Connect with us

Kerala

ജയരാജനെ മാത്രമല്ല, കുവൈറ്റ് ചാണ്ടിയേയും തിരിച്ചെടുക്കണം: പരിഹാസവുമായി ജയശങ്കര്‍

Published

|

Last Updated

തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്റെ മന്ത്രിസഭയിലെക്കുള്ള തിരിച്ചുവരവിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍ രംഗത്ത്. ജയരാജനെ മാത്രമല്ല, കുവൈറ്റ് ചാണ്ടി (തോമസ് ചാണ്ടി)യേയും തിരിച്ചെടുക്കണമെന്നും മന്ത്രിമാരുടെ എണ്ണം 21 ആയാലും തെറ്റില്ലെന്നും അദ്ദേഹം ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പരിഹസിക്കുന്നു.

ക്യാബിനറ്റ് പദവിയോടെ സര്‍ക്കാര്‍ ചീഫ് വിപ്പിന്റെ പദവി പുന:സ്ഥാപിക്കുകയാണ്. ആരാണ് പുതിയ പിസി ജോര്‍ജ് എന്നറിയാന്‍ അല്പം കൂടി കാത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബന്ധുനിയമന വിവാദത്തില്‍ കുടങ്ങിയാണ് ജയരാജന്‍ മന്ത്രി സ്ഥാനം രാജിവെച്ചത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി ജയരാജനെ തിരിച്ചെടുക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു.

ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം…..

സഖാവ് ഈപ്പീ ജയരാജനെ വ്യവസായ വകുപ്പിന്റെ ചുമതല നല്‍കി മന്ത്രിസഭയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചു. കര്‍ക്കടക മാസത്തില്‍ നല്ല മുഹൂര്‍ത്തം ഇല്ലാത്തതു കൊണ്ട് ചിങ്ങം ഒന്നാം തീയതിയാണ് സത്യപ്രതിജ്ഞ.

ജയരാജന്‍ തിരിച്ചെടുക്കുന്നതു കൊണ്ട് മണിയാശാനെ പിരിച്ചു വിടാന്‍ ഉദ്ദേശിക്കുന്നില്ല. മന്ത്രിമാരുടെ എണ്ണം 20 ആക്കി ഉയര്‍ത്തി. മണിയാശാന്‍ വൈദ്യുതി വകുപ്പ് തുടര്‍ന്നു ഭരിക്കും.

വ്യവസായം പോയ മൊയ്തീന്‍ സഖാവിന് പഴയ സഹകരണ വകുപ്പല്ല, തദ്ദേശ സ്വയംഭരണമാണ് തിരിച്ചു കിട്ടുന്നത്. ഉന്നത ബിരുദധാരി ഡോ ജലീല്‍ ഇനി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി പരിലസിക്കും.

ക്യാബിനറ്റ് പദവിയോടെ സര്‍ക്കാര്‍ ചീഫ് വിപ്പിന്റെ പദവി പുന:സ്ഥാപിക്കുന്നു. ആരാണ് പുതിയ പിസി ജോര്‍ജ് എന്നറിയാന്‍ അല്പം കൂടി കാത്തിരിക്കണം.

പാവം കുവൈറ്റ് ചാണ്ടിയെ കൂടി തിരിച്ചെടുക്കണം. മന്ത്രിമാരുടെ എണ്ണം 21 ആയാലും തെറ്റില്ല.