Connect with us

National

അന്‍പേറും അയല്‍ക്കാരായി സൂര്യയും കാര്‍ത്തിയും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കും

Published

|

Last Updated

ചെന്നൈ: കാലവര്‍ഷക്കെടുതിയില്‍ ഏറെ ദുരിതമനുഭവിക്കുന്ന കേരളത്തിന് തമിഴ് സിനിമയിലെ താര സഹോദരന്മാരായ സൂര്യയുടേയും കാര്‍ത്തിയുടേയും കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുവരും ചേര്‍ന്ന് 25 ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചു. തിങ്കളാഴ്ച പണം കൈമാറുമെന്നാണ് വിവരം.

മലയാളി സുഹൃത്തുക്കളില്‍ നിന്ന് കേരളത്തിന്റെ അവസ്ഥ ചോദിച്ചറിഞ്ഞാണ് ഇവര്‍ പണം നല്‍കാന്‍ തീരുമാനിച്ചത്. എത്രയും പെട്ടെന്ന് ദുരിത ബാധിത പ്രദേശങ്ങള്‍ സാധാരണ നിലയിലേക്ക് ആകട്ടെയെന്നും സൂര്യ പറഞ്ഞു.

തനിക്ക് കേരളത്തോടുള്ള സ്‌നേഹത്തെക്കുറിച്ച് ഏറെ വാചലനാകുന്ന താരമാണ് സൂര്യ. അടുത്തിടെ, നീറ്റ് പരീക്ഷ എഴുതാനായി തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് കേരള സര്‍ക്കാര്‍ ഒരുക്കിയ സേവനങ്ങള്‍ക്ക് സൂര്യ പ്രത്യേകം നന്ദി അറിയിച്ചിരുന്നു. കഴിഞ്ഞ മെയ് മാസം കേരളത്തിലെത്തിയപ്പോഴാണ് സൂര്യ ഇക്കാര്യം പറഞ്ഞത്. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഒരുക്കിയ സൗകര്യങ്ങള്‍ തമഴ്‌നാട്ടിലെ കുട്ടികള്‍ക്ക് സ്വന്തം നാടാണെന്ന തോന്നലുണ്ടാക്കിയെന്നും സൂര്യ പറഞ്ഞിരുന്നു.

നേരത്തെ, കര്‍ണാടക സര്‍ക്കാര്‍ പത്ത് കോടി രൂപയും തമിഴ്‌നാട് സര്‍ക്കാര്‍ അഞ്ച് കോടിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാഗ്ദാനം ചെയ്തിരുന്നു.