Connect with us

Kerala

വെള്ളപ്പൊക്ക ഭീഷണി: ഹജ്ജ്‌യാത്രയുടെ കേന്ദ്രം കോഴിക്കോട് പുനഃസ്ഥാപിക്കണം- എം കെ രാഘവന്‍ എം പി

Published

|

Last Updated

കോഴിക്കോട്/ന്യൂഡല്‍ഹി: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റണ്‍വേ ബലപ്പെടുത്തുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയായതിനാല്‍ താത്കാലികമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റിയ ഹജ്ജ് യാത്രയുടെ കേന്ദ്രം വെള്ളപ്പൊക്ക ഭീഷണിയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് പുനഃസ്ഥാപിക്കണമെന്ന് എം കെ രാഘവന്‍ എം പി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി, കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു എന്നിവരോട് ആവശ്യപ്പെട്ടു.

2014 വരെ കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ ഏക ആശ്രയം കോഴിക്കോട് വിമാനത്താവളമായിരുന്നു. എന്നാല്‍ റണ്‍വേ ബലപ്പെടുത്തലിന്റെ പ്രവൃത്തി ആരംഭിച്ചപ്പോള്‍ ഹജ്ജ് യാത്രയുടെ കേന്ദ്രം താത്കാലികമായി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. വലിയ വിമാനങ്ങളുടെ സര്‍വീസിന് അനുമതി ലഭ്യമായതിനാലും ശക്തമായ മഴയില്‍ ഇടുക്കി അണക്കെട്ട് തുറന്നതിനാല്‍ പെരിയാര്‍ കരകവിഞ്ഞ് ഒഴുകിയതുമൂലം വെള്ളം കയറിയ എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തെ ആശ്രയിക്കുന്ന പ്രായമായ ഹജ്ജ് തീര്‍ഥാടകര്‍ക്ക് സുരക്ഷിതത്വം കോഴിക്കോട് വിമാനത്താവളമാണെന്ന് എം പി സൂചിപ്പിച്ചു.

കേരളത്തിലെ ഹജ്ജ് തീര്‍ഥാടകരില്‍ 90 ശതമാനവും മലബാറില്‍ നിന്നുള്ളവരാണ്. തീര്‍ഥാടകരുടെ സൗകര്യം പരിഗണിച്ചും മഴക്കെടുതിയില്‍ അപകടഭീഷണി നേരിടുന്ന എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരി വിമാനത്തവളത്തെ ആശ്രയിക്കുന്ന തീര്‍ഥാടകരുടെ സുരക്ഷിതത്വം പരിഗണിച്ചും സ്ഥിരം ഹജ്ജ്ഹൗസ് സംവിധാനത്തെ ഉപയോഗപ്പെടുത്തിയും ഹജ്ജ് സര്‍വീസ് കരിപ്പൂരിലേക്ക് മാറ്റാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എം പി ആവശ്യപ്പെട്ടു.
3000 ഹജ്ജ് യാത്രക്കാര്‍ക്ക് താമസിക്കാനുള്ള സ്ഥിരം സൗകര്യമുള്ള ഹജ്ജ്ഹൗസ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലഭ്യമായിട്ടുള്ളപ്പോള്‍, താമസിക്കാനുള്ള സ്ഥിരം സൗകര്യമില്ലാത്തതും കഴിഞ്ഞ വര്‍ഷങ്ങളില്‍ താമസ സൗകര്യമൊരുക്കിയ സ്ഥലങ്ങളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചതിനാലും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഈ വര്‍ഷം താമസ സൗകര്യങ്ങള്‍ കുറവാണെന്നും എം പി ചൂണ്ടിക്കാട്ടി.
കരിപ്പൂരിനേക്കാള്‍ ചെറുതും സൗകര്യങ്ങള്‍ കുറഞ്ഞതും 2010 നവംബറില്‍ വിമാനാപകടം നടന്ന ടേബിള്‍ടോപ്പായ മംഗലാപുരം ഉള്‍പ്പെടെയുള്ള 23 എയര്‍പോര്‍ട്ടുകള്‍ക്ക് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ അനുവദിച്ചിട്ടും ഈ വര്‍ഷത്തെ ഹജ്ജ് സര്‍വീസില്‍ നിന്ന് റണ്‍വേ ബലപ്പെടുത്തലിന് ശേഷവും കരിപ്പൂര്‍ ഒഴിവാക്കപ്പെട്ടത് അങ്ങേയറ്റം വിവേചനപരമായിരുന്നുവെന്ന് എം പി പറഞ്ഞു.

Latest