ഉഗ്രവിഷ സര്‍പ്പങ്ങള്‍ പോലും ആ സമയത്ത് വിഷം ചീറ്റാറില്ല മനുഷ്യാ; ടിജി മോഹന്‍ദാസിന് ചുട്ടമറുപടിയുമായി ശാരദക്കുട്ടി

Posted on: August 11, 2018 4:39 pm | Last updated: August 11, 2018 at 8:28 pm
SHARE

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ സംസ്ഥാനം വിറങ്ങലിച്ച് നില്‍ക്കവേ വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന പ്രസ്താവന നടത്തിയ ബിജെപി നേതാവ് ടിജി മോഹന്‍ദാസിന് ചുട്ട മറുപടിയുമായി എഴുത്തുകാരി എസ് ശാരദക്കുട്ടി. കൃഷ്ണഗാഥയിലെ ഖാണ്ഡവ ദാഹമെന്ന ഖണ്ഡത്തിലെ വരികള്‍ ഉദ്ധരിച്ചായിരുന്നു ശാരദക്കുട്ടിയുടെ മറുപടി.

ഉഗ്രവിഷസര്‍പ്പങ്ങള്‍ പോലും ആ സമയത്ത് വിഷം ചീറ്റാറില്ല മനുഷ്യാ. രക്ഷിക്കാനും രക്ഷപ്പെടാനും നോക്കുകയേയുള്ളു എന്ന് ശാരദക്കുട്ടി കൂട്ടിച്ചേര്‍ത്തു. പുസ്തകം വായിക്കാനും അവര്‍ മോഹന്‍ ദാസിനോട് ആവശ്യപ്പെട്ടു.

കുറെ ജിഹാദികള്‍ ബഹളം വെക്കുന്നതൊഴിച്ചാല്‍ ജനങ്ങള്‍ സംയമനത്തോടെ കാര്യങ്ങള്‍ നടത്തുന്നു. ഓരോ ഷട്ടര്‍ തുറക്കുമ്പോഴും ആര്‍പ്പുവിളിയോടെ ജലദേവതയെ സ്വീകരിക്കുന്നു. എല്ലാവര്‍ക്കും രക്ഷയായി സൈന്യവുമെത്തിയിരിക്കുന്നു. വന്‍കുഴപ്പം പ്രതീക്ഷിച്ച ജിഹാദികള്‍ നിരാശരായിരിക്കുന്നു എന്ന മോഹന്‍ദാസിന്റെ ട്വീറ്റ്.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…..

ടി. ജി. മോഹന്‍ ദാസ്,

താങ്കള്‍ കൃഷ്ണഗാഥ എന്നു കേട്ടിട്ടുണ്ടോ. ഹിന്ദുക്കളൊക്കെ പണ്ടേ വായിക്കുന്ന ഒരു പുസ്തകമാണ്. അതിലെ ഖാണ്ഡവ ദാഹമെന്ന ഖണ്ഡത്തില്‍ 200 > മത്തെ വരിയില്‍ ഒരു കാര്യം പറയുന്നുണ്ട്. തെരഞ്ഞു പിടിച്ചു വായിക്കുന്ന ശീലമുള്ളവരായതുകൊണ്ടാണ് കൃത്യമായി വരി പറഞ്ഞു തന്നത് . എടുത്തൊന്നു വായിക്കൂ..

‘സാമാന്യനായൊരു വൈരി വരുന്നേരം
വാമന്മാര്‍ തങ്ങളില്‍ ചേര്‍ന്നു ഞായം’ എന്നാണാ വരി. പൊതുവായ ഒരു ശത്രുവരുമ്പോള്‍ ഉള്ളിലുള്ളവര്‍ ചെറിയ വൈരമൊക്കെ മറന്ന് ഒന്നിക്കും. ഖാണ്ഡവ വനം കത്തിയെരിയുകയാണ്. ജീവജാലങ്ങള്‍ പരിഭ്രാന്തരായി പരക്കം പായുന്നു.
ഓടി വരുന്നൊരു വന്‍ തീയെക്കണ്ടിട്ട് പുലിയും മാന്‍കുട്ടിയും ആനയും സിംഹവും വൈരം മറന്നു കൈകോര്‍ക്കുന്നു. പശുക്കുട്ടികളെ പുലികള്‍ ചേര്‍ത്തു പിടിക്കുന്നു. തീയെ ചെറുക്കുവാന്‍ സര്‍പ്പങ്ങള്‍ തങ്ങളുടെ പത്തി വിടര്‍ത്തുന്നതിനടുത്ത് തൊട്ടടുത്തു തന്നെ നിന്ന് മയിലുകള്‍ പീലി വിടര്‍ത്തി പ്രകൃതിദുരന്തത്തെ ചെറുക്കുന്നുണ്ട്.

ഉഗ്രവിഷസര്‍പ്പങ്ങള്‍ പോലും ആ സമയത്ത് വിഷം ചീറ്റാറില്ല മനുഷ്യാ. രക്ഷിക്കാനും രക്ഷപ്പെടാനും നോക്കുകയേയുള്ളു. അവരുടേത് പാഴ്ജന്മങ്ങളല്ല.

ജന്തു നിയമം പോലും അതാണെന്ന് ഞങ്ങളൊക്കെ പഠിച്ചിട്ടുണ്ട്. മഴ അന്തകപ്പെയ്ത്തു പെയ്യുമ്പോള്‍ ആ പ്രകൃതി നിയമമൊക്കെ ഓര്‍ത്തിട്ടാണ്, അതു കൊണ്ട് മാത്രമാണ്, മിസ്റ്റര്‍ ടി ജി മോഹന്‍ദാസ് നിങ്ങളോട് ക്ഷമിക്കുന്നത്. കരദേവതമാരായതുകൊണ്ടല്ല. തക്ക ഭാഷ പറയാന്‍ അറിയാഞ്ഞിട്ടുമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here