Connect with us

Kerala

ദുരിതബാധിത പ്രദേശങ്ങളില്‍ മുഖ്യമന്ത്രി ഇന്ന് വ്യോമ നിരീക്ഷണം നടത്തും

Published

|

Last Updated

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് പ്രളയദുരിതം നേരിടുന്ന പ്രദേശങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഹെലികോപ്റ്ററില്‍ വ്യോമനിരീക്ഷണം നടത്തും. മന്ത്രി ഇ ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്‌നാഥ് ബഹ്‌റ തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും.

രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന സംഘം എട്ടരയോടെ കട്ടപ്പനയിലെത്തും. ഇടുക്കിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം വയനാട്ടിലേക്ക് പോകും. സുല്‍ത്താന്‍ ബത്തേരിയില്‍ ഇറങ്ങുന്ന മുഖ്യമന്ത്രി ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. പിന്നീട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലും മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ നിരീക്ഷണം നടത്തും. ഉച്ചയോടെ മുഖ്യമന്ത്രിയും സംഘവും എറണാകുളത്ത് എത്തും. ബലിതര്‍പ്പണം നടക്കുന്ന ആലുവയിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും.

സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങള്‍ നേരില്‍ കാണാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് നാളെ കേരളത്തിലെത്തുന്നുണ്ട്. കേന്ദ്ര മന്ത്രി ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും ഒപ്പമുണ്ടാകും. കൊച്ചിയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് ഇരുവരും സ്ഥിതിഗതികള്‍ വിലയിരുത്തും. അല്‍ എകെ ആന്റണിയുടെ നേതൃത്വത്തില്‍ എംപിമാര്‍ അടങ്ങിയ സര്‍വകക്ഷി സംഘം ഇന്നലെ മന്ത്രിയെ നേരില്‍ കണ്ട് സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തിയിരുന്നു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംഘം ആവശ്യപ്പെട്ടു. ചര്‍ച്ചക്ക് പിന്നാലെ ആഭ്യന്തര മന്ത്രി കേരളത്തില്‍ നേരിട്ടെത്തുമെന്ന് അറിയിക്കുകയായിരുന്നു. എറണാകുളം ഗസ്റ്റ് ഹൗസില്‍ രാജ്‌നാഥ് സിംഗ് മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും.