ആഘാതം നേരിടാന്‍ ഒറ്റക്കെട്ടായി കേരളം

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് മുഖ്യമന്ത്രിയോടൊപ്പം ഇടുക്കി, എറണാകുളം ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും
Posted on: August 12, 2018 9:09 am | Last updated: August 12, 2018 at 10:30 am
SHARE

തിരുവനന്തപുരം: കേരളം നേരിടുന്ന പ്രളയക്കെടുതിയില്‍ ദുരിതം പേറുന്നവരെ ആശ്വസിപ്പിക്കാന്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ ആശ്വാസമെത്തിക്കാനും ദുരന്തഭൂമികളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും ജനപ്രതിനിധികളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും മാതൃകാപരമായ ഇടപെടലാണ് നടത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഒരുമിച്ച് ഹെലികോപ്റ്ററില്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് മുഖ്യമന്ത്രിയോടൊപ്പം ഇടുക്കി, എറണാകുളം ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. കെടുതിയുടെ ദുരിതം പേറുന്നവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ജില്ലാഭരണകൂടങ്ങള്‍ മാതൃകാപരമായ ഇടപെടലാണ് നടത്തുന്നത്.

ഇന്നലെ രാവിലെ 7.30നാണ് എയര്‍ഫോഴ്‌സിന്റെ എം ഐ 17 ഹെലികോപ്റ്ററില്‍ ശംഖുമുഖം വ്യോമ താവളത്തില്‍ നിന്ന് മുഖ്യമന്ത്രിയും സംഘവും യാത്ര തുടങ്ങിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോംജോസ്, സംസ്ഥാനപോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ, റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ എന്നിവര്‍ മുഖ്യമന്ത്രിയെ അനുഗമിച്ചു. ആദ്യം ഇടുക്കി സന്ദര്‍ശിക്കാനാണ് പദ്ധതിയിട്ടതെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം കട്ടപ്പന സര്‍ക്കാര്‍ കോളജ് ഗ്രൗണ്ടിലൊരുക്കിയ ഹെലിപാഡില്‍ ഇറങ്ങാനായില്ല. തുടര്‍ന്ന് യാത്ര വയനാട്ടിലേക്ക് തിരിച്ചു. വയനാട് കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ജില്ലയിലെ നാശനഷ്ടങ്ങള്‍ വിലയിരുത്തി. ആശ്വാസ സഹായങ്ങള്‍ പ്രഖ്യാപിച്ചതിനൊപ്പം ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എം ഐ ഷാനവാസ് എം പി, എം എല്‍ എമാരായ സി കെ ശശീന്ദ്രന്‍, ഐ സി ബാലകൃഷ്ണന്‍, ഒ ആര്‍ കേളു, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ പങ്കെടുത്തു. കല്‍പ്പറ്റ മുണ്ടേരി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വസ ക്യാമ്പും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. എത്രയും വേഗം ഭവനങ്ങളിലേക്ക് മടങ്ങുന്നതിന് സാധ്യമായ എല്ലാ സഹായവും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് നിവേദനവുമായെത്തിയവര്‍ക്ക് മുഖ്യമന്ത്രി ഉറപ്പു നല്‍കി. തുടര്‍ന്ന് കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങള്‍ ഹെലികോപ്റ്ററില്‍ ഇരുന്ന് വീക്ഷിച്ചു.

കാലവര്‍ഷക്കെടുതി ബാധിച്ച എട്ട് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ മന്ത്രിമാര്‍ ഇന്നലെ സന്ദര്‍ശിച്ചു. ഈ ജില്ലകളിലെല്ലാം മന്ത്രിമാരുടെ സാന്നിധ്യത്തില്‍ അവലോകന യോഗങ്ങളും നടന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ഉച്ചക്ക് 12.30 ന് കൊച്ചി വിമാനത്താവളത്തിലെത്തും. ഉച്ചക്ക് ഒരു മണിമുതല്‍ 2.30 വരെ ഹെലികോപ്റ്ററില്‍ ഇടുക്കി, എറണാകുളം മേഖലകളില്‍ പോകും. ചെറുതോണി, ഇടുക്കി ഡാം, പരിസരപ്രദേശങ്ങള്‍, തടിയമ്പാട്, അടിമാലി, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങള്‍, ആലുവ, പറവൂര്‍ താലൂക്കുകളിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ക്കു മുകളിലൂടെയും സഞ്ചരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷനല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ എന്നിവരും കേന്ദ്ര ആഭ്യന്തര മന്ത്രിയോടൊപ്പം ഉണ്ടാകും.

സന്ദര്‍ശനത്തിന് ശേഷം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗോള്‍ഫ് ഹൗസില്‍ രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍, കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍, വൈദ്യുതി മന്ത്രി എം എം മണി, ജലവിഭവ മന്ത്രി മാത്യു ടി തോമസ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here