യു എ ഇ യില്‍ പൊതു മാപ്പ് തുടരുമ്പോള്‍

Posted on: August 11, 2018 3:24 pm | Last updated: August 11, 2018 at 3:24 pm
SHARE

യു എ ഇ യില്‍ പൊതു മാപ്പ് തുടരുകയാണ്. ആയിരക്കണക്കിനാളുകളാണ് താമസ കുടിയേറ്റ വകുപ്പിന്റെ പൊതു മാപ്പ് കേന്ദ്രങ്ങളില്‍ എത്തി ‘പദവി ‘ശരിയാക്കുന്നത്. ദുബൈയിലും അബുദാബിയിലും ആദ്യ പത്തു ദിവസത്തിനകം 30000 ഓളം ആളുകള്‍ പൊതു മാപ്പ് തേടി എത്തി എന്നാണ് വിവരം. ഷാര്‍ജ, അജ്മാന്‍ തുടങ്ങി മറ്റ് വടക്കന്‍ എമിറേറ്റുകളില്‍ ഇത്ര തന്നെ അനധികൃത താമസക്കാര്‍, രക്ഷപ്പെടാന്‍ വഴി തേടിയിരിക്കും. പിഴ ഇനത്തില്‍ കോടിക്കണക്കിനു ദിര്‍ഹം യു എ ഇ ഭരണകൂടം വേണ്ടെന്നു വെക്കുകയാണ്. തൊഴില്‍ ലഭിക്കാന്‍ സാധ്യതയുള്ള ആളുകള്‍ക്ക് ആറു മാസ വിസ നല്‍കുന്നു. യുദ്ധമോ പ്രകൃതി ദുരന്തമോ നേരിടുന്ന പ്രദേശത്തു നിന്നുള്ളവര്‍ക്ക് ഒരു വര്‍ഷം യു എ ഇ യില്‍ തുടരാന്‍ അനുമതി നല്‍കുന്നു. ഒരു ഭരണകൂടം ഇതില്‍പരം, എന്ത് ഔദാര്യമാണ് കാണിക്കേണ്ടത് ?
ഏതൊക്കെ തരത്തില്‍ മനുഷ്യര്‍ നിസ്സഹായരും അന്തര്‍മുഖരും ആയിപ്പോയെന്ന് പൊതു മാപ്പ് കാണിച്ചു തന്നു.

അബുദാബിയില്‍ പത്തു വയസ്സുകാരി വര്‍ഷങ്ങളായി വീടിനു പുറത്തിറങ്ങാറില്ല. അനധികൃത താമസക്കാരിയാണ്. മാതാപിതാക്കള്‍ സാമ്പത്തികമായി തകര്‍ന്നതിനാല്‍ വിസ പുതുക്കാന്‍ കഴിഞ്ഞില്ല. ചെക്ക് കേസില്‍ മാതാവ് ജയിലില്‍. ഈ സ്ത്രീയുടെ ആദ്യ വിവാഹത്തിലെ കുട്ടി നാട്ടില്‍ ബന്ധുക്കളുടെ സംരക്ഷണയില്‍. പത്തു വയസ്സുകാരി രണ്ടാം ക്ലാസില്‍ പഠനം നിര്‍ത്തി. വിസ പുതുക്കാത്തതിനാല്‍, പിതാവും അനധികൃത താമസക്കാരന്‍ തന്നെ. ചെക്ക് കേസില്‍ പെട്ട് ഏതാനും മാസങ്ങള്‍ ജയിലില്‍ ആയിരുന്നു. പെണ്‍കുട്ടിയെ പൊതുമാപ്പ് വഴി നാട്ടിലേക്ക് അയക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ജനിച്ച നാള്‍ തൊട്ടു അനധികൃത താമസക്കാരായ എത്ര പേരാണുള്ളത്. ഫുജൈറയില്‍ ഒരു യമനിയുടെ കഥ ആരുടേയും ഉള്ളുരുക്കും. യമന്‍ പൗരന് പാകിസ്ഥാനി ഭാര്യയില്‍ ജനിച്ച 24 കാരന് യാതൊരു രേഖയുമില്ല. യുവാവിന് നാല് വയസ്സുള്ളപ്പോള്‍ മാതാവ് വിവാഹ മോചനം നേടി പാകിസ്ഥാനിലേക്ക് പോയി. യമനിയായ പിതാവിന് വേറെ ഭാര്യ ഉണ്ട്. മക്കളുമുണ്ട്. ഏതാനും വര്‍ഷം മുമ്പ് ഇവരെയൊക്കെ ഇട്ടെറിഞ്ഞു പിതാവ് യമനിലേക്ക്. ഈ കൗമാരക്കാരന്‍ ഒറ്റപ്പെട്ടു. അര്‍ദ്ധ സഹോദരന്റെ തണലില്‍ ആയി ജീവിതം. ജനന സാക്ഷ്യപത്രമില്ല. പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറം പോയിട്ടില്ല. വീടില്ല, നാടില്ല.

അനധികൃത താമസക്കാരനായതിന്റെ പിഴ എട്ടു ലക്ഷത്തിലധികം ദിര്‍ഹം. ഭരണകൂടം അത് ഒഴിവാക്കികൊടുത്തു. യമനില്‍ ഹൂത്തി കലാപമായതിനാല്‍ ഒരു വര്‍ഷം കൂടി യു എ ഇ യില്‍ തുടരാന്‍ വിസ അനുവദിച്ചു. താത്കാലിക ആശ്വാസമായി. ഇങ്ങനെ എത്ര ആളുകള്‍.
ഇതിനിടയില്‍, പൊതു മാപ്പ് നടപടിക്രമങ്ങള്‍ സംബന്ധിച്ച് പലര്‍ക്കും ആശയക്കുഴപ്പം. യാതൊരു രേഖയും ഇല്ലാത്തവര്‍, പാസ്‌പോര്‍ട്ട് ഉണ്ടെങ്കിലും വിസ കാലാവധി തീര്‍ന്നവര്‍, സ്പോണ്‍സറുടെ കീഴില്‍ നിന്ന് കടന്നു കളഞ്ഞവര്‍ എന്നിങ്ങനെ പല തരക്കാരാണ്. യാതൊരു രേഖയും ഇല്ലാത്തവര്‍, സാക്ഷ്യപ്പെടുത്തിയ നാട്ടിലെ താമസ രേഖ വരുത്തി, നയതന്ത്ര കാര്യാലയത്തില്‍ നിന്നോ കോണ്‍സുലാര്‍ സേവന ഏജന്‍സിയില്‍ നിന്നോ ഔട്പാസ് സംഘടിപ്പിക്കണം. അതും, വിമാന ടിക്കറ്റുമായി പൊതുമാപ്പ് കേന്ദ്രത്തില്‍ എത്തണം. യു എ ഇ യില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവരും ആദ്യം സമീപിക്കേണ്ടത് നയതന്ത്ര കാര്യാലയത്തിലാണ്. യു എ ഇ താമസ കുടിയേറ്റ വകുപ്പ് അവിടെ പാസ്‌പോര്‍ട് എത്തിച്ചിരിക്കാം. പാസ്‌പോര്‍ട്ട് പകര്‍പ്പുണ്ടെങ്കില്‍ പോലീസ് രേഖ സംഘടിപ്പിക്കാം. വിസ കാലാവധി തീര്‍ന്നവര്‍ക്ക് അമര്‍, തസ് ഹീല്‍ സെന്ററുകളെ ആശ്രയിക്കാം. താത്കാലിക വിസ ലഭ്യമാക്കാം. മുമ്പ്, യു എ ഇ വിട്ടു പോകുമ്പോള്‍ തിരിച്ചു വരാന്‍ പ്രവേശ നിരോധം നേരിട്ടവര്‍ക്കു പൊതു മാപ്പ് പ്രയോജനപ്പെടുമോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു.

തത്കാലം സാധിക്കില്ല എന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. ഒരു സാധ്യതയുള്ളത്, പ്രവേശ നിരോധം എടുത്തു കളയാന്‍ അപേക്ഷ നല്‍കാമെന്നതാണ്. അതാത് രാജ്യങ്ങളിലെ യു എ ഇ നയതന്ത്ര കാര്യാലയത്തില്‍ ആണ് അപേക്ഷ നല്‍കേണ്ടത്. കേരളത്തിലുള്ളവര്‍ക്ക് തിരുവനന്തപുരത്തെ യു എ ഇ കോണ്‍സുലേറ്റിനെ ആശ്രയിക്കാം. പ്രവേശ നിരോധം നിലനില്‍ക്കുന്നുണ്ടോ എന്ന് യു എ ഇ താമസ കുടിയേറ്റ വകുപ്പ് പരിശോധിക്കും.
പ്രവേശ നിരോധം നേരിട്ടവര്‍ എല്ലാവരും കുറ്റവാളികള്‍ എന്ന നിലപാടല്ല യു എ ഇ ഭരണകൂടത്തിനുള്ളത്. അത് കൊണ്ട് തന്നെ ഒരു ശ്രമം നടത്തുന്നത് തെറ്റല്ല. പാസ്‌പോര്‍ടുള്ളവര്‍, വിസ സംഘടിപ്പിച്ച് യു എ ഇയില്‍ തുടരാന്‍ ആഗ്രഹിക്കുന്നു. ആറ്മാസ വിസക്ക് ആവശ്യക്കാര്‍ ഏറെ. ഇന്നത്തെ സാമൂഹിക, സാമ്പത്തിക സാഹചര്യത്തില്‍ നാട്ടില്‍പോയിട്ടെന്ത്?.

LEAVE A REPLY

Please enter your comment!
Please enter your name here