Connect with us

Kerala

മുഖ്യമന്ത്രി വയനാട് മുണ്ടേരിയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു; പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമെന്ന് ഉറപ്പ്

Published

|

Last Updated

കല്‍പ്പറ്റ: പ്രളയദുരിതം നേരിട്ട് കാണാനായി വയനാട്ടിലെത്തിയ മുഖ്യമന്ത്രിയും സംഘവും മുണ്ടേരിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി. ക്യാമ്പില്‍ കഴിയുന്നവരുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയും സംഘവും ചോദിച്ചറിഞ്ഞു. കുട്ടികളുടെ പുസ്തകങ്ങളടക്കം മഴയില്‍ നഷ്ടമായത് ക്യാമ്പംഗങ്ങള്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. പേടിക്കേണ്ടെന്നും പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമെന്നും മുഖ്യമന്ത്രി ഇവര്‍ക്ക് ഉറപ്പ് നല്‍കി.

നിരവധിപേരാണ് പലവിധ ആവലാതികളുമായി മുഖ്യമന്ത്രിക്ക് മുന്നിലെത്തിയത്. തകര്‍ന്ന വീടുകളും മറ്റും നേരിട്ട് സന്ദര്‍ശിക്കണമെന്നും പലരും ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഇതിന് ശേഷം മുഖ്യമന്ത്രിയും സംഘവും കലക്ടറേറ്റിലേക്ക് പുറപ്പെട്ടു. കലക്ടറേറ്റില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തല്‍ കെടുതികളും നാശനഷ്ടങ്ങളും മുഖ്യമന്ത്രിയും സംഘവും വിലയിരുത്തും.

മുഖ്യമന്ത്രിക്ക് പുറമെ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസ് , ഡിജിപി ലോക്‌നാഥ് ബെഹ്‌റ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പതിനൊന്ന് മണിയോടെ ഹെലികോപ്റ്ററിലെത്തിയ സംഘം വാഹനത്തിലാണ് ജില്ലയിലെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പായ മുണ്ടേരിയിലെ ക്യാമ്പിലെത്തിയത്. പത്ത് മിനുട്ടോളം സംഘം ഇവിടെ ചിലവഴിച്ചു.

Latest