണ് കത്തെഴുതിയത്. അക്കാലത്തെ മറ്റ് ഉലമാക്കളെ പോലെത്തന്നെ അധിനിവേശവിരുദ്ധ സമരവും അതിന് നാട്ടുകാരെ അണിനിര്‍ത്തലും കടമയായി കാണുകയായിരുന്നു, കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി, നടമ്മല്‍പൊയില്‍ സ്വദേശി പി ടി അബൂബക്കര്‍ മുസ്‌ലിയാര്‍. സമീപ പ്രദേശത്തെ പുതിയോത്ത് പള്ളിയില്‍ മുദര്‍രിസായി സേവനം ചെയ്തുവരുന്ന വേളയിലാണ്, ആലി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ മലബാര്‍ മേഖലയില്‍ ഖിലാഫത്ത് പ്രസ്ഥാനം ശക്തമാകുന്നത്. ഇതിനെതിരെ ബ്രിട്ടീഷ് സൈന്യത്തിന്റെ അടിച്ചമര്‍ത്തല്‍ ശക്തമായതോടെ അബൂബക്കര്‍ മുസ്‌ലിയാര്‍ നാട്ടുകാരെ വിളിച്ചുകൂട്ടി രാജ്യത്തിന്റെ മോചനത്തിനായി പോരാടേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും അണിനിരത്തുകയും ചെയ്തു. ഇദ്ദേഹത്തില്‍ നിന്ന് വീര്യം ഉള്‍ക്കൊണ്ട് പ്രദേശത്തെ ജനങ്ങള്‍ ബ്രിട്ടീഷ് പട്ടാളവുമായി ശക്തമായ പോരാട്ടം ആരംഭിച്ചു.

സര്‍വായുധസജ്ജരായ ബ്രിട്ടീഷ് സൈന്യവുമായി ഒളിപ്പോര്‍ പോരാട്ടങ്ങളാണ് പലപ്പോഴും നടന്നത്. പോരാട്ട നായകനും നെടുംതൂണും അബൂബക്കര്‍ മുസ്‌ലിയാരാണെന്ന് മനസ്സിലാക്കിയ ബ്രിട്ടീഷ് പട്ടാളം അദ്ദേഹത്തിനെതിരെ നീക്കങ്ങള്‍ ആരംഭിച്ചു. പിന്‍മാറാന്‍ അബൂബക്കര്‍ മുസ്‌ലിയാര്‍ ഒരിക്കലും തയ്യാറായിരുന്നില്ല. അന്വേഷണങ്ങളുമായി പട്ടാളം നിരന്തരം പിന്തുടരാന്‍ തുടങ്ങിയതോടെ പകല്‍ സമയങ്ങളില്‍ പരിസരത്തെ കിണറ്റില്‍ കഴിഞ്ഞ്, രാത്രികാലത്ത് പോരാളികള്‍ക്ക് ഊര്‍ജം പകര്‍ന്നുകൊണ്ട് മുന്നോട്ടുനീങ്ങി. ആയിടക്ക്, പോരാട്ടത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നല്‍കേണ്ടി വന്നു. നടമ്മല്‍പൊയിലിലും പരിസരമായ എലത്തൂര്‍, മാട്ടുമണ്ണില്‍, മാതോലത്ത്, പുതിയോത്ത് ഭാഗങ്ങളിലുമായി ഇങ്ങനെ ശഹീദായ ഏഴ് പേരുടെ ഖബറുകളുണ്ട്. അബൂബക്കര്‍ മുസ്‌ലിയാര്‍ മറ്റൊരു ആലി മുസ്‌ലിയാരായി മാറുമെന്ന് കണക്കുകൂട്ടിയ ബ്രിട്ടീഷ് പട്ടാളം അദ്ദേഹത്തിനായുള്ള തിരച്ചില്‍ ശക്തമാക്കി. നിരന്തരം വീടു പരിശോധിച്ചിട്ടും കണ്ടെത്താന്‍ സാധിക്കാതിരുന്നതോടെ അദ്ദേഹത്തിന്റെ വീടും ഗ്രന്ഥശേഖരവും അഗ്നിക്കിരയാക്കി അരിശം തീര്‍ത്തു.

തിരച്ചില്‍ മലബാറിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഒടുവില്‍ ചില ഒറ്റുകാരുടെ സഹായത്തോടെ പയ്യന്നൂരില്‍ വെച്ച് ഇദ്ദേഹത്തെയും അനുയായികളെയും പിടികൂടി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു. പിന്നീട് കോഴിക്കോട്ടും ഒടുവില്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലും അടച്ചു. വിചാരണാപ്രഹസനങ്ങള്‍ക്കൊടുവില്‍, 1922 ഡിസംബര്‍ ഏഴിന് കോഴിക്കോട് സ്‌പെഷ്യല്‍ ജഡ്ജി, അദ്ദേഹത്തെ മരണംവരെ തൂക്കിക്കൊല്ലാന്‍ വിധിച്ചു.

തന്റെ മരണം ഒരിക്കലും ബ്രിട്ടീഷ് പട്ടാളത്തിന്റെ പൈശാചികകരങ്ങളാല്‍ ആവരുത് എന്നാഗ്രഹിച്ച ആ ധീര ദേശാഭിമാനി തൂക്കിലേറ്റുന്നതിന് മുമ്പ് അന്ത്യാഭിലാഷമായി ആവശ്യപ്പെട്ടത് രണ്ട് റകഅത്ത് സുന്നത്ത് നിസ്‌കാരമായിരുന്നു. നിസ്‌കാരത്തിനിടെ ആ ധീര യോദ്ധാവ് ബ്രിട്ടീഷ് തൂക്കുകയറിനെ തോല്‍പ്പിച്ച് അല്ലാഹുവിലേക്ക് യാത്രയായി. ചില ചരിത്ര ഗ്രന്ഥങ്ങളില്‍ ഇദ്ദേഹത്തെ പുത്തൂര്‍ അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

കൊടുവള്ളിക്കടുത്ത കരുവന്‍പൊയില്‍ താഴെപൊയില്‍ കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. പിന്നീട് നടമ്മല്‍പൊയില്‍ പാലക്കാന്‍ തൊടികയിലേക്ക് താമസം മാറ്റി. മാതാവ് പാത്തുട്ടി ഫത്ഹുല്‍ മുഈന്‍ ഉള്‍പ്പെടെയുള്ള ഗ്രന്ഥങ്ങള്‍ പഠിച്ചവരായിരുന്നു. അബൂബക്കര്‍ മുസ്‌ലിയാര്‍ വെല്ലൂര്‍ ബാഖിയാത്തില്‍ നിന്ന് ബിരുദം കരസ്ഥമാക്കി, അവിടെത്തന്നെ രണ്ട് വര്‍ഷം മുദര്‍രിസായി സേവനം ചെയ്തു. ഇന്നും ആ നാട്ടിലെ പിന്മുറക്കാന്‍ ഓര്‍ക്കുന്ന ഒരു ചരിത്ര സംഭവത്തിന് കാരണക്കാരനായിട്ടുണ്ട് അദ്ദേഹം. 1900ത്തിന്റെ ആരംഭത്തില്‍ നാട്ടിലാകെ ക്ഷാമവും വരള്‍ച്ചയും പിടിപ്പെട്ടു. മാസങ്ങളോളം മഴ ലഭിക്കാതെ ജനം പൊറുതിമുട്ടി. ജനം അബൂബക്കര്‍ മുസ്‌ലിയാരെ സമീപിച്ചു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് മഹാന്‍മാര്‍ നിര്‍ദേശിച്ച പരിഹാരമായ മൂന്ന് ദിവസം നോമ്പെടുക്കാന്‍ അദ്ദേഹം ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. മൂന്നാം ദിവസം നാട്ടുകാരെല്ലാം നാല്‍ക്കാലികളെയുമായി കരുവന്‍പൊയിലിലെ പാറമ്മല്‍ പള്ളിക്ക് സമീപത്തെ വയലില്‍ സംഗമിച്ചു. അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ എല്ലാവരും പ്രാര്‍ഥനാനിരതരായി. അതുവരെ തെളിഞ്ഞിരുന്ന ആകാശത്ത് കാര്‍മേഘം ഉരുണ്ടുകൂടി. ശക്തമായ മഴ വര്‍ഷിക്കാന്‍ തുടങ്ങി. ഒരു റമസാന്‍ നാലിനായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. വെല്ലൂര്‍ ബാഖിയ്യാത്തിന് സമീപമാണ് ഖബര്‍ സ്ഥിതി ചെയ്യുന്നത്.
.