Connect with us

Kerala

ആശങ്ക ഒഴിയുന്നു; ഇടുക്കില്‍ ജലനിരപ്പ് 2400 അടിക്ക് താഴെ

Published

|

Last Updated

തൊടുപുഴ: ഇടുക്കി അണക്കെട്ട് ഉയര്‍ത്തിയ ആശങ്കക്ക് അയവ് വരുന്നു. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് 2400 അടിക്ക് താഴെയെത്തി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ് പ്രകാരം 2399.52 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.

2401.76 അടിയായിരുന്നു വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് അണക്കെട്ടിലെ ജലനിരപ്പ്. ഇത് അണക്കെട്ടിന്റെ ചരിത്രത്തിലെ റെക്കോഡ് ജലനിരപ്പാണ്. അഞ്ച് മണിക്ക് ശേഷം ജലനിരപ്പ് മെല്ലെ താഴുകയായിരുന്നു. ഇന്നലെ രാത്രി ഏഴിന് ജലനിരപ്പ് 2400.32 അടിയിലെത്തി. അതായത് 26 മണിക്കൂറിനിടെ താഴ്ന്നത് 1.44 അടി. ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്ന് വെച്ചിരിക്കുകയാണ്. അഞ്ച് ഷട്ടറുകള്‍ വഴി 7,50,000 ലിറ്റര്‍ (750 ക്യുമെക്സ്) വെള്ളം പുറത്തേക്ക് വിടുന്നുണ്ട്.

കനത്ത മഴ ഇനി ഉണ്ടായില്ലെങ്കില്‍ നാലോ അഞ്ചോ ദിവസത്തിനകം സാഹചര്യങ്ങള്‍ പൂര്‍വ സ്ഥിതിയിലാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഷട്ടറുകള്‍ എപ്പോള്‍ താഴ്ത്തണമെന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനമെടുത്തിട്ടില്ല.

അതേസമയം, ഇടമലയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുകയാണ്. ഈ സാഹചര്യത്തില്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ കൂടി തുറന്നു. 168.93 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. 169 മീറ്ററാണ് പരമാവധി സംഭരണ ശേഷി. രണ്ട് ഷട്ടറുകളും ഒരോ മീറ്റര്‍ ഉയര്‍ത്തി 200 ഘന മീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.