Connect with us

Kerala

കേരളത്തിന് കമലിന്റെ കൈത്താങ്ങ്; ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കി

Published

|

Last Updated

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് കൈത്താങ്ങായി കൂടുതല്‍ തമിഴ് സിനിമാ താരങ്ങള്‍ രംഗത്ത്. നടന്‍ കമലഹാസന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി.
വിജയ് ടി.വി യും 25 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കണമെന്ന് കമല്‍ഹാസന്‍ തന്റെ ആരാധകരോടും തമിഴ് ജനതയോടും പാര്‍ട്ടി പ്രവര്‍ത്തകരോടും അഭ്യര്‍ത്ഥിച്ചിട്ടുമുണ്ടെന്നും അദ്ദേഹത്തിന് നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ, തമിഴ് സിനിമയിലെ താര സഹോദരന്മാരായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചിരുന്നു.
മലയാളി സുഹൃത്തുക്കളില്‍ നിന്ന് കേരളത്തിന്റെ അവസ്ഥ ചോദിച്ചറിഞ്ഞാണ് സൂര്യ പണം നല്‍കാന്‍ തീരുമാനിച്ചത്. സൂര്യയുടെ നേതൃത്വത്തിലുള്ള അഗരം ഫൗണ്ടേഷന്‍ വഴിയാകും പണം കൈമാറുക. എത്രയും പെട്ടെന്ന് ദുരിത ബാധിത പ്രദേശങ്ങള്‍ സാധാരണ നിലയിലേക്ക് ആകട്ടെയെന്നും സൂര്യ പറഞ്ഞു.

തനിക്ക് കേരളത്തോടുള്ള സ്‌നേഹത്തെക്കുറിച്ച് ഏറെ വാചലനാകുന്ന താരമാണ് സൂര്യ. അടുത്തിടെ, നീറ്റ് പരീക്ഷ എഴുതാനായി തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് കേരള സര്‍ക്കാര്‍ ഒരുക്കിയ സേവനങ്ങള്‍ക്ക് സൂര്യ പ്രത്യേകം നന്ദി അറിയിച്ചിരുന്നു. കഴിഞ്ഞ മെയ് മാസം കേരളത്തിലെത്തിയപ്പോഴാണ് സൂര്യ ഇക്കാര്യം പറഞ്ഞത്. റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഒരുക്കിയ സൗകര്യങ്ങള്‍ തമഴ്‌നാട്ടിലെ കുട്ടികള്‍ക്ക് സ്വന്തം നാടാണെന്ന തോന്നലുണ്ടാക്കിയെന്നും സൂര്യ പറഞ്ഞിരുന്നു.

നേരത്തെ, കര്‍ണാടക സര്‍ക്കാര്‍ പത്ത് കോടി രൂപയും തമിഴ്‌നാട് സര്‍ക്കാര്‍ അഞ്ച് കോടിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാഗ്ദാനം ചെയ്തിരുന്നു.