മുനമ്പത്ത് ഉള്‍ക്കടലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി; ബോട്ടപകടത്തില്‍ കാണാതായ ആളിന്റേതെന്ന് സംശയം

Posted on: August 11, 2018 6:47 pm | Last updated: August 11, 2018 at 8:38 pm

കൊച്ചി: മുനമ്പത്ത് ഉള്‍ക്കടലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ ആളുടെ മൃതദേഹമാണ് ഇതെന്ന് കരുതുന്നു. മുനമ്പം ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയവരാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യബന്ധനത്തിനിടെ തൊഴിലാളികളുടെ വലയില്‍ മൃതദേഹം കുടുങ്ങുകയായിരുന്നു.

മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. തുടര്‍ച്ചയായ നാലാം ദിവസം നടന്ന തിരച്ചിലിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ നേതൃത്വത്തില്‍ കപ്പല്‍, ഹെലികോപ്ടര്‍ എന്നിവ ഉപയോഗിച്ചുള്ള തിരച്ചിലാണ് നടത്തുന്നത്.

ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ എംവി ദേശ് ശക്തി എന്ന കപ്പലാണ് ബോട്ടില്‍ ഇടിച്ചതെന്നാണ് വിവരം. മുനമ്പം തീരത്ത് നിന്ന് 14 പേരുമായി മത്സ്യബന്ധനത്തിന് പോയ ഓഷ്യാനിക് എന്ന ബോട്ടാണ് കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ 3.30ന് 24 നോട്ടിക്കല്‍ മൈല്‍ അകലെ കപ്പലിടിച്ച് തകര്‍ന്നത്. തിരച്ചിലില്‍ നേരത്തെ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. രണ്ട് പേരെ രക്ഷപ്പെടുത്തി.