വെനിസ്വേല അതിജീവിക്കുമോ?

വൈകാരികമായ പദാവലികള്‍ കൊണ്ട് ഷാവേസിന്റെ തുടര്‍ച്ച സ്ഥാപിച്ചെടുക്കാന്‍ മദുറോ ശ്രമിക്കുമ്പോള്‍ അത് മോശം ഡസ്ബ് മാഷ് മാത്രമായേ അനുഭവപ്പെടുന്നുള്ളൂ. ആഗോള എണ്ണ വിപണിയില്‍ 2014ല്‍ സംഭവിച്ച വിലയിടിവ് വെനിസ്വേലയെ പിടിച്ചുലച്ചപ്പോള്‍ ആ പ്രതിസന്ധി മറികടക്കാനാകാതെ പകച്ചു നില്‍ക്കുന്ന മദുറോയെയാണ് കണ്ടത്. ആത്മവിശ്വാസമില്ലാത്ത ഭരണാധികാരി പ്രജകളില്‍ വലിയ അരക്ഷിത ബോധമാണ് ഉണ്ടാക്കുക.
Posted on: August 12, 2018 9:40 am | Last updated: August 11, 2018 at 10:46 pm
SHARE

വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോക്ക് നേരെ സ്ഫാടക വസ്തു നിറച്ച ഡ്രോണ്‍ തൊടുത്തു വിട്ടത് ആരാണ്? മദുറോയെ തൊട്ടുരുമ്മി കടന്ന് പോയ ഡ്രോണ്‍ അദ്ദേഹത്തിന്റെ അംഗരക്ഷകരിലൊരാളുടെ തലതകര്‍ത്തു. അക്രമികള്‍ ലക്ഷ്യമിട്ടത് പ്രസിഡന്റിന്റെ തല തന്നെയായിരുന്നു. അല്‍പ്പം പിഴച്ചു പോയി. തലസ്ഥാനമായ കാരക്കസില്‍ സൈന്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രസിഡന്റ്. എന്നുവെച്ചാല്‍ സമ്പൂര്‍ണ സുരക്ഷക്ക് നടുവില്‍. ഇത്ര കൃത്യമായി ഇത് ചെയ്യാന്‍ ചില്ലറ വൈദഗ്ധ്യമൊന്നും പോര. അമേരിക്കയുടെ സഹായത്തോടെ കൊളംബിയയില്‍ നിന്ന് തയ്യാറാക്കിയ പദ്ധതിയാണ് നടപ്പായതെന്ന് പ്രസിഡന്റ് പറയുന്നു. അമേരിക്കന്‍ സ്റ്റേറ്റായ ഫ്‌ളോറിഡയില്‍ നിന്നുള്ളവരാണ് കൃത്യത്തില്‍ പങ്കെടുത്തതെന്നും മദുറോ സര്‍ക്കാറിന് ഉറപ്പുണ്ട്. ഇറാനും റഷ്യയുമൊക്കെ ഈ വാദം പങ്കുവെക്കുന്നു. എന്നാല്‍ ചില അമേരിക്കന്‍ മാധ്യമങ്ങള്‍ പറയുന്നത് വിചിത്രമായ കാര്യമാണ്. ഡ്രോണ്‍ സ്‌ഫോടനം നടന്നിട്ടേയില്ല. അകലെയേതോ കെട്ടിടത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായതിന്റെ അങ്കലാപ്പാണ് അവിടെ കണ്ടതത്രേ. എതായാലും നാഷനല്‍ മൂവ്‌മെന്റ് ഓഫ് സോള്‍ജ്യേഴ്‌സ് ഇന്‍ ടീ ഷര്‍ട്ട് എന്ന പേരില്‍ അറിയപ്പെടുന്ന സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് നാഷനല്‍ ഗാര്‍ഡിന്റെ എണ്‍പത്തിയൊന്നാമത് വാര്‍ഷിക പരിപാടിക്കിടെയും ഇത്തരത്തില്‍ ആക്രമണം നടന്നിരുന്നു.

എണ്ണ സമ്പന്നവും സാമ്രാജ്യത്വത്തോട് പോരടിച്ചു നില്‍ക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നുമായ വെനിസ്വേല സമ്പൂര്‍ണ പതനത്തിലേക്ക് നീങ്ങുകയാണെന്ന സത്യമാണ് ഒടുവില്‍ അവശേഷിക്കുന്നത്. രൂക്ഷമായ തൊഴിലില്ലായ്മ, പട്ടിണി, പലായനം. തകര്‍ന്നടിഞ്ഞ ക്രമസമാധാനം, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, പ്രക്ഷോഭത്തിന്റെ പേരില്‍ ക്രൂരമായ അതിക്രമം, സൈന്യവും പോലീസും പിന്തിരിഞ്ഞോടുന്നു. അക്ഷരാര്‍ഥത്തില്‍ അരാജകം. ഈ കൂട്ടക്കുഴപ്പങ്ങളില്‍ അമേരിക്കക്ക് ഒരു പങ്കുമില്ലെന്നും വെനിസ്വേലയുടെ ആഭ്യന്തര കാര്യം മാത്രമാണ് ഇവയെല്ലാമെന്നും ചരിത്രബോധമുള്ള ഒരാളും വിശ്വസിക്കില്ല. ഈ ലാറ്റിനമേരിക്കന്‍ രാജ്യത്തെ ഇങ്ങനെയാക്കിയതില്‍ യു എസിന്റെ പങ്കെത്ര? നിക്കോളാസ് മദുറോയുടെ പങ്കെത്ര? എന്നതാണ് ചോദ്യം.

വിലയില്ലാത്ത ബൊളിവര്‍
ലോകത്ത് ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കുള്ള രാജ്യമാണ് ഇന്ന് വെനിസ്വേല. 12,833 ശതമാനമാണ് ഇപ്പോഴത്തെ നിരക്കെന്ന് ഐ എം എഫ് പറയുന്നു. കറന്‍സിയായ ബൊളിവറിന് കടലാസ് വിലയേയുള്ളൂ. മൊത്തം കറന്‍സി പിന്‍വലിച്ച് പുതിയത് ഇറക്കി നോക്കി. ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ വ്യാപകമായി അച്ചടിച്ചു. പെട്രോ എന്ന ഡിജിറ്റല്‍ കറന്‍സി കൊണ്ടു വന്നു. ഒരു രക്ഷയുമില്ല. വിലക്കയറ്റം (പണപ്പെരുപ്പം) കുതിക്കുക തന്നെയാണ്. സാങ്കേതികമായി ഹൈപ്പര്‍ ഇന്‍ഫഌഷന്‍ എന്ന് പറയും. പാശ്ചാത്യ ഏജന്‍സികളും മാധ്യമങ്ങളും വെനിസ്വേലക്കെതിരെ പടച്ചു വിടുന്ന നെഗറ്റീവ് പ്രചാരണങ്ങള്‍ കൂടിയാകുമ്പോള്‍ വിപണിയില്‍ നിന്ന് ആത്മവിശ്വാസത്തിന്റെ ചെറു കണിക പോലും അപ്രത്യക്ഷമാകുന്നു. മദുറോ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ പാളിപ്പോകുന്നത് അതുകൊണ്ടാണ്. 2019ല്‍ വെനിസ്വേലയുടെ പണപ്പെരുപ്പ നിരക്ക് പത്ത് ലക്ഷം ശതമാനം കടക്കുമെന്നാണ് ഐ എം എഫ് പ്രവചിച്ചിട്ടുള്ളത്. എന്നുവെച്ചാല്‍ നിങ്ങള്‍ അടുത്ത കാലത്തൊന്നും കരകയറാന്‍ പോകുന്നില്ലെന്ന് വെനിസ്വേലക്കാരോട് പറയുകയാണ് ഈ ആഗോള സംഘടന. വലിയ അക്രമമാണിത്. പണപ്പെരുപ്പ നിരക്ക് പ്രവചിക്കുകയെന്നത് സാമ്പത്തിക ശാസ്ത്രപരമായി ദുഷ്‌കരമായ സംഗതിയാണ്. അത് ഒരിക്കലും കൃത്യമാകില്ല. എന്നിട്ടുമെന്താണ് ഐ എം എഫും വേള്‍ഡ് ബേങ്കുമൊക്കെ ഈ കൊട്ടക്കണക്കുകള്‍ ഇങ്ങനെ കൊണ്ടാടുന്നത്? അതാണ് രാഷ്ട്രീയം. സ്പാനിഷ് ആധിപത്യത്തിനെതിരെ ധീരമായി പോരാടിയ വിപ്ലവകാരിയാണ് സൈമണ്‍ ബൊളിവര്‍. വെനിസ്വേല, ബൊളീവിയ, കൊളംബിയ, ഇക്വഡോര്‍, പെറു തുടങ്ങിയ രാജ്യങ്ങളുടെ പിറവിക്ക് തന്നെ കാരണമായ ഐതിഹാസിക പോരാട്ടത്തിന് അദ്ദേഹം നേതൃത്വം നല്‍കി. അദ്ദേഹത്തിന്റെ നാമധേയത്തിലാണ് വെനിസ്വേലന്‍ കറന്‍സി. അത് തകര്‍ന്നടിയുമ്പോള്‍ പ്രതീകാത്മകമായി ബൊളിവേറിയന്‍ പാരമ്പര്യം തന്നെയാണ് പരാജിതമാകുന്നത്. ഐ എം എഫിനും ഡബ്ല്യു ടി ഒക്കും ലോകബേങ്കിനുമെല്ലാം ബൊളീവേറിയന്‍ വര്‍ഗതാത്പര്യത്തിന് വിരുദ്ധമായി മാത്രമേ നിലകൊള്ളാനാകുകയുള്ളൂ.

ഷാവേസിന്റെ കാലം
1999 മുതല്‍ 2013 വരെ രാജ്യം ഭരിച്ച ഹ്യൂഗോ ഷാവേസിന്റെ നേര്‍പ്പതിപ്പായി സ്വയം അവകാശപ്പെടുന്നയാളാണ് ഇപ്പോഴത്തെ പ്രസിഡന്റ് നിക്കോളാസ് മദുറോ. അതുകൊണ്ട് ഷാവേസിനോടുള്ള യു എസിന്റെ ശത്രുത മദുറോയിലും തുടരുന്നു. ക്യൂബയിലെ ഫിഡല്‍ കാസ്‌ട്രോയും ബൊളീവിയയിലെ ഇവോ മൊറേല്‍സും ഇറാനിലെ അഹ്മദി നജാദുമൊക്കെ ചേര്‍ന്ന് രൂപപ്പെടുത്തിയ സാമ്രാജ്യത്വവിരുദ്ധ ചേരിക്ക് ആവേശകരമായ നേതൃത്വം നല്‍കിയത് ഷാവേസായിരുന്നു. രാജ്യത്തെ എണ്ണ സമ്പത്ത് അദ്ദേഹം പൂര്‍ണമായി ദേശസാത്കരിച്ചു. സ്വകാര്യ, വിദേശ കമ്പനികളെ മുഴുവന്‍ പുറത്താക്കി. ലാറ്റിനമേരിക്കന്‍ സാമ്പത്തിക സഹകരണത്തിന് കരാറുകളുണ്ടാക്കി. അമേരിക്കയെ നിരന്തരം വെല്ലുവിളിച്ചു. കുതിച്ചുയരുന്ന എണ്ണ വിലയുടെ നല്ല പങ്ക് രാജ്യത്തെ പാവപ്പെട്ട ജനങ്ങളിലെത്തിക്കാന്‍ ഷാവേസിന് സാധിച്ചു. അദ്ദേഹം സൃഷ്ടിച്ചെടുത്ത സവിശേഷമായ സോഷ്യലിസ്റ്റ് മാതൃക വെനിസ്വേലയെ സാവധാനം കിടയറ്റ സാമ്പത്തിക ശക്തിയാക്കുകയായിരുന്നു. തൊഴിലില്ലായ്മാ നിരക്ക് പകുതിയായി കുറഞ്ഞു. പ്രതിശീര്‍ഷ വരുമാനം ഇരട്ടിയായി. വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങള്‍ മെച്ചപ്പെട്ടു. ശിശു മരണ നിരക്ക് താഴ്ന്നു. സ്വയമൊരു ഗ്രാമീണനും കര്‍ഷകന്റെ മകനുമായ ഹ്യൂഗോ ഷാവേസിന് തന്റെ ജനതക്ക് എന്ത് നല്‍കണമെന്ന് അറിയാമായിരുന്നു. ദരിദ്രരെയും ഇടത്തരക്കാരെയും ഒരുപോലെ ഒപ്പം കൂട്ടാന്‍ അദ്ദേഹത്തിന് സാധിച്ചു. അമേരിക്കയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ നടന്ന അട്ടിമറി ശ്രമങ്ങളെ അദ്ദേഹം അതിജീവിച്ചുവെന്ന് മാത്രമല്ല, അത് അവസരമാക്കിയെടുത്ത് അധികാരകേന്ദ്രീകരണം നടത്തുകയും ചെയ്തു. ജോര്‍ജ് ഡബ്ല്യു ബുഷ് സംസാരിച്ച് കഴിഞ്ഞ ശേഷം യു എന്‍ പൊതു സഭയില്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റ ഷാവേസ് തുടങ്ങിയത് ഇങ്ങനെയായിരുന്നു: ‘ഇവിടെ വെടി മരുന്നിന്റെ മണം അവസാനിച്ചിട്ടില്ല. കൊലയാളി നിന്നിടത്ത് നിന്ന് മറ്റൊരു ഗന്ധം ഉണ്ടാകാനിടയില്ലല്ലോ’. ഇറാനുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദവും ക്യൂബയുമായുള്ള കൂട്ടുകെട്ടും ബൊളീവേറിയന്‍ സഖ്യത്തിനുള്ള നേതൃ സ്ഥാനവും എല്ലാം ഷാവേസിനെ സംബന്ധിച്ചിടത്തോളം സാമ്രാജ്യത്വ വിരുദ്ധതയുടെ പ്രഖ്യാപനങ്ങളായിരുന്നു. ഇസ്‌റാഈലിനോടും അദ്ദേഹം എക്കാലവും കലഹിച്ചു. എണ്ണ സമ്പത്തിന്റെ ദേശസാത്കരണമടക്കമുള്ള പരിഷ്‌കാരങ്ങള്‍ ഷാവേസിനെ വന്‍കിട കുത്തക കമ്പനികളുടെയും അതുവഴി അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും ഒന്നാം നമ്പര്‍ ശത്രുവാക്കി മാറ്റി.

അന്ന് തുടങ്ങിയ ഉപരോധം ഇന്നും തുടരുകയാണ് അമേരിക്ക. ബരാക് ഒബാമ വന്ന് ക്യൂബക്ക് കൈകൊടുത്തിട്ടും വെനിസ്വേലയോടുള്ള സമീപനത്തില്‍ മാറ്റം വന്നില്ല. ക്യാന്‍സറിന് മുമ്പില്‍ തോറ്റ് 56ാം വയസ്സില്‍ ഷാവേസ് മരിക്കുന്നത് വരെ ഈ ഉപരോധങ്ങളെ അതിജീവിക്കാന്‍ വെനിസ്വേലക്ക് സാധിച്ചിരുന്നു. തന്റെ കൈയിലുള്ള എണ്ണക്ക് വിപണി കണ്ടെത്താനും തനിക്കാവശ്യമുള്ള വസ്തുക്കള്‍ ഇറക്കുമതി ചെയ്യാനും പുതിയ പുതിയ ബന്ധങ്ങള്‍ അദ്ദേഹം സൃഷ്ടിച്ചെടുത്തു. കടുത്ത ഉപരോധത്തിനിടക്കും അമേരിക്കന്‍ സ്റ്റേറ്റുകള്‍ക്ക് എണ്ണ വിറ്റയാളാണ് ഷാവേസ്.

മദുറോ ഷാവേസിന്റെ നിഴല്‍
തന്റെ പിന്‍ഗാമിയായി നിക്കോളാസ് മദുറോയെ നിശ്ചയിച്ചത് ഹ്യൂഗോ ഷാവേസ് തന്നെയായിരുന്നു. ‘ഷാവേസ് ദെ ലോ ജൂറോ, മി വോട്ട് എസ് പാരാ മദുറോ’ എന്നായിരുന്നു ഷാവേസിന്റെ മരണ ശേഷം നടന്ന തിരഞ്ഞെടുപ്പിലെ ഔദ്യോഗിക മുദ്രാവാക്യം. ‘ഷാവേസ് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. എന്റെ വോട്ട് മദുറോക്ക്’ എന്നര്‍ഥം. ഷാവേസിന്റെ ഓര്‍മകളെ ഓരോ അണുവിലും ആവാഹിച്ചിട്ടും മദുറോക്ക് ആ തിരഞ്ഞെടുപ്പില്‍ തിളക്കം കുറഞ്ഞ വിജയമേ നേടാനായുള്ളൂ. 2018 മെയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്തി രണ്ടാമൂഴവും മദുറോ പ്രസിഡന്റായി. 40 ശതമാനം പേര്‍ മാത്രം വോട്ട് ചെയ്ത ഈ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ പലതും സജീവമായിരുന്നില്ല. ഡിസംബറില്‍ നടക്കേണ്ട വോട്ടെടുപ്പ് മെയിലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ച് രാജ്യത്തുടനീളം പ്രക്ഷോഭ പരമ്പര അരങ്ങേറിയിരുന്നു. സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്ത് പിടിച്ചെടുത്ത വിജയമെന്നാണ് മദുറോയുടെ രണ്ടാമൂഴത്തെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും കാണുന്നത്.
വൈകാരികമായ പദാവലികള്‍ കൊണ്ട് ഷാവേസിന്റെ തുടര്‍ച്ച സ്ഥാപിച്ചെടുക്കാന്‍ മദുറോ ശ്രമിക്കുമ്പോള്‍ അത് മോശം ഡസ്ബ് മാഷ് മാത്രമായേ അനുഭവപ്പെടുന്നുള്ളൂ. ആഗോള എണ്ണ വിപണിയില്‍ 2014ല്‍ സംഭവിച്ച വിലയിടിവ് വെനിസ്വേലയെ പിടിച്ചുലച്ചപ്പോള്‍ ആ പ്രതിസന്ധി മറികടക്കാനാകാതെ പകച്ചു നില്‍ക്കുന്ന മദുറോയെയാണ് കണ്ടത്. ആത്മവിശ്വാസമില്ലാത്ത ഭരണാധികാരി പ്രജകളില്‍ വലിയ അരക്ഷിത ബോധമാണ് ഉണ്ടാക്കുക. അമേരിക്കന്‍ സ്‌പോണ്‍സര്‍ഷിപ്പോടെ കൂറ്റന്‍ പ്രക്ഷോഭത്തിലേക്ക് രാജ്യം കൂപ്പുകുത്തി. അതിന് തുടര്‍ച്ചയായി ആരംഭിച്ച സാമ്പത്തിക പ്രതിസന്ധിയാണ് ഇന്നും ഈ രാജ്യത്തെ വേട്ടയാടുന്നത്. മദുറോ തേടിയ രാഷ്ട്രീയ പരിഹാരങ്ങള്‍ പലതും സ്വേച്ഛാധിപത്യപരമെന്ന വ്യാഖ്യാനത്തിന് ഇടനല്‍കുന്നതായിരുന്നു. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള ദേശീയ അസംബ്ലി കോടതിയുടെ പിന്തുണയോടെ അദ്ദേഹം പിരിച്ചു വിട്ടു. ഭരണത്തില്‍ സൈന്യത്തിന് കൂടുതല്‍ ഇടം നല്‍കി. കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ ജയിലിലായി.

ഷാവേസ് കുറേ പേരെ ശത്രുക്കളാക്കിയപ്പോള്‍ അതിനേക്കാളേറെ പേരെ മിത്രങ്ങളാക്കിയിരുന്നു. മദുറോ പുതിയ ശത്രുക്കളെ സമ്പാദിക്കുന്നു; ഒരാളെപ്പോലും സുഹൃത്താക്കാതെ. ഇതാണ് പ്രതിസന്ധി. നേരത്തേ ലാറ്റിനമേരിക്കന്‍ ഐക്യനിരയിലുണ്ടായിരുന്ന പല രാജ്യങ്ങളും ഇന്ന് കളം മാറിയിരിക്കുന്നു. ക്യൂബ പോലും അമേരിക്കക്ക് കൈകൊടുത്തു. ഈ ഘട്ടത്തില്‍ ചിര കാല സ്വപ്‌നം പൂര്‍ത്തായാക്കാന്‍ അമേരിക്ക കളത്തിലിറങ്ങിയിരിക്കുന്നു. ഏത് കളിയും അവര്‍ കളിക്കും. ആവശ്യമെങ്കില്‍ സൈനിക പരിഹാരം തേടുമെന്ന് ട്രംപ് പറഞ്ഞുകഴിഞ്ഞു. ഉപരോധം കൂടുതല്‍ ശക്തമാക്കും. വലതുപക്ഷ തീവ്ര ഗ്രൂപ്പുകള്‍ക്ക് പണവും ആയുധവും എത്തിച്ചു കൊടുക്കും. മദുറോയുടെ മുമ്പിലെ വഴികള്‍ ദുഷ്‌കരമായിരിക്കും. കൊളംബിയയുടെയും ബ്രസീലിന്റെയും അതിര്‍ത്തിയില്‍ കാത്തു നില്‍ക്കുന്ന വെനിസ്വേലന്‍ അഭയാര്‍ഥികളുടെ നീണ്ട നിര പറയുന്നത് ഇതാണ്: ‘ഷാവേസ്, പ്രിയ സഖാവേ ഞങ്ങളോട് ക്ഷമിക്കുക. സ്വന്തം മണ്ണിനെ ഞങ്ങള്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്നു’. പ്രത്യയ ശാസ്ത്ര പ്രയോഗങ്ങള്‍ വ്യക്തികളെ ആശ്രയിച്ചിരിക്കുമ്പോള്‍ സംഭവിക്കുന്ന പതനമാണ് വെനിസ്വേലയില്‍ കാണുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here