ഏഷ്യന്‍ ഗെയിംസ്: നീരജ് നയിക്കും

> ഏഷ്യന്‍ ഗെയിംസ് 18 മുതല്‍ സെപ്തംബര്‍ രണ്ട് വരെ > ഇന്ത്യന്‍ സ്‌ക്വാഡില്‍ എണ്ണൂറിലേറെ പേര്‍ 572 അത്‌ലറ്റുകള്‍ > മെഡല്‍ പ്രതീക്ഷയില്‍ ഷൂട്ടിംഗ് താരങ്ങള്‍
Posted on: August 11, 2018 12:37 am | Last updated: August 11, 2018 at 12:37 am
SHARE

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ ത്രിവര്‍ണ പതാകയേന്തുക സൂപ്പര്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ പതിനെട്ടിനാണ് ഏഷ്യാഡ് ആരംഭിക്കുന്നത്. ഇന്ത്യന്‍ സംഘത്തിനുള്ള യാത്രയയപ്പ് ചടങ്ങില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ ഒ എ) പ്രസിഡന്റ് നരീന്ദര്‍ ബത്രയാണ് നീരജ് ചോപ്ര മാര്‍ച്പാസ്റ്റില്‍ ഇന്ത്യയെ നയിക്കുമെന്ന് അറിയിച്ചത്. സെപ്തംബര്‍ രണ്ട് വരെ നടക്കുന്ന ഗെയിംസ് ജക്കാര്‍ത്തയിലും പാലെംബാംഗ് നഗരത്തിലുമായാണ് നടക്കുക.
ഇരുപത് വയസുള്ള നീരജ് ചോപ്ര കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യനാണ്. കഴിഞ്ഞ മാസം ഫിന്‍ലന്‍ഡില്‍ നടന്ന സാവോ ഗെയിംസില്‍ സ്വര്‍ണം നേടിയിരുന്നു.
2017 ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 85.23 മീറ്റര്‍ കണ്ടെത്തിയാണ് നീരജ് ചാമ്പ്യനായത്. 2016 ഐ എ എ എഫ് ലോക അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പിലും നീരജ് സ്വര്‍ണമണിഞ്ഞു.

നാല് വര്‍ഷം മുമ്പ് ദക്ഷിണകൊറിയയിലെ ഇഞ്ചോണില്‍ നടന്ന ഏഷ്യാഡില്‍ ഇന്ത്യന്‍ പതാക വാഹകനായത് ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗായിരുന്നു. 57 മെഡലുകളായിരുന്നു ഇഞ്ചോണില്‍ ഇന്ത്യ നേടിയത്. പതിനൊന്ന് സ്വര്‍ണം, പത്ത് വെള്ളി, 36 വെങ്കലം എന്നിങ്ങനെയാണ് മെഡല്‍ നേട്ടം.
ഏഷ്യാഡില്‍ ഇന്ത്യയുടെ ഗോള്‍ഡന്‍ ബോയ് ഇമേജ് ഇതിനകം പതിനഞ്ച് വയസുള്ള ഷൂട്ടിംഗ് താരം അനീഷ് ബന്‍വാല സ്വന്തമാക്കി. ഏപ്രിലില്‍ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം വെടിവെച്ചിട്ടാണ് ഈ സ്‌കൂള്‍ ബോയ് ശ്രദ്ധയാകര്‍ഷിച്ചത്. 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ മീറ്റ് റെക്കോര്‍ഡോടെയായിരുന്നു അനീഷ് ബന്‍വാലയുടെ സ്വര്‍ണ നേട്ടം.
ഐ എസ് എസ് എഫ് ജൂനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍, കോമണ്‍വെല്‍ത്ത് ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ്, ഐ എസ് എസ് എഫ് ജൂനിയര്‍ ലോകകപ്പ് എന്നിവയിലും ജേതാവായി അനീഷ്.

മധ്യവര്‍ഗ കുടുംബത്തില്‍ ജനിച്ച അനീഷിന് കായികപാരമ്പര്യം ഇല്ല. സ്‌കൂളില്‍ പെന്റാത്‌ലണില്‍ പങ്കെടുത്തപ്പോഴാണ് ഷൂട്ടിംഗിനോട് പ്രിയം തോന്നിയത്. മകന്റെ ആഗ്രഹം അറിഞ്ഞപ്പോള്‍ പിതാവ് പഴയൊരു പിസ്റ്റള്‍ വാങ്ങിച്ചു നില്‍കി. അവിടെ നിന്നാണ് അനീഷ് കരിയര്‍ ആരംഭിച്ചത്. 2014 ല്‍ ഹരിയാനയില്‍ നിന്ന് ഡല്‍ഹിയിലേക്ക് താമസം മാറിയ അനീഷ് പ്രൊഫഷണല്‍ സൗകര്യങ്ങള്‍ ഉപയോഗിച്ച് ലോകതാരമാകാന്‍ തയ്യാറെടുത്തു.ഷൂട്ടിംഗില്‍ ഏറെ മെഡലുകള്‍ ലക്ഷ്യമിടുന്ന ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷ ഹോക്കിയിലാണ്. വനിതാ ഹോക്കി ടീം 2002 കോമണ്‍വെല്‍ത്ത് ഗെയിംസിന് ശേഷം മേജര്‍ ടൂര്‍ണമെന്റുകള്‍ ജയിച്ചിട്ടില്ല. റാണി രാംപാലിന്റെ നേതൃത്വത്തിലുള്ള ഹോക്കി ടീം ഇത്തവണ ചരിത്രം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യം.
2016 റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ വനിതാ ടീം യോഗ്യത നേടിയത് റാണിയുടെ നേതൃത്വത്തിലായിരുന്നു. മുപ്പത്താറ് വര്‍ഷത്തിന് ശേഷമായിരുന്നു വനിതാ ടീം ഒളിമ്പിക് ഹോക്കിക്ക് യോഗ്യത നേടിയത്.

ഏഷ്യാഡില്‍ സ്വര്‍ണം നേടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍, ഇന്തോനേഷ്യയില്‍ ജേതാവായാല്‍ ഞങ്ങള്‍ക്ക് 2020 ടോക്യോ ഒളിമ്പിക്‌സിന് നേരിട്ട് എന്‍ട്രി ഉറപ്പിക്കാം. ഒളിമ്പിക് ലക്ഷ്യമിട്ട് വേണം ഏഷ്യാഡില്‍ കളിക്കാന്‍ – റാണി രാംപാല്‍ പറഞ്ഞു.
ഗുസ്തിയില്‍ സാക്ഷിമാലിക്കും ബജ്രംഗ് പുനിയ എന്നിവര്‍ മത്സരിക്കുന്നു. റിയോ ഒളിമ്പിക്‌സില്‍ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വെങ്കലം നേടിയ താരമാണ്‌സാക്ഷി മാലിക്. അതിന് ശേഷം സാക്ഷിക്ക് വാര്‍ത്തകളില്‍ ഇടം നേടാനായിട്ടില്ല. ഏഷ്യാഡില്‍ മികച്ച പ്രകടനംലക്ഷ്യമിടുന്നു. എന്നാല്‍, നാല് വര്‍ഷം മുമ്പ് ഏഷ്യാഡ് വെള്ളി നേടിയ പുനിയ സ്വര്‍ണം പ്രതീക്ഷിച്ചാണ് ഗോദയിലെത്തുക.
ഏഷ്യാഡില്‍ ബാഡ്മിന്റണ്‍ അരങ്ങേറിയത് 1962 ല്‍ ജക്കാര്‍ത്ത ഗെയിംസിലാണ്. അതേ വേദിയില്‍, ബാഡ്മിന്റണില്‍ പുതിയ ഉയരങ്ങള്‍ താണ്ടുകയാണ് ഇന്ത്യന്‍ താരങ്ങളുടെ ലക്ഷ്യം. പി വി സിന്ധുവും സൈനയും കെ ശ്രീകാന്തും സാത്വിക് സായ് രാജും അശ്വിനിയും ഉള്‍പ്പെടുന്ന ബാഡ്മിന്റണ്‍ സ്‌ക്വാഡ് ലോകനിലവാരത്തിലുള്ളതാണ്.

ഏഷ്യാഡ് തുഴച്ചിലില്‍ ഇന്ത്യയുടെ യശസ് ഉയര്‍ത്താനുള്ള കഠിനാധ്വാനത്തിലാണ് ദത്തും ബാബന്‍ ബൊക്കാനലും സാവന്‍സിംഗും. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായാണ് ഞങ്ങള്‍ പരിശീലനം നടത്തുന്നത് എന്ന് ബൊക്കാനല്‍ പറയുന്നു. എന്താണ് ആ വ്യത്യാസം എന്ന് ചോദിച്ചാല്‍ അദ്ദേഹം പറയും. ഞങ്ങള്‍ സ്വര്‍ണം നേടാനുള്ള പരിശീലനമാണ് നടത്തുന്നത്. അത് നേടുക തന്നെ ചെയ്യും -ആത്മവിശ്വാസത്തിന്റെ വഞ്ചിയിലാണ് ബൊക്കാനല്‍ എന്ന് ഉറപ്പിക്കാം.

പൂനെയിലെ ആര്‍മി റോവിംഗ് നോഡിലാണ് തുഴച്ചില്‍ സംഘം പരിശീലനം നടത്തുന്നത്.
2015 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ബൊക്കാനല്‍ വെള്ളി മെഡല്‍ നേടിയിരുന്നു. ഒരു വര്‍ഷത്തിന് ശേഷം റിയോ ഒളിമ്പിക്‌സില്‍ പ്രതീക്ഷ തെറ്റിച്ച് പതിമൂന്നാം സ്ഥാനത്തായി. എന്നാല്‍, 2014 ഏഷ്യാഡിന് ശേഷം തന്റെ പ്രകടനം മെച്ചപ്പെട്ടതായി ബൊക്കാനല്‍ വിലയിരുത്തുന്നു. മികച്ച സമയത്ത് ഫിനിഷിംഗ് ചെയ്യാന്‍ സാധിക്കുമെന്ന് താരം പറയുന്നു. ഓരോ ചാമ്പ്യന്‍ഷിപ്പ് കഴിയുമ്പോഴും ഏഴ്,എട്ട്,ഒമ്പത് സെക്കന്‍ഡ്‌സിന്റെ പുരോഗതിയുണ്ട്. മികച്ച ശാരീരിക ക്ഷമത നേടിയത് പ്രകടനത്തെ മെച്ചപ്പെടുത്തിയെന്നും ബൊക്കാനല്‍.
ചൈന, ജപ്പാന്‍, ഇറാന്‍ താരങ്ങളില്‍ നിന്നാണ് വെല്ലുവിളി പ്രതീക്ഷിക്കുന്നത്. എന്നാല്‍, കോച്ച് ഇസ്മയില്‍ ബെയ്ഗ് എതിരാളികളുടെ ഫിനിഷിംഗ് ടൈം മുന്‍നിര്‍ത്തിക്കൊണ്ടുള്ള കോച്ചിംഗാണ് നല്‍കിയിരിക്കുന്നത്.
വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത കാലാവസ്ഥകളില്‍ നമ്മുടെ എതിരാളികള്‍ കണ്ടെത്തിയ സമയം പരിശോധിച്ചു കൊണ്ടുള്ള തയ്യാറെടുപ്പ്. സ്വര്‍ണം നേടാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം കോച്ചിനുണ്ട്. ഇത് ഞങ്ങള്‍ക്ക് നല്‍കുന്ന പ്രചോദനം ചെറുതല്ല – ബൊക്കാനല്‍ പറയുന്നു. ഇന്ത്യയുടെ തുഴച്ചില്‍ ടീമില്‍ 41 പേരാണുള്ളത്. 27 പുരുഷന്‍മാരും ഏഴ് വനിതകളും അഞ്ച് പരിശീലകരും ഓരോ മാനേജരും ഫിസിയോയും. പതിമൂന്നിനോ പതിനാലിനോ തുഴച്ചില്‍ ടീം ജക്കാര്‍ത്തയിലേക്ക് യാത്ര തിരിക്കും.
സാവന്‍ സിംഗ് 2014 ഏഷ്യാഡില്‍ വെങ്കലം നേടി. ഇത്തവണ കടുത്ത പുറം വേദനയെ തോല്‍പ്പിച്ചാണ് വരുന്നത്. മൂന്ന് മാസം മുമ്പ് ടൈഫോയ്ഡ് ബാധിച്ച് കിടപ്പിലായിരുന്നു സാവന്‍ സിംഗ്. പക്ഷേ, അത്ഭുതപ്രകടനം പ്രതീക്ഷിക്കാമെന്ന് താരം പറയുന്നു.

രണ്ടരവര്‍ഷത്തോളം പരുക്ക് കാരണം വിട്ടു നിന്നു. അപ്പോള്‍, ഫെഡറേഷനാണ് പിന്തുണച്ചത്. ഇപ്പോള്‍, തിരിച്ചുവരവൊരുക്കിയതും അവര്‍ തന്നെ. ഏഷ്യാഡില്‍ നാല് വര്‍ഷം മുമ്പ് വെങ്കലമായിരുന്നു, ഇത്തവണ ആ പതക്കത്തിന്റെ നിറമൊന്ന് മാറ്റണം-സാവന്‍ സിംഗ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here