Connect with us

Kerala

രക്ഷാദൗത്യത്തിന് കര്‍മസജ്ജരായി കരസേന

Published

|

Last Updated

വണ്ടൂര്‍: സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ തരംഗമായി മാറിയ റോഡ് തകര്‍ന്ന വണ്ടൂര്‍ വെള്ളാമ്പുറത്ത് ഇന്ത്യന്‍ കരസേനയുടെ നേതൃത്വത്തില്‍ താത്കാലിക പാലം നിര്‍മിച്ചു. കനത്ത മഴയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമുണ്ടായ വെള്ളപ്പൊക്കത്തില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ റോഡ് തകരുന്നതിന്റെ തത്സമയ ദൃശ്യങ്ങള്‍ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കാലവര്‍ഷക്കെടുതി നേരിടാന്‍ കരിപ്പൂരിലെ ഹജ്ജ് ഹൗസില്‍ ക്യാമ്പ് ചെയ്യുന്ന കരസേനാ വിഭാഗമാണ് വണ്ടൂരിലെത്തിയത്. ക്യാപ്റ്റന്‍ കുല്‍ദീപ് സിംഗ് റാവത്തിന്റെ നേതൃത്വത്തില്‍ 30ഓളം വരുന്ന സൈനികര്‍ ശനിയാഴ്ച ഉച്ചയോടെയാണ് പ്രദേശത്തെത്തിയത്. കഴിഞ്ഞ ദിവസം സൈനികര്‍ സന്ദര്‍ശിച്ചപ്പോള്‍ താത്കാലികമായി നടപ്പാലമൊരുക്കിയാല്‍ മതിയെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നത്. തുടര്‍ന്ന് സമീപത്തെ തെങ്ങിന്‍ തോപ്പില്‍ നിന്ന് നാല് വലിയ തെങ്ങുകള്‍ മുറിച്ചുമാറ്റി പിളര്‍ന്ന റോഡിന് കുറുകെയിട്ടാണ് താല്‍ക്കാലിക നടപ്പാലമുണ്ടാക്കിയിട്ടുള്ളത്. ഇരുഭാഗത്തും കമുങ്ങുകള്‍ ഉപയോഗിച്ച് കൈവരികളും നിര്‍മിച്ചിട്ടുണ്ട്. താഴ്ന്നപ്രദേശത്തുനിന്ന് ഭാരമുള്ള തെങ്ങുകള്‍ യന്ത്രങ്ങളുടെ സഹായമില്ലാതെയാണ് റോഡിന് മുകളിലെത്തിച്ചത്. ഏറെ ശ്രമകരമായ ദൗത്യത്തിന് സഹായവുമായി നാട്ടുകാരും പങ്കുചേര്‍ന്നു.

വണ്ടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വി ബാബുരാജിന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തുണ്ടായിരുന്നു. വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാകില്ലെങ്കിലും നടക്കാനുള്ള സംവിധാനമായത് സ്‌കൂള്‍ വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ ആശ്വാസകരമാണ്. വണ്ടൂരില്‍ നിന്നും നിലമ്പൂരിലേക്കിലുള്ള സമാന്തര പാതയാണിത്.
ജില്ലയുടെ മലയോര മേഖലയില്‍ കനത്ത മഴയും ഉരുള്‍പൊട്ടലുമുണ്ടായി വ്യാപക നാശനഷ്ടങ്ങളുണ്ടായ വ്യാഴാഴ്ചയാണ് കുത്തിയൊലിച്ചുവന്ന വെള്ളത്തില്‍ റോഡ് ഒലിച്ചുപോയത്. വണ്ടൂര്‍, വാണിയമ്പലം നഗരഭാഗങ്ങളില്‍ നിന്നുള്‍പ്പെടെ ഒലിച്ചെത്തിയ വെള്ളമാണ് തോടുകളും കൃഷിയിടങ്ങളും കവിഞ്ഞൊഴുകിയത്.

കുത്തൊഴുക്കിന്റെ ശക്തിയില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ റോഡ് രണ്ടായി പിളരുകയായിരുന്നു. പിളരുന്നതിന്റെ ദൃശ്യങ്ങള്‍ തരംഗമായതോടെയാണ് ഇവിടെ താത്കാലിക സൗകര്യമൊരുക്കാന്‍ സൈന്യത്തെ നിയോഗിച്ചത്.

---- facebook comment plugin here -----

Latest