രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പിന്റെ പാഠം

Posted on: August 12, 2018 8:29 am | Last updated: August 11, 2018 at 10:30 pm
SHARE

മോദി സര്‍ക്കാറിനെ അധികാരത്തില്‍ നിന്ന് തുടച്ചുനീക്കാന്‍ ശേഷിയുള്ള പ്രതിപക്ഷ നിരയെ വാര്‍ത്തെടുക്കാനുള്ള ശ്രമം ഇപ്പോഴും ശൈശവ ദശയിലാണെന്നാണ് രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. 245 അംഗ രാജ്യസഭയില്‍ ബി ജെ പി നയിക്കുന്ന എന്‍ ഡി എയുടെ അംഗബലം 90 ആയിട്ടും 125 വോട്ടുകള്‍ നേടി അവരുടെ സ്ഥാനാര്‍ഥി ഹരിവംശ് നാരായണ്‍ സിംഗ് വിജയിച്ചു. എന്‍ ഡി എക്ക് പുറത്തുള്ള 155 അംഗങ്ങളില്‍ 105 പേരുടെ പിന്തുണ നേടാനേ കോണ്‍ഗ്രസിനായുള്ളൂ. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യബലം എത്രത്തോളമെന്ന് കണ്ടെത്താനുള്ള പരീക്ഷണമെന്നായിരുന്നു ഈ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിശേഷിപ്പിച്ചിരുന്നത്. മോദി സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയത്തിന്‍മേല്‍ നടന്ന വോട്ടെടുപ്പിനു ശേഷം ഭരണപക്ഷവും പ്രതിപക്ഷവും വീണ്ടും നേര്‍ക്കുനേരെത്തിയ ഈ പോരാട്ടത്തിലെ ഫലം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്ന ആശങ്കയിലാണ് മതേതര ഇന്ത്യ.

അംഗബലത്തില്‍ ഭൂരിപക്ഷത്തില്‍ നിന്ന് ഏറെ താഴെയെങ്കിലും ഭരണത്തിലിരിക്കെ രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പിലെ പരാജയം സര്‍ക്കാറിന് രാഷ്ട്രീയമായി കടുത്ത ആഘാതമായിരിക്കുമെന്ന് ബോധ്യമുള്ള ബി ജെ പി കൃത്യമായ കരുനീക്കങ്ങളിലൂടെയാണ് കാര്യങ്ങള്‍ നീക്കിയത്. ഇടക്കാലത്ത് ഇടഞ്ഞുനിന്ന ശിവസേനയെയും, അകാലിദളിനെയും തങ്ങളുടെ പക്ഷത്ത് ഉറപ്പിച്ചു നിര്‍ത്തിയ ബി ജെ പി, ഒഡിഷയിലെ ബിജു ജനതാദളിനെയും (ബി ജെ ഡി) വരുതിയിലാക്കിയപ്പോള്‍, പ്രതിപക്ഷത്തെ മുഴുവന്‍ പാര്‍ട്ടികളുടെ പിന്തുണ പോലും ആര്‍ജിക്കാന്‍ കോണ്‍ഗ്രസിനായില്ല. ടി ഡി പിയുടേതുള്‍പ്പെടെ പ്രതിപക്ഷത്തിന് 117 പേരുടെ പിന്തുണയുണ്ട്. ആം ആദ്മിയും പി ഡി പിയും ആദ്യം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചതാണ്. ഡി എം കെയുടേത് കൂടിയാകുമ്പോള്‍ 126 വോട്ടുകള്‍ ബി കെ ഹരിപ്രസാദിന് പ്രതീക്ഷിച്ചതായിരുന്നു. എന്നാല്‍ ആം ആദ്മി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ബി ജെ പി വിരുദ്ധ വോട്ട് പരമാവധി സമാഹരിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് വീഴ്ച സംഭവിച്ചു. വോട്ടെടുപ്പിന് എത്താതിരുന്ന 16 പേരില്‍ പതിമൂന്നും പ്രതിപക്ഷത്തു നിന്നായിരുന്നുവെന്നത് ശ്രദ്ധേയമാണ്. രണ്ട് പേര്‍ അടുത്ത കാലത്തു ജമ്മു–കശ്മീരില്‍ ബി ജെ പിയോടു പിണങ്ങിപ്പിരിഞ്ഞ പി ഡി പിയുടേതും. അതേസമയം രണ്ട് മാസം മുമ്പ് വൃക്ക മാറ്റ ശസ്ത്രക്രിയക്ക് വിധേയനായ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ അടക്കം ബി ജെ പി സഭയില്‍ എത്തിച്ചു.

2015ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ മഹാസഖ്യത്തിന്റെ വിജയം നല്‍കിയ ആത്മവിശ്വാസത്തില്‍ നിന്ന് തുടങ്ങിയതാണ് കേന്ദ്രത്തില്‍ ശക്തമായ ഒരു പ്രതിപക്ഷത്തിനുള്ള നീക്കങ്ങള്‍. യുപിയിലെയും രാജസ്ഥാനിലെയും ബിഹാറിലെയും മഹാരാഷ്ട്രയിലെയും ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ബി ജെ പിയുടെ സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്തതും കര്‍ണാടകയില്‍ അധികാരത്തിലേക്കുള്ള ബി ജെ പിയുടെ പ്രയാണം തടയാനായതും രാജ്യസഭാ തിരഞ്ഞെടുപ്പില്‍ യു പിയിലെ കോണ്‍ഗ്രസ്-ബി എസ് പി- എസ് പി സഹകരണവുമെല്ലാം പ്രതീക്ഷ വര്‍ധിപ്പിച്ചു. എന്നാല്‍ വോട്ടിംഗ് മെഷീനെതിരെ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ രൂപപ്പെട്ട പ്രതിപക്ഷനിരയില്‍ ഇത് വേണ്ടത്ര പ്രകടമായില്ല. സുതാര്യമല്ലെന്ന് നിരവധി തവണ ബോധ്യപ്പെട്ട ബാലറ്റ് യന്ത്രത്തില്‍ നിന്ന് ബാലറ്റ് പേപ്പറിലേക്ക് തിരിച്ചു പോകണമെന്ന ആവശ്യവുമായി പതിനേഴ് കക്ഷികള്‍ രംഗത്തു വന്നപ്പോള്‍ സി പി എം വോട്ടിംഗ് മെഷീന്‍ തന്നെ മതി എന്ന നിലപാടാണ് സ്വീകരിച്ചത്. കേവല കക്ഷിരാഷ്ട്രീയ വിരോധവും നേതാക്കളുടെ ഈഗോയും മാത്രമാണ് സി പി എമ്മിന്റെ വിട്ടുനില്‍പ്പിന് പിന്നില്‍. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയാണ് ഈ പ്രക്ഷോഭത്തിന് മുന്‍കൈയെടുത്തതെന്നതില്‍ കവിഞ്ഞു മറ്റെന്ത് ന്യായമാണ് പാര്‍ട്ടിക്ക് ഈ വിഷയത്തില്‍ മുന്‍വെക്കാനുള്ളത്. വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനത്തില്‍ സി പി എമ്മും നേരത്തെ സന്ദേഹം പ്രകടിപ്പിച്ചതാണ്.
ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ ആം ആദ്മി സഹകരിക്കാത്തതിന് പിന്നിലും പാര്‍ട്ടി നേതാക്കളുടെ ഈഗോയിസമാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരിട്ടു പിന്തുണ തേടാതിരുന്നതു കൊണ്ടാണ് മാറി നിന്നതെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിശദീകരണം. എന്നാല്‍ ഫാസിസവും മതേതരത്വവും തമ്മിലുള്ള നിര്‍ണായക ഏറ്റുമുട്ടലില്‍ നിസ്സാര പ്രശ്‌നത്തിന്റെ പേരില്‍ ഫാസിസത്തെ സഹായിക്കുന്ന ഇത്തരമൊരു നിലപാട് സ്വീകരിച്ചത് ഒട്ടും നീതീകരിക്കാനാകാത്തതാണ്. അല്ലെങ്കിലും ഡല്‍ഹിക്ക് സ്വതന്ത്ര സംസ്ഥാന പദവി നല്‍കിയാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാമെന്ന് പരസ്യമായി പറഞ്ഞ കെജ്‌രിവാളിനെ മതേതര ഇന്ത്യ വിശ്വാസത്തിലെടുക്കാതിരിക്കുന്നതാണ് ബുദ്ധി.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് എട്ട് മാസം മാത്രം അവശേഷിച്ചിരിക്കെ ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ സംഭവിച്ച തിരിച്ചടി മതേതര കക്ഷികള്‍ ഗൗരവത്തോടെ വിലയിരുത്തേണ്ടതുണ്ട്. അന്ധമായ കക്ഷിരാഷ്ട്രീയ വിരോധവും ഈഗോയും മാറ്റിവെച്ച് വര്‍ഗീയ ഫാസിസത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള മതേതര പ്രതിബദ്ധതയും കറകളഞ്ഞ ജനാധിപത്യ ബോധവും രാഷ്ട്രീയ നേതൃത്വങ്ങള്‍ പ്രകടിപ്പിച്ചെങ്കില്‍ മാത്രമേ വിശാല മതേതര മുന്നണി യാഥാര്‍ഥ്യമാവുകയുള്ളൂ. അത്താഴ വിരുന്നുകള്‍ക്കും കൃത്യമായൊരു അജന്‍ഡയില്ലാതെ നടക്കുന്ന ചര്‍ച്ചകള്‍ക്കുമപ്പുറം അധികാര താത്പര്യങ്ങള്‍ക്ക് അവധി നല്‍കി, മതേതരത്വത്തിന്റെ സംരക്ഷണമെന്ന കൃത്യമായ അജന്‍ഡയില്‍ ഊന്നിക്കൊണ്ടുള്ള നീക്കങ്ങളും ചര്‍ച്ചകളും മാത്രമേ ഫലവത്താവുകയുള്ളൂ. പ്രധാനമന്ത്രി സ്ഥാനത്തിലടക്കം എന്ത് വിട്ടുവീഴ്ചക്കും കോണ്‍ഗ്രസ് തയാറാണെന്നാണ് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ചു ഒരു ദേശീയ മാധ്യമം ഈയിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇത്തരം വിട്ടുവീഴ്ചകള്‍ക്ക് ഇതര പാര്‍ട്ടികളും സന്നദ്ധമായാല്‍ കാര്യങ്ങള്‍ എളുപ്പമാകും.

LEAVE A REPLY

Please enter your comment!
Please enter your name here