Connect with us

Articles

ഏതാണ് കൂടുതല്‍, നന്മയോ തിന്മയോ?

Published

|

Last Updated

ഓട്ടോയില്‍ കിടന്ന സ്വര്‍ണ്ണാഭരണവും പണവുമടങ്ങിയ ബാഗ് തിരിച്ചേല്‍പ്പിച്ച് ഡ്രൈവര്‍ മാതൃകയായി. വഴിയില്‍ കുടുങ്ങിയ വണ്ടിയുടെ ടയര്‍ മാറാന്‍ പോലീസ് ഉദ്യോഗസ്ഥന്‍ സഹായിച്ചു. കാഴ്ചാ വെല്ലുവിളി നേരിടുന്നയാളെ റോഡു മുറിച്ചു കടക്കാന്‍ സഹായിച്ച് വിദ്യാര്‍ഥി മാതൃകയായി. പത്രമാധ്യമങ്ങളില്‍ ഇടക്കിടക്ക് ഇത്തരം വാര്‍ത്താ ശകലങ്ങള്‍ കാണാറുണ്ട്. ഇവയെങ്ങനെയാണ് വാര്‍ത്തയാകുന്നത്? നന്മയുടെ ഈ ചെറു കിരണങ്ങള്‍ വാര്‍ത്തയാകാന്‍ മാത്രം തിന്മയുടെ ഇരുട്ട് നിറഞ്ഞതാണോ ലോകം? നമ്മളിലെ നന്മയുടെ ഉറവകള്‍ വറ്റുന്നുവോ? വാര്‍ത്തകളില്‍ നിറയുന്ന സംഭവങ്ങളില്‍ മഹാഭൂരിപക്ഷവും നെഗറ്റീവ് ഗണത്തില്‍ വരുന്നവയാണ്. മാനഭംഗം, ചതി, അതിക്രമം, തീവ്രവാദം, വര്‍ഗീയത, അയിത്തം, ആള്‍ക്കൂട്ടക്കൊല. സ്‌നേഹശൂന്യതയും സദാചാര ച്യുതിയും കൊണ്ട് പേജും സ്‌ക്രീനും നിറഞ്ഞ് കവിയുന്നു. ഇരിട്ടിയില്‍ നിന്നൊരു വാര്‍ത്തയുണ്ടായിരുന്നു, ഇതര സംസ്ഥാനക്കാരനായ പുതപ്പ് വില്‍പ്പനക്കാരന്‍ കാലവര്‍ഷ ദുരിതാശ്വാസ ക്യാമ്പില്‍ 50 കമ്പിളി പുതപ്പ് നല്‍കിയെന്ന്. ആരും ആഘോഷിച്ചു കണ്ടില്ല.

വളര്‍ന്നു വരുന്ന കുഞ്ഞ് തന്റെ മാതാപിതാക്കളിലൂടെയാണ് ഈ ലോകത്തെ കാണുന്നത്. വളരുന്നതോടെ അവര്‍ തന്റെ ചുറ്റുപാടില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നു. മാതാപിതാക്കള്‍, ബന്ധുക്കള്‍, പുസ്തകങ്ങള്‍, അധ്യാപകര്‍, സുഹൃത്തുക്കള്‍… ചുറ്റുമുള്ള എല്ലാവരില്‍ നിന്നും അവന്‍ വിവരങ്ങള്‍ സ്വീകരിക്കുന്നു. അത് അനൗപചാരികമാണ്. ഔപചാരികമായി ഈ ശേഖരണം നടക്കുന്നത് പത്ര, ദൃശ്യമാധ്യമങ്ങളില്‍ നിന്നും സാമൂഹിക മാധ്യമങ്ങളില്‍ നിന്നുമാണ്. ഇതോടെ സമൂഹത്തില്‍ മോശം വാര്‍ത്തകള്‍ പെട്ടെന്ന് പരക്കുകയും തിന്മയുടെ വിവരശേഖരം അതിഭീകരമായ രീതിയില്‍ മനസ്സില്‍ സ്ഥാനം പിടിക്കുകയും ചെയ്യും. അത് മനസ്സിലാകണമെങ്കില്‍ “ഈ ലോകത്ത് നന്മയാണോ അതോ തിന്മയാണോ അധികരിച്ചു നില്‍ക്കുന്നത്?” എന്ന് തൊട്ടടുത്തയാളോട് ചോദിച്ചു നോക്കിയാല്‍ മതിയാകും. അവരുടെ മറുപടി നിങ്ങളെ അതിശയിപ്പിക്കും.

ഈ ചോദ്യം പല തുറകളില്‍ പെട്ട 51 പേരോട് ചോദിച്ചതില്‍ ആറ് പേരൊഴികെ 45 പേരും പറഞ്ഞത് തിന്മ അധികരിച്ച് നില്‍ക്കുന്നുവെന്നാണ്. നന്മയുടെ വിജയം കാംക്ഷിക്കുന്നവരെ വേദനിപ്പിക്കുന്നതാണ് ഈ ചെറു സര്‍വേ ഫലം. നന്മയുടെ പക്ഷത്തെ ഒരാള്‍ പറഞ്ഞത്, നന്മ ജനനം പോലെയും തിന്മ മരണം പോലെയും ആണെന്നാണ്. മരണ വാര്‍ത്തകള്‍ നമ്മള്‍ അറിയുന്നു. ജനനവാര്‍ത്തകള്‍ അറിയാറില്ലല്ലോ? പ്രദേശങ്ങള്‍ക്കനുസരിച്ച് നന്മ തിന്മകളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.

ഇപ്പറയുന്നതാണോ ശരി? നന്മയാണോ? അതോ തിന്മയാണോ മുന്നിട്ട് നില്‍ക്കുന്നത്? ശാന്തമായിരുന്ന് ചിന്തിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും നന്മ തന്നെയാണ് ഉയര്‍ന്നു നില്‍ക്കുന്നതെന്ന്. ഈ ലോകം നിലനില്‍ക്കുന്നത് തന്നെ നന്മയിലാണ്. ലോകത്തെ മുഴുവന്‍ തിന്മകളും നമ്മള്‍ വായിക്കുന്ന 16 പേജ് പത്രത്തില്‍ അല്ലെങ്കില്‍ അഞ്ചോ, ആറോ പത്രങ്ങളില്‍ അച്ചടിച്ച് വരുന്നത്രയേ കാണൂ. ചാനലുകളില്‍ രണ്ട് ബുള്ളറ്റിന്‍ വായിച്ചാല്‍ തീര്‍ന്നു. എന്നാല്‍ നന്മയോ?

പതിനായിരക്കണക്കിന്, ലക്ഷക്കണക്കിന് ഉദാഹരണങ്ങള്‍ നമുക്ക് നിരത്താന്‍ കഴിയും. മനുഷ്യന്‍ 15 ഉം 20ഉം വര്‍ഷം അച്ഛനമ്മമാരുടെ സംരക്ഷണയിലായിരിക്കും. ഒരോ അച്ഛനും അമ്മയും തന്റെ മക്കള്‍ക്ക് വേണ്ടി യാണ് ജീവിതകാലം മുഴുവന്‍ ജീവിക്കുന്നത്. ആ മക്കള്‍ അവരുടെ മക്കള്‍ക്ക് വേണ്ടി. ഈ ശൃംഖല മുറിയാതെ പോകുന്നത് കൊണ്ടാണ് വംശാവലി ഇങ്ങനെ തുടരുന്നത്. ഇതിലും വലിയ നന്മ വേറെന്തുണ്ട്. പെറ്റ കുഞ്ഞിനെ കുപ്പത്തൊട്ടിയിലെറിയുന്ന വാര്‍ത്ത വാര്‍ത്തയാവുന്നത് അതുകൊണ്ടാണ്. തികച്ചും വ്യത്യസ്ത സ്വഭാവ സവിശേഷതകള്‍ ഉള്ള രണ്ട് പേര്‍ അവരുടെ ജീവിതാവസാനം വരെ സ്‌നേഹത്തോടെ ജീവിക്കുന്നു. സഹോദര, സഹോദരീ, കുടുംബ, സുഹൃത്ബന്ധങ്ങളിലൊക്കെ നമുക്കീ നന്മ കാണാം. അതുകൊണ്ടാണ് ഇത്തരം ബന്ധങ്ങളിലെ തകര്‍ച്ചകള്‍ നമ്മെ വേദനിപ്പിക്കുന്നത്.

അപകടകരമായ ഏതൊരു സാഹചര്യത്തിലും ആരൊക്കെയോ നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു. നമുക്കകത്തു നിന്നുള്ള നിര്‍ദേശങ്ങള്‍ പോലും ആരുടെയൊക്കെയോ നന്മയുടെ ശേഷിപ്പുകളാണ്. തിരമാലകളിലേക്കിറങ്ങുമ്പോള്‍, മരങ്ങളില്‍ കയറുമ്പോള്‍, വാഹനം വേഗം കൂടുമ്പോള്‍, വലിയ വെള്ളത്തില്‍ നീന്തുമ്പോള്‍ ഒക്കെ നമുക്ക് അത് അനുഭവിക്കാം. ശ്രദ്ധിക്കണം, ശ്രദ്ധിക്കണം എന്ന മുന്നറിയിപ്പ്. അതില്‍ നന്മ ഒളിഞ്ഞിരിപ്പുണ്ട്.

സാധാരണ വഴിയോര കച്ചവടങ്ങളില്‍ മുതല്‍ വിലയേറിയ രത്‌നങ്ങളും ഭൂമിയും കെട്ടിടവുമൊക്കെ കൈമാറുന്ന വന്‍കിട ബിസിനസ്സില്‍ അടിസ്ഥാന മൂലധനമെന്താണ്? വിശ്വസ്തത. ഓരോ നിമിഷവും നാം മറ്റുള്ളവരെ വിശ്വസിക്കുകയാണ്. അവരും നമ്മളും വിശ്വാസം കൈമാറുന്നു. അത് പാലിക്കുന്നു. അപ്പോഴാണ് നാം സുരക്ഷിതരാകുന്നത്. അതില്ലാത്തിടങ്ങളിലാണ് അരക്ഷിതാവസ്ഥ പടരുന്നത്.
നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യം നോക്കൂ. തിന്മയെ നന്മ കൊണ്ട് നേരിട്ടാണ് ഇന്ത്യ സ്വതന്ത്രമായത്. അതാണ് അഹിംസയെന്ന ഗാന്ധിയന്‍ ദര്‍ശനം. ആ മഹാത്മാവിന്റെ പിന്‍മുറക്കാരാണിപ്പോള്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടത്തുന്നത്. അത് വലിയ രീതിയില്‍ എതിര്‍ക്കപ്പെടുന്നു എന്നത് ആശ്വസിക്കാന്‍ വക നല്‍കുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ഫാസിസത്തിന്റെ എല്ലാ അതിക്രമങ്ങളും സഹിച്ചും ക്ഷമിച്ചും മുന്നോട്ട് പോവുന്നതിനാല്‍ ഫാസിസം കൂടുതല്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയില്ലാതെ നിരായുധരാവുന്നു. അക്രമങ്ങള്‍ക്കെതിരെ അതേ പോലെ തിരിച്ചടിച്ചാലോ? കൂടുതല്‍ ആക്രമണങ്ങള്‍ക്ക് കാരണമായിത്തീരുമായിരുന്നു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ ശരിയായ തീരുമാനം തന്നെയാണെടുത്തിട്ടുള്ളത്. സാധാരണ ഇന്ത്യന്‍ ജനതയില്‍ നിന്നും ഫാസിസം കൂടുതല്‍ കൂടുതല്‍ ഒറ്റപ്പെടുന്നു എന്നത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

നന്മയുടെ തിളക്കമില്ലാത്ത ഒരു മേഖലയുമില്ല. ഫലസ്തീന്റെ മണ്ണ് കവര്‍ന്നെടുക്കുന്ന ഇസ്‌റാഈലില്‍ കളിക്കില്ലെന്ന അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ തീരുമാനം, ഇസ്‌റാഈലി പത്രവുമായി അഭിമുഖത്തിന് വിസമ്മതിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, പരസ്യ വരുമാനത്തിലെ 250 കോടി ഡോളറുകൊണ്ട് ക്യാന്‍സര്‍ ആശുപത്രി പണിത് സൗജന്യ ചികിത്സ ഒരുക്കിയ ഐവറി കോസ്റ്റിന്റെ ദീദിയര്‍ ദ്രോഗ്‌ബേ, മത്സരപ്രതിഫലം വൈകല്യമുള്ള കുട്ടികള്‍ക്ക് നല്‍കിയ എംബാപേ ഇവരൊക്കെ കളിക്കളത്തെ നന്മ കൊണ്ട് അലങ്കരിച്ചവരാണ്. ലോകത്ത് സ്തുത്യര്‍ഹ സേവനസഹായങ്ങള്‍ നല്‍കുന്ന അറിയുന്നവരും അറിയാത്തവരുമായ ലക്ഷങ്ങള്‍. സ്വജീവന്‍ കളഞ്ഞും അതിര്‍ത്തി കാക്കുന്ന സൈനികര്‍. നമ്മുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ഗവേഷണങ്ങള്‍ക്ക് പിറകേ പോയി ജീവിക്കാന്‍ മറന്നുപോവുന്ന ശാസ്ത്രജ്ഞര്‍, ഭരണകര്‍ത്താക്കള്‍, നിയമപാലകര്‍, എല്ലാവരെയും ഊട്ടാനായി വിയര്‍ക്കുന്ന കര്‍ഷകര്‍…. എത്രയെത്ര മനുഷ്യര്‍, എതൊക്കെ വേഷത്തില്‍. അവരൊക്കെയും നന്മയുടെ കെടാവിളക്കുകളായി നിലകൊള്ളുന്നു.

ഉദാഹരണമെടുക്കുമ്പോള്‍ ഏതെടുക്കണമെന്ന് കടുത്ത ആശയക്കുഴപ്പമുണ്ടാക്കുന്ന വിധത്തില്‍ നന്മയുടെ മനോഹരമായ ആവിഷ്‌കാരങ്ങള്‍ ചുറ്റും നിറഞ്ഞങ്ങനെ കിടക്കുകയാണ്. തുറന്ന മനസ്സോടെ നോക്കിയാല്‍ അത് കാണാനാകും. എല്ലാ ദുരന്ത മുഖത്തും മനുഷ്യന്റെ നന്മ വെളിച്ചം വിതറുന്നു. എല്ലാ അതിര്‍ വരമ്പുകളും അവിടെ അപ്രത്യക്ഷമാകുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഒരു തീര്‍ഥ യാത്ര നടത്തിയാല്‍ മാത്രം മതിയാകും ഈ സത്യം ബോധ്യപ്പെടാന്‍. പുലരും മുതല്‍ രാത്രി വരെ കണ്ട നന്മകള്‍ രേഖപ്പെടുത്താന്‍ ശ്രമിക്കൂ. കടലാസ് തികയില്ല, തീര്‍ച്ച. ജീവിതകാലം മുഴുവന്‍ തിന്മ ചെയ്ത് ജീവിച്ച ഒരാള്‍ അയാളുടെ അവസാനകാലത്ത് പശ്ചാത്താപത്തിന്റെ വേദനയിലായിരിക്കും. നന്മ ചെയ്ത ഒരാള്‍ പോലും തിന്മ ചെയ്യാത്തതില്‍ ദുഃഖിക്കാറില്ല. നമ്മുടെ മനസ്സില്‍ തിന്മയേക്കാള്‍ എത്രയോ മുകളിലാണ് നന്മയുടെ സ്ഥാനം. ആലോചിച്ചു നോക്കൂ. ജയിലുകള്‍ എത്ര ചെറുതാണ്!

തിന്മക്കാണ് മുന്‍തൂക്കം എന്ന് വാദിച്ച മുഴുവന്‍ പേരോടും “നിങ്ങളിലോ” എന്നു ചോദിച്ചപ്പോള്‍ ഒരു സംശയവുമില്ലാതെ, ഒരു സെക്കന്‍ഡ് പോലും കാത്തുനില്‍ക്കാതെ നന്മയാണെന്നാണ് ഏകസ്വരത്തില്‍ മറുപടി പറഞ്ഞത്. എത്ര വലിയ പ്രതീക്ഷയാണ് ആ ഉത്തരം തരുന്നത്.

ലോകം കൂടുതല്‍ തിന്മയിലേക്ക് പോയപ്പോഴൊക്കെ അത് തിരുത്താന്‍ ലോകനേതാക്കള്‍ പിറവിയെടുത്തിട്ടുണ്ട്. പ്രവാചകന്‍മാര്‍ പിറന്നിട്ടുണ്ട്. നമ്മുടെ ഉള്ളിലെ ദൈവദൂതനെ കൂടുതല്‍ പ്രചോദിപ്പിച്ചുകൊണ്ട് നന്മയുടെ പ്രവര്‍ത്തനങ്ങളായ സ്‌നേഹത്തെ, സഹായത്തെ, ക്ഷമയെ, സന്തോഷത്തെ ഒക്കെ ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. നന്മയുടെ പ്രചാരകരായി നാം മാറേണ്ടതുണ്ട്. നന്മയാണ് വിജയം വരിക്കുന്നതെന്ന സത്യം പുലരുമ്പോള്‍ ഈ ലോകം കൂടുതല്‍ സുന്ദരമാകും. സ്വയം ചോദിച്ചു നോക്കൂ. നിങ്ങളില്‍ നന്മയാണോ തിന്മയാണോ ഉയര്‍ന്നു നില്‍ക്കുന്നത്?

---- facebook comment plugin here -----

Latest