Connect with us

Gulf

പെരുന്നാള്‍, ബലി മൃഗങ്ങള്‍ എത്തി തുടങ്ങി

Published

|

Last Updated

അബുദാബി: ബലി പെരുന്നാളിന് ബലി നല്‍കാനുള്ള മൃഗങ്ങള്‍ അബുദാബി കന്നുകാലി ചന്തയില്‍ എത്തിത്തുടങ്ങി. ഇന്ത്യ, പാക്കിസ്ഥാന്‍, ഓസ്ട്രേലിയ, സുഡാന്‍, തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് മൂന്നര ലക്ഷത്തിലധികം കന്നുകാലികളാണ് ഇറക്കുമതി ചെയ്യുന്നത്. ഇതിന് മുമ്പായി ഏഴു ലക്ഷത്തോളം ബലി മൃഗങ്ങളുടെ ശേഖരം ഉറപ്പാക്കുമെന്നും യു എ ഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. പെരുന്നാള്‍ ദിനത്തിലും തുടര്‍ന്നുള്ള മൂന്നു ദിവസങ്ങളിലുമാണ് വിശ്വാസി സമൂഹം ബലി കര്‍മം നടത്തുക. ഈ സമയത്താണ് ഏറ്റവുമധികം മൃഗങ്ങളുടെ ആവശ്യകതയും വിലയും ക്രമാതീതമായി രാജ്യത്ത് വര്‍ധിക്കുന്നത്.

ബലിക്ക് ആവശ്യമായ മൃഗങ്ങളുടെ ശേഖരം അബുദാബിയിലെ എല്ലാ കന്നുകാലി മാര്‍ക്കറ്റുകളില്‍ ഉറപ്പാക്കുമെന്ന് അബുദാബി നഗരസഭ അറിയിച്ചു. കര്‍ശനമായ വില നിയന്ത്രണം ഏര്‍പെടുത്തുമെന്ന് സാമ്പത്തിക മന്ത്രാലയം ഉപഭോക്തൃ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ ഹാഷിം അല്‍ നുഐമി വ്യക്തമാക്കി. ഇടപാടുകാരെ ചൂഷണം ചെയ്യാതിരിക്കാന്‍ വേണ്ട മുന്‍ കരുതലുകള്‍ക്കൊപ്പം ഉദ്യോഗസ്ഥര്‍ എല്ലാ മാര്‍ക്കറ്റുകളിലും തുടര്‍ച്ചയായി പരിശോധന നടത്തും. ന്യായമായ വിലയില്‍ മൃഗങ്ങളെ വാങ്ങിക്കാന്‍ പൊതു ജനങ്ങല്‍ക്കാവുമെന്നും അദ്ദേഹം അറിയിച്ചു. കടുത്ത വേനല്‍ ചൂടില്‍ മൃഗങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതോടൊപ്പം അവക്കുള്ള ആഹാരവും വെള്ളവും തണല്‍ സൗകര്യവും കച്ചവടക്കാര്‍ ഉറപ്പാക്കണമെന്നും മുനിസിപ്പല്‍ അധികൃതര്‍ ഓര്‍മിപ്പിച്ചു. ഇടപാടുകാര്‍ക്ക് തടസമുണ്ടാവുന്ന സാഹചര്യങ്ങളൊന്നും മാര്‍ക്കറ്റില്‍ ഉണ്ടാവരുത്.

450 മുതല്‍ 3000 ദിര്‍ഹം വരെയാണ് ബലി മൃഗങ്ങളുടെ വില അധികൃതര്‍ നിശ്ചയിച്ചിരിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന രാജ്യം, മൃഗത്തിന്റെ വലിപ്പം, പ്രായം, മൃഗത്തില്‍ നിന്നു ലഭിക്കാവുന്ന ശരാശരി ഇറച്ചിയൂടെ തൂക്കം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ വില വ്യത്യാസപ്പെടും. വില കര്‍ശനമായി നിയന്ത്രിക്കുമെന്നും ഉപഭോക്താക്കളെ കബളിപ്പിക്കാനുള്ള സാഹചര്യങ്ങള്‍ തടയും. ലൈസന്‍സില്ലാത്ത കന്നുകാലി മാര്‍ക്കറ്റുകളിലും വാഹനങ്ങളിലും മൃഗങ്ങളെ കൊണ്ടുവന്ന് യാതൊരു കാരണവശാലും വില്‍പന നടത്തരുത്. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം 5,000 ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ചില മേഖലയില്‍ നിന്നുള്ള മൃഗങ്ങളുടെ ഇറക്കുമതി യു എ ഇയില്‍ നിരോധിച്ചിട്ടുള്ളതിനാല്‍ മാര്‍ക്കറ്റില്‍ ലഭ്യത ഉറപ്പാക്കാന്‍ വേണ്ട എല്ലാ ശ്രമങ്ങളും അധികൃതര്‍ ഉറപ്പാക്കുന്നുണ്ട്.