പാര്‍ക്കിംഗ് ടിക്കറ്റ് വ്യാജമായി നിര്‍മിച്ചയാള്‍ക്ക് തടവ് ശിക്ഷ; നാട് കടത്തലും

Posted on: August 11, 2018 3:17 pm | Last updated: August 11, 2018 at 3:17 pm

ദുബൈ: ദുബൈ നഗരത്തില്‍ സൗജന്യ പാര്‍ക്കിംഗ് ചെയ്യുന്നതിന് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റിയുടെ പാര്‍ക്കിംഗ് ടിക്കറ്റ് ഫോട്ടോഷോപ്പിലൂടെ കൃത്രിമമായി നിര്‍മിച്ചെടുത്തയാള്‍ക്ക് ജയില്‍ ശിക്ഷ. മൂന്ന് മാസത്തേക്കാണ് ജയില്‍ വാസം അനുഭവിക്കേണ്ടത്. ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍ പ്രതിയെ നാട് കടത്തണമെന്നും കോടതി വിധിയിലുണ്ട്.

കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. കറാമയിലെ ഒരു പാര്‍ക്കിംഗ് കേന്ദ്രത്തില്‍ വാഹനം പാര്‍ക് ചെയ്യുന്നതിന് വേണ്ടി ടിക്കറ്റ് കൃത്രിമമായി നിര്‍മിച്ചെടുത്ത് വാഹനത്തില്‍ പ്രദര്‍ശിപ്പിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു. ഈ ഭാഗത്തു ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍ ടി എ പരിശോധനാ ഉദ്യോഗസ്ഥനാണ് ടിക്കറ്റ് വ്യാജമെന്ന് തിരിച്ചറിഞ്ഞത്. ഉടനെ ഉദ്യോഗസ്ഥന്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി വാഹനമുടമയെ തിരിച്ചറിയുകയും 25 കാരനായ ഇന്ത്യന്‍ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കഴിഞ്ഞ ദിവസമാണ് ദുബൈ പ്രാഥമിക കോടതി ജഡ്ജ് ഉര്‍ഫാന്‍ ഉമര്‍ മൂന്നു മാസത്തെ താത്കാലിക തടവ് ശിക്ഷക്ക് ഉത്തരവിട്ടത്. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതിയെ നാടുകടത്താനും ഉത്തരവിലുണ്ട്.

അഡോബ് ഫോട്ടോഷോപ്പിന്റെ സഹായത്തില്‍ ഗ്രാഫിക് ഡിസൈന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പ്രതി വ്യാജ ടിക്കറ്റ് നിര്‍മിച്ചെടുക്കുകയായിരുന്നു എന്നാണ് കേസ്.